ദീപാവലിയെ വരവേൽക്കാനൊരുങ്ങി പ്രവാസികൾ
text_fieldsമസ്കത്ത്: ഇന്ത്യക്കാരുടെ പ്രധാന ഉത്സവമായ ദീപാവലി സമാഗതമായിരിക്കെ തയാറെടുപ്പുമായി പ്രവാസികൾ. ദീപാവലിയെ വരവേൽക്കാൻ വ്യാപാര സ്ഥാപനങ്ങളാണ് ഏറെ ഒരുങ്ങുന്നത്. ദീപാവലിക്ക് ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്നത് സ്വർണവ്യാപാര സ്ഥാപനങ്ങളിലാണ്.
അഞ്ചു ദിവസങ്ങളിലാണ് ദീപാവലി. ചൊവ്വാഴ്ചയാണ് ഒന്നാം ദീപാവലി എന്നറിയപ്പെടുന്ന ധന്തേരാസ്. ഈ ദിനത്തിൽ സ്വർണം വാങ്ങുന്നത് വർഷം മുഴുവൻ ഐശ്വര്യമുണ്ടാകാൻ കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. അതിനാൽ പലരും ഈ ദിവസം സ്വർണനാണയമോ ആഭരണങ്ങളോ വാങ്ങാറുണ്ട്.
ഇത് മുന്നിൽകണ്ട് ഒമാനിലെ ജ്വല്ലറികൾ വൻ ഒരുക്കങ്ങളാണ് നടത്തുന്നത്. ജ്വല്ലറികളെല്ലാം ദീപാവലിക്കായി അലങ്കരിക്കുകയും ഓഫറുകൾ വെക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ ആഭരണങ്ങൾ വാങ്ങുന്നവർക്ക് സമ്മാനങ്ങളും നൽകുന്നുണ്ട്. കുടുതൽ വിലയുടെ ആഭരണങ്ങൾ വാങ്ങുന്നവർക്ക് സ്വർണനാണയം അടക്കമുള്ള സമ്മാനങ്ങളും നൽകുന്നുണ്ട്. ചില ജ്വല്ലറികൾ പണിക്കൂലി ഇളവുകൾ നൽകിയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
എന്നാൽ, സ്വർണവില ഉയരുന്നത് ഈ വർഷത്തെ വ്യാപാരത്തെ ബാധിക്കുമെന്ന് ജ്വല്ലറി മേഖലകളിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഗ്രാമിന് 32.750 റിയാലായി ഉയർന്നതോടെ പലരും സ്വർണം വാങ്ങാൻ മടിക്കുകയാണ്. പുതിയ തലമുറയിൽ ഡയമണ്ടുകൾ വാങ്ങുന്ന പ്രവണത വർധിച്ചതായും ജ്വല്ലറി മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
വാങ്ങുന്നവർ തന്നെ തൂക്കം കുറഞ്ഞ ആഭരണങ്ങളാണ് വാങ്ങുന്നത്. അതിനാൽ മൂക്ക്കുത്തി, കമ്മലുകൾ, മോതിരങ്ങൾ, ലോക്കറ്റുകൾ എന്നിവയാണ് കാര്യമായി വിറ്റഴിയുക എന്നും വ്യാപാരികൾ പറയുന്നു. അതിനാൽ ഇത്തരം ആഭരണങ്ങളുടെ വലിയ ശേഖരം തന്നെയണ് പല ജ്വല്ലറികളിലും ഒരുക്കിയിരിക്കുന്നത്.
മുൻകാലങ്ങളിൽ ധന്തേരാസ് ദിവസത്തിൽ വൻ തിരക്കാണ് ജ്വല്ലറികളിൽ അനുഭവപ്പെട്ടിരുന്നത്. അതിരാവിലെ ജ്വല്ലറി തുറക്കുന്നത് മുതൽ അർധരാത്രി അടക്കുന്നതുവരെ വൻ തിരക്കാണുണ്ടായിരുന്നത്. തിരക്ക് കാരണം പലപ്പോഴും ജ്വല്ലറികളുടെ വാതിലുകൾ അടക്കേണ്ടി വന്നിരുന്നതായും അവർ പറയുന്നു.
പലരും വൻ തുകക്കുള്ള ആഭരണങ്ങളാണ് വാങ്ങിക്കൂട്ടിയിരുന്നത്. ഒറ്റ ദിവസം കിലോക്കണക്കിന് സ്വർണം വിറ്റിരുന്നതായി ജ്വല്ലറി ജീവനക്കാർ ഓർമിക്കുന്നു. എന്നാൽ, സ്വർണവില കൂടിയത് മുതൽ ഇത്തരം തിരക്കൊന്നും അനുഭവപ്പെടുന്നില്ല.
കഴഞ്ഞ വർഷവും ദീപാവലി വേളയിൽ കാര്യമായ തിരക്കൊന്നും അനുഭവപ്പെട്ടിരുന്നില്ലെന്നാണ് ജ്വല്ലറി ജീവനക്കാർ പറയുന്നത്. വില ഇനിയും ഉയരുമെന്ന പ്രതീതി വന്നതോടെ ഉപഭോക്താക്കളുടെ മനഃസ്ഥിതിയിൽ ചെറിയ മാറ്റം വന്നതായും പലരും സ്വർണം വാങ്ങുന്നതിനെ പറ്റി ചിന്തിക്കുന്നുണ്ടെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
ദീപാവലിയോടനുബന്ധിച്ച് മറ്റ് വ്യാപാര മേഖലകളിലും തിരക്ക് വർധിച്ചിട്ടുണ്ട്. ദീപാവലി ഉൽപന്നങ്ങളും ദീപാവലി സ്പെഷലായ മധുര ഉൽപന്നങ്ങളും നാട്ടിൽ നിന്നെത്തിക്കഴിഞ്ഞു.
ബേക്കറികൾ ദീപാവലി മധുരപലഹാരങ്ങൾ ഒരുക്കുന്ന തിരക്കിലാണ്. പല സ്ഥാപനങ്ങളിലും ഇന്ത്യയിൽനിന്ന് പ്രത്യേകം പാചക വിദഗ്ധരെ എത്തിച്ചാണ് പലഹാരങ്ങൾ ഉണ്ടാക്കുന്നത്. വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും ഹൈപ്പർ മാർക്കറ്റുകളിലും വൻ സ്റ്റോക്കുകൾ എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.