വീടും വസ്തുവും ബാങ്ക് ജപ്തി ചെയ്തു; പ്രവാസി ഒമാനിൽ ജീവനൊടുക്കി
text_fieldsമസ്കത്ത്/കൊല്ലം: ജാമ്യ വസ്തുവും വീടും കേരളബാങ്ക് ജപ്തി ചെയ്തതിൽ മനംനൊന്ത് പ്രവാസി മലയാളി ഒമാനിൽ ജീവനൊടുക്കി. ഓച്ചിറ ക്ലാപ്പന ചാണാപ്പള്ളി ലക്ഷം വീട് കോളനിയൽ താമസിക്കുന്ന കൊച്ചുതറയിൽ ചൈത്രത്തിൽ വിജയനെയാണ് (61) ഒമാനിലെ ഇബ്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നെന്ന് വിവരം ലഭിച്ചതായി ബന്ധുക്കൾ പറയുന്നു. ദലിത് വിഭാഗത്തിൽപ്പെട്ട വിജയൻ ഇബ്രിയില്‍ ഇലക്‌ട്രീഷ്യനായി ജോലി ചെയ്തുവരുകയായിരുന്നു. വീടുവെക്കുന്നതിനായി 2016ൽ വള്ളിക്കാവിലെ കേരള ബാങ്കിൽനിന്ന് ഏഴു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കുറച്ച് പണം തിരിച്ച് അടച്ചെങ്കിലും അതെല്ലാം പലിശയിൽ വരവ് വെച്ചു. വായ്പ കൃത്യമായി തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് ഇപ്പോൾ മുതലും പലിശയും അടക്കം 14,70,000 രൂപ അടയ്ക്കാനുണ്ടായിരുന്നു.
വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക്, 2022 നവംബർ 21ന് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് ബുധനാഴ്ച ബാങ്ക് അധികാരികൾ എത്തി വീടും 1.75 ആർ വസ്തുവും ജപ്തി ചെയ്തതിനുശേഷം ബോർഡ് സ്ഥാപിക്കുകയും ചെയ്തു. 30നകം കുടിശ്ശിക അടച്ച് തീർപ്പാക്കണമെന്നും ബാങ്ക് അധികാരികൾ അറിയിച്ചിരുന്നു. ഹൃദ്രോഗിയായ വിജയൻ ജപ്തി വിവരം അറിഞ്ഞതിനെ തുടർന്ന് ജീവൻ ഒടുക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ബുധനാഴ്ച രാവിലെ കോൺഗ്രസ് പ്രവർത്തകനായ ഷാജഹാൻ ബന്ധുക്കളുമായി സി.ആർ. മഹേഷ് എം.എൽ.എയെ സമീപിച്ചിരുന്നു. ബാങ്ക് അധികൃതരുമായി സംസാരിച്ച് പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയിരുന്നു. പിന്നീടാണ് മരണ വാർത്ത വീട്ടിലെത്തിയത്. സ്പോൺസറിൽനിന്ന് അനുവാദം വാങ്ങി കൂലിപ്പണി ചെയ്തു വരുകയായിരുന്നു. പിതാവ്: ശങ്കരൻ. മാതാവ്: ചെല്ലമ്മ. ഭാര്യ: മണി. മകൻ: വിജിൽ. മൃതദേഹം ഇബ്രിയിലെ ആശുപത്രി മോർച്ചറിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.