ചായയുടെ രുചിവൈവിധ്യം തേടി പ്രവാസികൾ
text_fieldsമസ്കത്ത്: മലയാളികളുടെ ദൈനംദിനം ജീവിതം തുടങ്ങുന്നതു തന്നെ ആവി പറക്കുന്ന ചായയുമായാണ്. മഴയും പത്രവും കയ്യിൽ ചായയുമായി കോലായിയിൽ ഇരിക്കുന്ന ഗൃഹനാഥന്‍റെ ചിത്രം കണ്ടു വളർന്നവരാണ് മലയാളികളിൽ അധികപേരും. എന്നാൽ, പ്രവാസികൾക്കിടയിൽ ചായ എന്ന പഴയ സങ്കൽപ്പം മാറി. ചായയുടെ രുചി വൈവിധ്യം തേടി വൈകുന്നേരങ്ങളിൽ വ്യത്യസ്ത ഇടങ്ങളിലേക്ക് പോകുന്നവരാണ് പ്രവാസി മലയാളികളിലധികവും. പാലും പഞ്ചസാരയും തേയിലയും വെള്ളവും ചേർത്തുണ്ടാക്കുന്ന ചായ എന്നതിൽനിന്ന് ചേരുവകളും പേരും നിറവും മാറി സഫ്രോൺ മുതൽ തന്തൂരി ചായവരെ മാർക്കറ്റിൽ ലഭ്യമാണ്.
മസാല ചേർത്ത ചായ, കറക്ക് ചായ, സമാവർ ചായ മുതലായവക്ക് ആളുകൾ ആവശ്യക്കാരെറെയാണെന്ന് കച്ചവടക്കാർ പറയുന്നു. വൈകുന്നേരങ്ങളിൽ സജീവമാകുന്ന നിരവധി ചായ കടകളാണ് ഒമാനിലുള്ളത്. ദൂരദിക്കുകളിൽനിന്ന് ചായ ആസ്വദിക്കാനും നാലുമണി പലഹാരങ്ങളുടെ രുചി നുകരാനും നിരവധി പേർ എത്തും. എണ്ണ കടികളുടെ വൈവിധ്യം ചില്ല അലമാര കീഴടക്കുമ്പോൾ കൊണ്ടുവെച്ചതെല്ലാം മണിക്കൂറുകൾക്കകം വിറ്റുപോകുന്നു.
മലബാർ പലഹാരങ്ങൾക്കാണ് ഏറ്റവും പ്രിയമെന്ന് സുഹാറിലെ ഹോട്ടൽ ഉടമ പറയുന്നു. തേയില മാത്രം ഇറക്കിയിരുന്ന കമ്പനികൾ വ്യത്യസ്ത തരം രുചികളുമായി വിപണിയിൽ ഇപ്പോൾ സജീവമാണ്. പുത്തൻ രുചികളുടെ പിറകെ പോകുന്നവരെ ലക്ഷ്യംവെച്ചു തന്നെയാണ് ഈ വിപണന തന്ത്രം പയറ്റുന്നത്. തുളസി, എള്ള്, കുങ്കുമം, ഇഞ്ചി, തേൻ, മിന്റ് , ഗ്രീൻ ടീ അങ്ങനെ നൂറുക്കണക്കിന് രുചികൾ കൊണ്ട് സമ്പന്നമാണ് ഒമാനിലെ മാർക്കറ്റ്.
തേയില ഉൽപാദകരാജ്യമായ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്‌നാം, ഇന്തോനേഷ്യ, കെനിയ, മലാവി, മലേഷ്യ, ഉഗാണ്ട താൻസാനിയ തുടങ്ങിയ രാജ്യങ്ങളാണ് മേയ് 21ന് ചായ ദിനമായി ആചരിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ തേയില ഉൽപാദിപ്പിക്കുന്ന രാജ്യം ചൈനയണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.