പ്രതീക്ഷയുടെ ചിറകിൽ വീണ്ടും പ്രവാസികൾ: സുഹാർ എയർപോർട്ടിൽ വലിയ വിമാനം പറന്നിറങ്ങി
text_fieldsസുഹാർ: ലോകത്തിലെ ഏറ്റവും വലിയ വിമാനമായ എമിറേറ്റ്സ് എയർ ബസ് എ 380 പറന്നിറങ്ങിയതോടെ ബാത്തിന മേഖലയിലെ പ്രവാസികളിൽ സുഹാർ എയർപോർട്ടിൽ നിന്നുള്ള യാത്രാസ്വപ്നത്തിനു ചിറകുമുളച്ചു. എമിറേറ്റ്സ് അക്കാദമിയിലെ പൈലറ്റുമാർക്കുള്ള പരിശീലന പറക്കലിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം സുഹാർ വിമാനത്താവളത്തിൽ ഏറ്റവും വലിയ വിമാനം ലാൻഡ് ചെയ്തത്.
മാസങ്ങളായി നിർജീവമായി കിടന്ന വിമാനത്താവളം വീണ്ടും സജീവമാകും എന്നുള്ള പ്രതീക്ഷയിലാണ് ഈ മേഖലയിലെ പ്രവാസികൾ. ബുറൈമി മുതൽ ഖാബൂറവരെയുള്ളവർക്ക് ഏറ്റവും വലിയ സൗകര്യമായിരുന്നു സുഹാർ എയർപോർട്ട്. ബുറൈമിയിൽനിന്ന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്താൻ അഞ്ചുമുതൽ ആറു മണിക്കൂർ വരെ യാത്ര ചെയ്യണം. സുഹാർ എയർപോർട്ടാണെങ്കിൽ ഒന്നരമണിക്കൂറുകൊണ്ടെത്തിപ്പെടാനാവും. ഷാർജ ആസ്ഥാനമായ എയർ അറേബ്യ സുഹാർ എയർപോർട്ടിൽനിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം സെക്ടറിലേക്ക് കണക്ഷൻ സർവീസ് ആരംഭിച്ചത് പ്രവാസികൾക്കേറെ ഗുണകരമായിരുന്നു.
രണ്ടു മണിക്കൂറിലധികം ഷാർജയിൽ കാത്തുനിൽക്കേണ്ടി വരും. എന്നാലും ടിക്കറ്റ് നിരക്കിലും ബാഗേജിലും ഇളവ് ലഭിക്കുന്നതുകാരണം പലരും ഈ വഴി യാത്ര തിരഞ്ഞെടുത്തിരുന്നു.
3500ഓളം കുട്ടികൾ പഠിക്കുന്ന ഇന്ത്യൻ സ്കൂളും നിരവധി വ്യവസായ സ്ഥാപനങ്ങളും സുഹാർ പോർട്ടും പ്രവർത്തിക്കുന്നതുകൊണ്ട് നിരവധി ഇന്ത്യക്കാർ യാത്രക്കായി സുഹാർ എയർപോർട്ട് തിരഞ്ഞെടുത്തിരുന്നു. അവർക്കൊക്കെ എയർ അറേബ്യയുടെ കണക്ഷൻ ഫ്ളൈറ്റ് വലിയ ആശ്വാസമായിരുന്നു.
സുഹാറിൽ നിന്ന് മസ്കത്ത് എയർപോർട്ടിലേക്കുള്ള യാത്രാദൂരം ഒഴിവാക്കാനും സാധിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലൈ 22ന് ഓമാന്റെ ബജറ്റ് വിമാനമായ സലാം എയർ സുഹാർ എയർപോർട്ടിൽനിന്ന് നേരിട്ട് കോഴിക്കോട്ടേക്ക് സർവിസ് ആരംഭിച്ചത് മൂലം വിമാനത്താവളത്തിലേക്കുള്ള തിരക്ക് ഒന്നുകൂടെ വർധിച്ചു. ആദ്യം എയർ അറേബ്യ സർവിസ് നിർത്തലാക്കുകയും വൈകാതെ സലാം എയറും സർവീസിൽ നിന്ന് പിന്മാറുകയായിരുന്നു. പിന്നീട് സീസൺ സമയത്ത് സലാല സർവിസുകൾ മാത്രമായി ചുരുങ്ങി.
സുഹാർ വിമാനത്താവളത്തെ പ്രാദേശികമായി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മസ്കത്ത് എയർപോർട്ടിന്റെ ശ്രമഫലമായാണ് 615 യാത്രക്കാരെ വഹിച്ചുകൊണ്ടുപോകാൻ കഴിയുന്ന ലോകത്തിലെ തന്നെ ഭീമൻ വിമാനം സുഹാറിൽ ലാൻഡ് ചെയ്തത്. അതുകൊണ്ടുതന്നെ സുഹാർ വിമാനത്താവളം വീണ്ടും സജീവാകുമെന്നുതന്നെയാണ് ഈ മേഖലയിലുള്ള പ്രവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.