പ്രവാസികളുടെ സ്വന്തം 'അയക്കൂറ പാർക്ക്'
text_fieldsമനാമ: ബഹ്റൈനിലെ പ്രവാസികൾക്ക് ഏറെ പരിചിതമായ ഒരു സ്ഥലമുണ്ട് മനാമയിൽ. തനിനാടൻ മലയാളത്തിലുള്ള ഒരു സ്ഥലപ്പേര്. മനാമയിലെ അയക്കൂറ പാർക്ക്. ഇൗ പേര് കേൾക്കുേമ്പാൾ എല്ലാവരും ഒന്നമ്പരക്കും. ഇങ്ങനെയൊരു സ്ഥലപ്പേര് ബഹ്റൈനിൽ ഉണ്ടാകുമോ? എന്നാൽ, സംശയിക്കേണ്ട. അങ്ങനെ ഒരു സ്ഥലം ഉണ്ട്. മനാമ സൂഖിലാണ് ഇൗ പാർക്ക്.
പാർക്കിെൻറ ശരിക്കുമുള്ള പേരാണ് ഇതെന്ന് തെറ്റിദ്ധരിക്കണ്ട. പാർക്കിൽ സ്ഥാപിച്ചിട്ടുള്ള അയക്കൂറ പോലുള്ള രണ്ട് മീനിെൻറ പ്രതിമ കണ്ട് പണ്ടെങ്ങോ ഏതോ മലയാളി വിളിച്ചതാണ് ആ പേര്. പിന്നീട് മനാമയിലെ മലയാളി കച്ചവടക്കാരും മറ്റും ഇൗ പാർക്കിനെ 'അയക്കൂറ പാർക്ക്' എന്ന് വിളിച്ചു തുടങ്ങി. അങ്ങനെ ആ പേര് മലയാളികൾക്കിടയിൽ പ്രശസ്തമായി.
ശരിക്കും ഇതൊരു ഫൗണ്ടനാണ്. മുമ്പ് ഇതിൽ ജലധാര ഉണ്ടായിരുന്നു. ഫൗണ്ടനോട് ചേർന്നുള്ള ചെറിയ പാർക്കിൽ വിദേശികൾ വൈകീട്ട് ഒത്തുകൂടുമായിരുന്നു. പ്രവാസത്തിെൻറ നൊമ്പരങ്ങളും സങ്കടങ്ങളുമൊക്കെ അവർ പങ്കുവെച്ചിരുന്നത് ഇവിടെ ഇരുന്നാണ്. മനാമയിലെ പ്രവാസി കച്ചവടക്കാരുടെയും മറ്റും ഇഷ്ട കേന്ദ്രമാണ് ഇവിടം.
ചരിത്രത്തിെൻറ മേലൊപ്പ് പതിഞ്ഞ മനാമ സൂഖും ബാബുൽ ബഹ്റൈനുമൊക്കെ ഇതിനോട് ചേർന്നാണ്. ബഹ്റൈെൻറ കവാടം എന്നറിയപ്പെടുന്ന ബാബുൽ ബഹ്റൈൻ ഇൗ രാജ്യത്തിെൻറ ചരിത്രത്തിെൻറ ഭാഗമാണ്. ബഹ്റൈെൻറ തലസ്ഥാനമായ മനാമയുടെ പഴയ വാണിജ്യ കേന്ദ്രമാണ് ഇത്.
1945ലാണ് ബാബുൽ ബഹ്റൈെൻറ തുടക്കം. അന്നത്തെ അമീറിെൻറ ഉപദേശകനായിരുന്ന ബ്രിട്ടീഷുകാരൻ ചാൾസ് ബെൽഗ്രേവ് ആണ് ഇൗ വ്യാപാര കേന്ദ്രം ഡിസൈൻ ചെയ്തത്. പിൽക്കാലത്ത്, പഴയ പ്രതാപം അതേപടി നിലനിർത്തി വാണിജ്യ കേന്ദ്രം നവീകരിച്ചു. ബഹ്റൈനിലെ ആദ്യ െഎസ്ക്രീം ഷോപ്പായ കഫേ നസീഫ് ഇവിടെയാണുള്ളത്. 1920ൽ തുടങ്ങിയ ഇൗ കഫേക്ക് ബഹ്റൈെൻറ ചരിത്രത്തിനൊപ്പം സഞ്ചരിച്ച കഥകളാണ് പറയാനുള്ളത്.
ആദ്യകാലത്ത് കടൽത്തീരത്തായിരുന്നു ബാബുൽ ബഹ്റൈൻ ഉണ്ടായിരുന്നത്. പിൽക്കാലത്ത് കടൽ നികത്തി നഗരം വ്യാപിപ്പിച്ചതോടെ ബാബുൽ ബഹ്റൈൻ കടലിൽനിന്ന് ഏറെ ദൂരെയായി.
രാജ്യത്തെ ആദ്യത്തെ പൊതുസ്ഥലമായും കരുതപ്പെടുന്നത് ഇൗ മാർക്കറ്റാണ്. ബാബുൽ ബഹ്റൈെൻറ മുന്നിലുള്ള ഗവൺമെൻറ് അവന്യൂവിലാണ് പഴയകാലത്ത് ബഹ്റൈനിലെ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്. ബാബുൽ ബഹ്റൈൻ കടന്ന് എത്തുന്ന മനാമ സൂഖ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. പണ്ടൊക്കെ പ്രവാസികൾ നാട്ടിലേക്ക് പോകുേമ്പാൾ ഇവിടെ വന്നാണ് സാധനങ്ങൾ വാങ്ങിയിരുന്നത്. എന്തു സാധനങ്ങളും കിട്ടുന്ന ഇൗ സൂഖ് നമ്മുടെ മിഠായിത്തെരുവ് പോലെ മലയാളികൾ നെഞ്ചോട് ചേർത്ത വ്യാപാരകേന്ദ്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.