പ്രവാസി ജനസംഖ്യ കോവിഡിനു മുമ്പുള്ള നിലയിൽ
text_fieldsമസ്കത്ത്: രാജ്യത്തെ പ്രവാസി ജനസംഖ്യ പകർച്ചവ്യാധിക്കു മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തി വീണ്ടും 20 ലക്ഷം കടന്നു. 2019ൽ മൊത്തം പ്രവാസി ജനസംഖ്യ 19.63 ലക്ഷം ആയിരുന്നു. 2018ൽ 20.02 ലക്ഷവും. കോവിഡിനെ തുടർന്ന് 2020 അവസാനത്തോടെ ഇത് 17.45 ലക്ഷമായി കുറഞ്ഞു.
17 ശതമാനം ഉയർച്ച
ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്റെ പുതിയ കണക്ക് പ്രകാരം ഈ വർഷം ഒക്ടോബർ വരെയുള്ള പ്രവാസി ജനസംഖ്യ 20.19 ലക്ഷമാണ്. 2021ലെ 17.23 ലക്ഷം എന്ന കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 17 ശതമാനം (2.96 ലക്ഷം) ഉയർന്നു.2019 അവസാനത്തോടെ 17.12 ലക്ഷം പ്രവാസി തൊഴിലാളികളായിരുന്നു വിവിധ മേഖലകളിൽ തൊഴിൽ ചെയ്തത്. 2020ൽ ഇത് 14.43 ലക്ഷവും 2021ൽ 14.09 ലക്ഷമായും കുറഞ്ഞു. 2021ഉമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം പ്രവാസി തൊഴിലാളികൾ 18 ശതമാനം വർധിച്ച് 16.62 ലക്ഷമായി.
പ്രവാസി മടക്കം
പ്രവാസി തൊഴിലാളികൾക്ക് മോശം വർഷമായിരുന്നു 2020. ആ വർഷം 2.69 ലക്ഷം ആളുകളാണ് രാജ്യം വിട്ടത്. 2021ൽ 33,655 പേരും പോയി .
രണ്ടു വർഷത്തിനിടെ ആകെ 3.03 ലക്ഷം പ്രവാസി തൊഴിലാളികളാണ് രാജ്യത്തുനിന്ന് പോയത്. 2021ൽ 11.31 ലക്ഷം ആളുകളായിരുന്നു സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്തത്. ഈ വർഷം ഒക്ടോബറിലിത് 13.46 ലക്ഷമായി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2.14 ലക്ഷം വർധനയുണ്ടായി.
ബംഗ്ലാദേശുകാരുടെ ആധിപത്യം
ഗാർഹിക, കുടുംബ മേഖലയിൽ ജോലിയെടുക്കുന്നവർ 51,034 വർധിച്ച് 2.90 ലക്ഷമായി. 2021ൽ ഇത് 2.39 ലക്ഷം ആയിരുന്നു. അതേസമയം, പൊതുമേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 12,570 കുറഞ്ഞ് 25,426 ആയി. 2021 അവസാനത്തോടെ ഇത് 37,996 ആയിരുന്നു. പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ ബംഗ്ലാദേശുകാരുടെ ആധിപത്യം തുടരുന്നു. അവരുടെ എണ്ണം 2021ലെ 5.31 ലക്ഷത്തിൽനിന്ന് ഈ വർഷം 1.02 ലക്ഷം വർധിച്ച് ഒക്ടോബറിൽ 6.33 ലക്ഷമായി. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ പ്രവാസി തൊഴിലാളികളുടെ എണ്ണം 5.24 ലക്ഷമാണ്. 2021ലെ 4.71 ലക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ 53,361 തൊഴിലാളികളുടെ വർധനയാണ് ഉണ്ടായത്. മൂന്നാം സ്ഥാനത്തുള്ള പാകിസ്താൻ തൊഴിലാളികളുടെ എണ്ണം 2.52 ലക്ഷമാണ്.
സാമ്പത്തിക ഉണർവ്
എണ്ണവില വർധന കാരണം രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ഉണർവ് ദൃശ്യമായി. ഇത് മിച്ചബജറ്റിലേക്ക് എത്തിച്ചു. സാമ്പത്തിക രംഗം ഉണർവ് വീണ്ടെടുത്തതോടെ മികച്ച തൊഴിലവസരവും തുറന്നു. രാജ്യത്തേക്കുള്ള തൊഴിൽ റിക്രൂട്ട്മെന്റുകളും ഉയർന്നു. 1.02 ലക്ഷം ബംഗ്ലാദേശി തൊഴിലാളികളും 53,000 ഇന്ത്യക്കാരും 58,000 പാകിസ്താനികളുമാണ് കഴിഞ്ഞ പത്തു മാസത്തിനുള്ളിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.