കോവാക്സിനെടുത്ത പ്രവാസികൾ പെരുവഴിയിൽ
text_fieldsമസ്കത്ത്: നാലു മാസത്തോളം നീണ്ട യാത്രവിലക്കിനൊടുവിൽ സെപ്റ്റംബർ ഒന്നിന് ഒമാനിലേക്കുള്ള മടക്കയാത്രക്ക് വഴി തെളിയുേമ്പാൾ ആശങ്കയുടെ കൊടുമുടിയിലാണ് കോവാക്സിൻ സ്വീകരിച്ച പ്രവാസികൾ. ഒമാൻ അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽ കോവാക്സിൻ ഇല്ലാത്തതാണ് ഇവരെ പ്രയാസത്തിലാക്കുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളും കോവാക്സിൻ അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രിൽ മുതൽ നാട്ടിൽ കുടുങ്ങിയ നൂറുകണക്കിന് ആളുകളാണ് കോവാക്സിൻ സ്വീകരിച്ചിട്ടുള്ളത്. ഇവരിൽ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവർ മുതൽ ബിസിനസുകാർ വരെയുണ്ട്. ഒമാനിലേക്കു മടങ്ങാൻ എന്തു ചെയ്യണമെന്നറിയാതെ ഇവരെല്ലാവരും അക്ഷരാർഥത്തിൽ പെരുവഴിയിലാണ്. വൈകാതെതന്നെ വിസ റദ്ദാകുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഇന്ത്യയിൽ ലഭ്യമായ വാക്സിനുകളിൽ കോവിഷീൽഡ്, സ്പുട്നിക് എന്നിവക്കു മാത്രമാണ് ഒമാനിൽ അംഗീകാരമുള്ളത്. വാക്സിനേഷൻ വിവരങ്ങളടങ്ങിയ ക്യു.ആർ കോഡ് ഉള്ള സർട്ടിഫിക്കറ്റുകൾ ഒമാനിലേക്ക് വരുന്നവരുടെ കൈവശം ഉണ്ടാകണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
കോവാക്സിൻ എടുത്തവർ പരിഹാരമാർഗം തേടി ജില്ല മെഡിക്കൽ ഓഫിസർ അടക്കം ആരോഗ്യവകുപ്പിലെ ഉന്നതരെ സമീപിച്ചെങ്കിലും കൈമലർത്തുകയാണ്. ഒരു ഡോസ് എടുത്തവർക്ക് അതേ വാക്സിൻതന്നെ രണ്ടാം ഡോസായി നൽകാനാണ് ആരോഗ്യവകുപ്പിെൻറ നിർദേശം. രണ്ടു ഡോസ് എടുത്തവർക്കാകട്ടെ മറ്റൊരു കമ്പനിയുടെ വാക്സിൻ നൽകുന്നതു സംബന്ധിച്ച് പഠനങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്നുമാണ് അധികൃതർ പറയുന്നത്.
എന്നാൽ, യു.എ.ഇ അടക്കം പല രാജ്യങ്ങളും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് നിശ്ചിത മാസങ്ങൾക്കുശേഷം മറ്റൊരു കമ്പനിയുടെ വാക്സിൻ എടുക്കാൻ അനുമതി നൽകുന്നുണ്ട്. രാജ്യത്ത് അംഗീകാരമില്ലാത്ത സിനോഫാം, സിനോവാക്, സ്പുട്നിക് വാക്സിനുകൾ സ്വീകരിച്ചവർക്ക് അംഗീകാരമുള്ള ഫൈസർ, ആസ്ട്രസെനക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നിെൻറ അധിക ഡോസ് സ്വീകരിച്ച് രാജ്യത്തേക്കു വരാമെന്ന് കഴിഞ്ഞയാഴ്ച കുവൈത്ത് അറിയിച്ചിരുന്നു.
അധിക വാക്സിൻ എടുക്കാൻ അനുമതി തേടി സൗദിയിൽ പ്രവാസിയായ കണ്ണൂർ സ്വദേശി ഹൈകോടതിയെ സമീപിച്ചെങ്കിലും രണ്ടിലധികം ഡോസുകൾ എടുക്കാൻ അനുമതി നൽകാനാകില്ലെന്നാണ് കേന്ദ്ര സർക്കാർ ഹൈകോടതിയിൽ അറിയിച്ചത്.
വാക്സിനേഷെൻറ തുടക്കസമയത്താണ് പലരും കോവാക്സിൻ സ്വീകരിച്ചത്. കോവാക്സിെൻറ രണ്ടാമത്തെ ഡോസ് ഒരുമാസത്തെ ഇടവേളയിൽ ലഭിക്കും. യാത്രവിലക്ക് നീക്കംചെയ്താൽ വേഗത്തിൽ മടങ്ങുന്നതിന് തടസ്സമുണ്ടാകരുതെന്ന തോന്നലിലാണ് കോവാക്സിൻ സ്വീകരിച്ചതെന്ന് പലരും പറയുന്നു.
വാക്സിനുകളുടെ അംഗീകാരത്തെക്കുറിച്ച അജ്ഞതയാണ് ഇതിന് പ്രധാന കാരണം. അംഗീകാരത്തിനായി കേന്ദ്രസർക്കാർ നടത്തുന്ന ഇടപെടലുകൾ ഫലം കാണുമെന്നും വിശ്വസിച്ചവരുണ്ട്.
കോവിഷീൽഡ് സ്വീകരിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതായും കോവാക്സിനാണ് കൂടുതൽ കാര്യക്ഷമതയെന്നുമുള്ള പ്രചാരണങ്ങളും കോവാക്സിൻ സ്വീകരിക്കാൻ പ്രേരണയായിട്ടുണ്ട്. കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെടാത്തപക്ഷം നൂറുകണക്കിന് പ്രവാസികളുടെ തൊഴിൽസാധ്യത ഇല്ലാതാകുന്ന അവസ്ഥയാണുള്ളതെന്ന് ഗൾഫിലെ വിവിധ പ്രവാസി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.