തെരഞ്ഞെടുപ്പ് വിജയാരവത്തിൽ പ്രവാസ ലോകവും
text_fieldsകെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്ന വിജയാഘോഷം
മസ്കത്ത്: രാജ്യം ഉറ്റുനോക്കിയ ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ ആവേശപൂർവം പങ്കെടുത്ത് പ്രവാസലോകവും. ചിലരൊക്കെ ലീവെടുത്തു ടെലിവിഷൻ സെറ്റുകൾക്കും മൊബൈലിനു മുന്നിലും ഇടം പിടിച്ചപ്പോൾ, മറ്റുള്ളവർ ജോലി സ്ഥലങ്ങളിലേക്കു പോകുന്നതിനുമുമ്പ് തന്നെ ഏകദേശ ചിത്രം വ്യക്തമായിരുന്നു. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെ നിരാകരിക്കുന്ന ഫലമായിരിക്കും വോട്ടെണ്ണൽ നടക്കുമ്പോൾ ഉണ്ടാവുകയെന്ന മുൻ വിലയിരുത്തൽ യാഥാർഥ്യമായതിന്റെ ആവേശത്തിലായിരുന്നു പ്രവാസികളും.
ദേശീയതലത്തിൽ ബി.ജെ.പിക്ക് തിരിച്ചടിയാണെന്നുള്ള റിപ്പോർട്ടുകൾ വരുമ്പോഴും കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് താമര വിരിഞ്ഞു എന്ന വാർത്ത ഇടതു-വലതു അനുകൂലികളെ നിരാശയിലാഴ്ത്തി. ഒരു ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ പിറകിലാണെന്ന വാർത്ത ആവേശവും ഞെട്ടലുമുണ്ടാക്കി. ഇൻഡ്യ മുന്നണി നടത്തിയ അവിശ്വസനീയ മുന്നേറ്റം എല്ലാവരെയും ആവേശത്തിലാഴ്ത്തി എന്നാൽ കുറേക്കൂടി നേരത്തേ ഇൻഡ്യ മുന്നണി കളത്തിലിറങ്ങിയിരുന്നെങ്കിൽ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമായിരുന്നെന്നാണ് വിലയിരുത്തൽ.
അതോടൊപ്പം ജനങ്ങളെ മറന്നുകൊണ്ടുള്ള ഭരണാധികാരികൾക്ക് ജനം തിരിച്ചടി നൽകുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജനവിധിയെന്നും ആളുകൾ അഭിപ്രായപ്പെട്ടു. അതേസമയം ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തുടർച്ച ഏറക്കുറെ ഉറപ്പാക്കിയെങ്കിലും ബി.ജെ.പി അനുകൂലികളിൽ നേരത്തേ കണ്ട ആവേശം പ്രകടമായില്ലെന്നതാണ് യാഥാർഥ്യം.
രാഹുൽ ഗാന്ധിയുടെ വിജയം
ഇൻഡ്യ മുന്നണിയുടെ ശക്തമായ മുന്നേറ്റം സൂചിപ്പിക്കുന്നത് ജനാധിപത്യം പുലർന്ന് കാണാൻ രാജ്യത്തെ മഹാ ഭൂരിപക്ഷം ജനങ്ങളും കാത്തിരിക്കുന്നു എന്നതിന്റെ തെളിവാണെന്ന് സാമൂഹിക പ്രവർത്തകൻ ഡോ. സജി ഉതുപ്പാൻ പറഞ്ഞു.
ഏറ്റവും ധീരനായ പോരാളിയായി, നീതിയുടെ കാവലാളായി വെറുപ്പിന്റെ തട്ടകത്തിൽ സ്നേഹത്തിന്റെ കട തുറക്കാൻ രാവും പകലും പോരാടിയ രാഹുൽ ഗാന്ധിയുടെ വിജയമായി ഈ വിജയത്തെ കാണാനാകും. മുന്നണികളുടെ ഏകോപനം കുറച്ചുകൂടി ഗൗരവത്തിൽ കണ്ടുകൊണ്ടും മമത ബാനർജി പോലുള്ള നേതാക്കളെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകാൻ സാധിച്ചിരുന്നെങ്കിൽ കുറച്ചു കൂടി മെച്ചപ്പെട്ട പൊസിഷനിലേക്കു ഇൻഡ്യ മുന്നണിക്ക് വരാമായിരുന്നെന്നും എന്തായാലും ഒരു ശക്തമായ പ്രതിപക്ഷം ഉണ്ടാകുമെന്നത് വെള്ളി വെളിച്ചമാണ്.
കേരളത്തിൽ കൃത്യമായ ഭരണ വിരുദ്ധ വികാരവും കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ദേശീയ തലത്തിൽ യാതൊരു പ്രസക്തിയില്ലായെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് സജി ഉതുപ്പാൻ പറഞ്ഞു
- ഡോ. സജി ഉതുപ്പാൻ
നല്ല നാളെയുടെ സൂചന
ദേശീയ രാഷ്ട്രീയത്തിൽ എക്സിറ്റ് പോൾ ഫലങ്ങളെ മറികടന്ന് ഇൻഡ്യ മുന്നണി നേടിയ മുന്നേറ്റം നാനാത്വത്തിൽ ഏകത്വമെന്ന ജവഹർ ലാൽ നെഹ്രുവിന്റെ പ്രസിദ്ധമായ പരാമർശത്തോടു ചേർന്ന് നിൽക്കുന്നതാണെന്ന് ഇൻകാസ് ഒമാൻ പ്രസിഡന്റ് അനീഷ് കടവിൽ പറഞ്ഞു. ഏകാധിപത്യത്തിലേക്കും മനുഷ്യനെ തമ്മിലകറ്റുന്ന വെറുപ്പിന്റെ ലോകത്തേക്കും നടന്നുനീങ്ങിയ ഇന്ത്യൻ രാഷ്ട്രീയത്തെ ജനാതിപത്യ ബോധമുള്ള ഇന്ത്യൻ വോട്ടർമാർ ചെറുത്തു തോൽപ്പിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. വരാൻ പോകുന്ന നല്ല നാളെയുടെ സൂചനയാണിത്.
അതുപോലെ തന്നെ, ഇൻഡ്യ മുന്നണിയുടെ ഭാഗമായിട്ടും കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത പരാജയം നിലനിൽക്കുന്ന ശക്തമായ ഭരണ വിരുദ്ധ വികാരത്തിന്റെ തെളിവാണെന്നും വിലക്കയറ്റവും തൊഴിലില്ലായ്മയും ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടും മൂലം പൊറുതിമുട്ടിയ ജനങ്ങൾ പിണറായി ഗവൺമെന്റിനു കൊടുത്ത ഷോക്ക് ട്രീറ്റ്മെന്റാണിതെന്നും വരാൻ പോകുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള വിധിയുടെ മുന്നോടിയായി ഇതിനെ നോക്കിക്കാണാമെന്നും അനീഷ് കടവിൽ കൂട്ടിച്ചേർത്തു
-അനീഷ് കടവിൽ
ബഹുസ്വരത തിരിച്ചുവരുന്നു എന്നതിന്റെ തെളിവ്
ബഹുസ്വരത തിരിച്ചുവരുന്നു എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് സാമൂഹിക പ്രവർത്തകൻ സിദ്ദിക്ക് ഹസ്സൻ പറഞ്ഞു.
നമ്മുടെ രാജ്യം ഇന്ത്യയായി നിലനിൽക്കണമെന്നാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്. ഇതുവരെ ഒരു പ്രധാനമന്ത്രിയും നടത്താത്ത രീതിയിലുള്ള വിദ്വേഷ പ്രചാരണമാണ് നരേന്ദ്ര മോദി നടത്തിയത്. അത്തരം പ്രസ്താവനകളെയൊക്കെ ഇന്ത്യൻ ജനത തള്ളിക്കളയുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്. രാജസ്ഥാൻ പോലുള്ള സ്ഥലങ്ങളിൽ കോൺഗ്രസ് നടത്തിയ മുന്നേറ്റം ഇതിന്റെ തെളിവാണ്. എന്നാൽ, ഇൻഡ്യ സഖ്യം കുറച്ചുകൂടി മുന്നൊരുക്കം നടത്തണമായിരുന്നെന്നാണ് അഭിപ്രായം.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മുതൽ തന്നെ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഇതിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചിരുന്നെങ്കിൽ വ്യക്തമായ ലീഡ് ലഭിക്കുമായിരുന്നു. കേരളത്തിലെ കഴിഞ്ഞ എട്ടു വർഷക്കാലത്തെ പിണറായി വിജയൻ സർക്കാറിനു കീഴിൽ ജനങ്ങൾക്ക് അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടിനും കൈയും കണക്കുമില്ല. അതിനുള്ള ശക്തമായ മറുപടികൂടിയാണ് ഈ തെരഞ്ഞെടുപ്പു ഫലം.
സിദ്ദിക്ക് ഹസ്സൻ
ഇൻഡ്യ മുന്നണിയുടെ വിജയം ആശാവഹം
ദേശീയതലത്തിൽ ഇൻഡ്യ മുന്നണിക്കുണ്ടായ വിജയം ഏറെ ആശാവഹമാണെന്ന് ഇടതു അനുകൂല സാമൂഹിക പ്രവർത്തകൻ സന്തോഷ്കുമാർ പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പണക്കൊഴുപ്പും വിദ്വേഷപരാമർശങ്ങളും കൊണ്ട് കലുഷിതമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്. പ്രധാനമന്ത്രിതന്നെ വർഗീയ ധ്രുവീകരണവും പച്ചയായ മുസ്ലിം വിരുദ്ധതയും തെരഞ്ഞെടുപ്പു യോഗങ്ങളിൽ പ്രസംഗിക്കുന്നതും കാണാൻ സാധിച്ചു. തെരഞ്ഞെടുപ്പിനു ശേഷം പുറത്തു വന്ന എക്സിറ്റ് പോളുകൾ വലിയ ഗൂഢാലോചനകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഇത്രയൊക്കെ ആയിട്ടും കഴിഞ്ഞ തവണത്തേത് പോലുള്ള മൃഗീയ ഭൂരിപക്ഷത്തിലേക്കു പോകുന്നതിൽ നിന്നും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിയെ തടയാൻ ഇൻഡ്യ മുന്നണിക്ക് സാധിച്ചെന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഇന്ത്യ രാജ്യത്തിന്റെ ഭാവിയാണ് ഇതുവഴി സംരക്ഷിക്കപ്പെട്ടത്. അതേസമയം കേരളത്തിൽ ഇടതുമുന്നണിക്കുണ്ടായ തിരിച്ചടിയെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.
-സന്തോഷ്കുമാർ
ഇൻഡ്യ മുന്നണിയുടെ വിജയം മതേതരത്വത്തിന് ശക്തിപകരും
ഇൻഡ്യ മുന്നണി ഭരണഘടനയുടെ സംരക്ഷർക്ക് അണിനിരക്കാനുള്ള ഏറ്റവും വലിയ സംവിധാനമാണെന്ന് മസ്കത്ത് കെ.എം.സി.സി പ്രസിഡന്റ് റഹീസ് അഹമ്മദ് പറഞ്ഞു. അതിന്റെ മുന്നണിപ്പോരാളിയായ രാഹുൽഗാന്ധിയുടെയും, മല്ലികാർജുൻ ഖാർഗെയുടെയും നയനിലപാടുകൾ ശരിവെക്കുന്നതാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി കൈവരിച്ച മുന്നേറ്റം.
രാജ്യത്തെ ജനങ്ങളുടെ ജനാധിപത്യ മതേതര കാഴ്ചപ്പാടുകൾക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല എന്നതിന്റെ ഉദാഹരണമാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം. സാധാരണ ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കുന്ന ഫാഷിസ്റ്റ് ഭരണകൂടങ്ങൾക്കൊപ്പമല്ല ഭാരതത്തിലെ ജനങ്ങളെന്ന തിരിച്ചറിവ് അധികാരികളിലേക്കെത്തിക്കുകയാണ് ഹിന്ദിഭൂമികയിലെ തെരെഞ്ഞെടുപ്പ് ഫലം നൽകുന്ന സന്ദേശം.
-റഹീസ് അഹമ്മദ്
ഇത് അഹങ്കാരത്തിനുള്ള ഇന്ത്യൻ ജനതയുടെ തിരിച്ചടി
ഇന്ത്യ എന്ന മതേതര ജനാധിപത്യ രാജ്യം ജീവിക്കുന്നത് ജനങ്ങളുടെ ഹൃദയങ്ങളിലാണെന്ന് എല്ലാവരെയും ഓർമിപ്പിക്കുന്ന ഒരു ദിവസമായി കഴിഞ്ഞ ദിനത്തെ ചരിത്രത്തിൽ രേഖപ്പെടുത്തമെന്ന് മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി അംഗം പി.ടി.കെ. ഷമീർ പറഞ്ഞു.
അധികാര ദുർവിനിയോഗവും ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയവത്കരിച്ചും ജനങ്ങളുടെ മതവികാരത്തെ ചൂഷണം ചെയ്തു ഭിന്നിപ്പിച്ചും രാജ്യത്തിന്റെ ഭരണഘടനയുടെ നിലനിൽപിനെ പോലും ചോദ്യം ചെയ്യുന്ന രീതിയിൽ കെട്ടിപ്പടുത്ത അഹങ്കാരത്തിന് ഇന്ത്യൻ ജനത തിരിച്ചടി നൽകിയിരിക്കുകയാണ്. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണെന്നും രണ്ടു ദിനോസറുകളുടെ ജുറാസിക് റിപ്പബ്ലിക്കല്ലെന്നും ഇന്ത്യൻ ജനത ഉറപ്പിച്ചു പറഞ്ഞ ദിവസമാണിത്. ജനാധിപത്യ മതേതര കാഴ്ചപ്പാടോടുകൂടി സമ്മതിദാനാവകാശം വിനിയോഗിച്ച മുഴുവൻ വോട്ടർമാർക്കും അഭിവാദ്യങ്ങൾ
-പി.ടി.കെ. ഷമീർ
വർഗീയ ഫാഷിസത്തിന് രാജ്യം കീഴടങ്ങിയിട്ടില്ലെന്നതിനു തെളിവ്
മസ്കത്ത്: രാജ്യം വർഗീയ ഫാഷിസത്തിനു പൂർണമായും കീഴടങ്ങിയിട്ടില്ലെന്നതിനു തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രവാസി വെൽഫെയർ ഒമാൻ പ്രസ്താവനയിൽ അറിയിച്ചു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ മതേതര വിശ്വാസികൾ തന്നെയാണ് രാജ്യത്ത് മഹാ ഭൂരിപക്ഷവും. ജനങ്ങളെ തമ്മിൽ വിഘടിപ്പിച്ച് എളുപ്പത്തിൽ അധികാരം പിടിക്കാമെന്നും കോർപറേറ്റുകൾക്ക് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ തീറെഴുതിക്കൊടുത്ത് ഏകാധിപതിയായി തുടരാമെന്നുമുള്ള മോദിയുടെയും ബി.ജെ.പിയുടെയും വ്യാമോഹത്തിനേറ്റ കനത്ത തിരിച്ചടിയായി ഈ ഫലത്തെ കാണുന്നു.
400ന് മുകളിൽ സീറ്റുകൾ എന്ന ബി.ജെ.പി കണക്കുകൂട്ടലുകൾ അട്ടിമറിച്ച ഇൻഡ്യ സഖ്യത്തിന് അഭിനന്ദനങ്ങൾ. ഇൻഡ്യ സഖ്യത്തെയും അതിനു നേതൃത്വം നൽകിയ ഇന്ത്യൻ നാഷനൽ കോൺഗ്രസിനെയും രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും അഭിനന്ദിക്കുന്നുവെന്നു പ്രവാസി വെൽഫെയർ ഒമാൻ പത്രക്കുറിപ്പിൽ അറിയിച്ചു. പ്രസിഡന്റ് ഷമീർ കൊല്ലാക്കൻ അധ്യക്ഷത വഹിച്ചു.
ഇൻഡ്യ മുന്നണിക്ക് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും
ഇന്ത്യയെ വീണ്ടെടുക്കാൻ ഒരേമനസ്സോടെ ഒന്നിച്ച ഇന്ത്യയിലെ പ്രബുദ്ധരായ വോട്ടർമാരെ അഭിനന്ദിക്കുന്നതായി ഇടതു അനുകൂല സാമൂഹിക പ്രവർത്തകൻ സിയാദ് ഉണിച്ചിറ പറഞ്ഞു. ഇനിയും ഒന്നിച്ചുനിന്ന് ഇൻഡ്യ മുന്നണി മുന്നോട്ടു പോകുന്ന പക്ഷം ഇന്ത്യയിൽ ഏറെ മാറ്റങ്ങൾ കൊണ്ടുവരുവാൻ സാധിക്കും.
അതെ സമയം കേരളത്തിൽ ഇടതുമുന്നണിക്കുണ്ടായ തിരിച്ചടി ഓരോ ഇടതു പ്രവർത്തകനെയും ഇരുത്തി ചിന്തിപ്പിക്കണം. സമൂഹ മാധ്യമങ്ങൾ വഴി കോൺഗ്രസ്-യു.ഡി.എഫ് നേതാക്കൾ നടത്തിയ പ്രചാരണത്തെ പ്രതിരോധിക്കാൻ ഇടതുമുന്നണി സംവിധാനത്തിനായില്ല എന്നത് ഓരോ ഇടതുപ്രവർത്തകന്റെയും പരാജയമാണ്. എന്നാൽ ഇത്തരം തിരിച്ചടികളിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ടു മുന്നോട്ടു പോയ ചരിത്രമാണ് ഇടതു മുന്നണിക്കുള്ളത്. അതിനാൽ കേരളത്തിൽ നേരിട്ട ഈ പരാജയവും മറികടന്ന് പാർട്ടിയും മുന്നണിയും കൂടുതൽ കരുത്തോടെ തിരിച്ചുവരും.
-സിയാദ് ഉണിച്ചിറ
കേരളത്തിലെ ജനവിധി ഇടതു സർക്കാറിന് എതിരല്ല
മസ്കത്ത്: കോൺഗ്രസ് സഹായത്തോടെ കേരളത്തിൽനിന്നും ലോക്സഭയിലേക്കും ബി.ജെ.പി അക്കൗണ്ട് തുറന്നു എന്നാണ് തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം കാണിക്കുന്നതെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് അംഗം വിത്സൺ ജോർജ് അഭിപ്രായപ്പെട്ടു. തൃശൂരിലെ വോട്ടിങ് കണക്കുകൾ അതാണ് വ്യക്തമാക്കുന്നത്.
ഇത് അപകടകരമായ പ്രവണതയാണെന്ന് കോൺഗ്രസ് മനസ്സിലാക്കുന്നില്ല. അതെസമയം, കേരളത്തിലെ ജനവിധി ഇടതു സർക്കാറിന് എതിരായ വിധിയാണ് എന്ന് പറയുവാൻ സാധിക്കില്ല. കാരണം കേരളത്തിൽ നിന്നും ഇടതു -വലതു മുന്നണികളിൽ നിന്നും ആര് ജയിച്ചാലും അത് ഇൻഡ്യ സഖ്യത്തിന് മുതൽകൂട്ടായിരിക്കും എന്ന് വോട്ടർമാർക്ക് അറിയാം. അതോടൊപ്പം ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ എടുത്ത തന്ത്രപരമായ തീരുമാനം ഏറെക്കുറെ നേട്ടമുണ്ടാക്കി.
ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഓരോ പാർട്ടികളും എടുത്ത തീരുമാനം മാതൃകാപരമായിരുന്നു. ബി.ജെ.പി സർക്കാരിന് മുൻപത്തെ പോലെ ഏകപക്ഷീയമായി തീരുമാനം എടുത്തു മുന്നോട്ട് പോകുവാൻ സാധിക്കില്ല എന്നത് ഏറെ ആശ്വാസകരമാണ്.
-വിത്സൺ ജോർജ്
ഇൻഡ്യ മുന്നണിയുടെ മുന്നേറ്റത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഇൻകാസ് ഒമാന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.