ചൂട് കനത്തു; വെള്ളക്കെട്ട് തേടി പ്രവാസികളുടെ യാത്ര
text_fieldsസുഹാർ: ചൂട് കനത്തതോടെ കുളിര് തേടി പ്രവാസികൾ വാദിയിലേക്ക് യാത്രചെയ്യുന്നു. പാർക്കിലും ബീച്ചിലും ചൂട് കനത്തതോടെ ആളുകൾ വരാതെയായി. അതിന് പകരമായി ശരീരം തണുപ്പിക്കാൻ പ്രകൃതിദത്ത നീരുറവകളിലേക്കാണ് പലരും വാരാന്ത്യദിനങ്ങളിലും മറ്റും യാത്ര പോകുന്നത്. ജബൽ മേഖലകളിൽ നീന്താൻ കഴിയുന്ന വെള്ള കെട്ട് തേടിയാണ് അധിക യാത്രകളും. ബാത്തിന മേഖലയടക്കം ഒമാനിൽ നിരവധി വാദികളുണ്ട്. മഴ പെയ്യുന്ന സമയത്ത് വലിയ തോതിൽ വെള്ളം ഒഴുകുന്ന വാദികൾ ആണെങ്കിലും ഇപ്പോൾ വറ്റി വരണ്ട അവസ്ഥയിലാണ്. എന്നാൽ, ചിലയിടങ്ങളിൽ വറ്റിവരളാത്ത വെള്ള കെട്ടുകൾ ഇപ്പോഴും സജീവമായിട്ടുണ്ട്.
അത് തേടിയാണ് മലയാളികളടക്കമുള്ള പലരും യാത്ര ചെയ്യുന്നത്. സുഹാറിൽനിന്ന് യങ്കലിലെക്കുള്ള വഴിയിൽ വാദി ഹിബി, ഷിനാസ് അഖർ മേഖലയിലെ വാദി ഖമീസ്, ബുറൈമി റോഡിലെ സൾഫർ വാദി, സഹമിൽ നിന്ന് ജബൽ റോഡിലെ വാദി സറാമി, എന്നിങ്ങനെയുള്ള പ്രദേശങ്ങളിൽ എത്തിപ്പെട്ടാൽ പാറക്കെട്ടുകൾക്കുള്ളിൽ കുളിച്ചുല്ലസിക്കാൻ പാകത്തിലുള്ള നിരവധി വെള്ള കെട്ടുകളുണ്ട്. വാരാന്ത്യത്തിൽ നിരവധി പേരാണ് ഇവിടങ്ങളിൽ എത്തുന്നത്.
നല്ല തെളിമയുള്ള വെള്ളമാണ് എന്നതും മറ്റു ശല്യങ്ങളില്ലാതെ ബഹളവും ആർപ്പുവിളികളുമായി കൂട്ടമായി കുളിക്കാം എന്നുള്ളതും ഇവിടങ്ങളിലെ പ്രത്യേകതയാണ്. വീടുകൾ ഇല്ലാത്ത ഒറ്റപ്പെട്ട സ്ഥലങ്ങളാണ് കൂടുതലും. വലിയ വാദികളിൽ അങ്ങിങ്ങായി കാണുന്ന നാട്ടിലെ കുളം പോലെ തോന്നിക്കുന്ന വെള്ളക്കെട്ടിൽ കുട്ടികൾക്കും കുളിക്കാൻ പറ്റും. പർവതങ്ങളിൽനിന്ന് ഒഴുകി വരുന്ന ഉറവയിൽനിന്ന് ഉണ്ടാകുന്ന കൊച്ചു തടാകമാണിത്. നല്ല തണുപ്പും അടിയിൽ മിനുസ്സമുള്ള കല്ലുകളും നീന്തി കളിക്കുന്ന പരൽ മീനുകളും ഇവിടുത്തെ പ്രത്യേകതയാണ്. അടുത്തെങ്ങും കടകൾ ഉണ്ടാവില്ല എന്നതുകൊണ്ട് വെള്ളവും ഭക്ഷണവുമായാണ് യാത്ര ചെയ്യുന്നത്. കുളിച്ചും ഭക്ഷണം കഴിച്ചും ഒരു പകൽ മുഴുവൻ ചിലവഴിച്ചാണ് പലരുടെയും മടക്കം. ഓരോ ഗ്രൂപ്പിനും അവർ കണ്ടുപിടിക്കുന്ന ഇടങ്ങൾ ഉണ്ട്. കുടുംബവും കുട്ടികളുമായും ആളുകൾ എത്തും.
നല്ലൊരു ടൂറിസ്റ്റ് സ്ഥലമാണ് ജബൽ മേഖലയിലെ വെള്ള കെട്ടുകൾ. സാധാരണ കാറുകൾക്ക് പോകാൻ കഴിയുന്നതും ഫോർ വീൽ വാഹനങ്ങൾക്ക് പോകാൻ കഴിയുന്നതുമായ ഇടങ്ങളുണ്ട്. ഉയർന്ന താപനിലയിൽ കഴിയുമ്പോൾ ഒന്ന് മുങ്ങിക്കുളിക്കാൻ കഴിയുന്നത് ഒരു ആശ്വാസമാണ്. ഒമാനിലെ വിവിധ ഇടങ്ങളിൽ 49 ഡിഗ്രി സെൽഷ്യസിന് അടുത്താണ് താപനില രേഖപ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.