കൈയിൽ മഷി പുരട്ടി പ്രവാസികളും....
text_fieldsമസ്കത്ത്: കേരളത്തിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ പങ്കാളികളായി ഒമാനിൽനിന്നുള്ള പ്രവാസികളും. വേട്ടെടുപ്പിന് ദിവസങ്ങൾക്കുമുമ്പേ നിരവധിപേർ നാടണഞ്ഞിരുന്നു. ഇവരിൽ ഭൂരിഭാഗംപേരും രാവിലെതന്നെ തങ്ങളുടെ സമ്മതിദാനം വിനിയോഗിച്ച് നാട്ടിൻ പുറങ്ങളിലെ തെരഞ്ഞെടുപ്പ് ആരവങ്ങളിൽ മുഴുകി. മറ്റ് ചിലരാകട്ടെ വെള്ളിയാഴ്ചയായതുകൊണ്ട് ഉച്ചക്ക് ശേഷമായിരുന്നു പോളിങ് ബൂത്തിലെത്തിയത്.
പ്രവാസികളിൽ പലർക്കും ഇത് കന്നി വോട്ടായിരുന്നു. തെരെഞ്ഞെടുപ്പ് സമയത്ത് അധികം ആളുകൾക്കും ലീവ് കിട്ടാനും പ്രയാസമായിരുന്നു. അതുകൊണ്ടുതന്നെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ ഇവർക്ക് നാട്ടിലെത്താൻ സാധിച്ചിരുന്നില്ല. നിലവിൽ ഇന്ത്യയുടെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയാണുള്ളത്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിന് വളരെ അധികം പ്രധാന്യമുണ്ടെന്നും അതിനാലാണ് നാട്ടിലെത്തി വോട്ടുരേഖപ്പെടുത്തിയതെന്നും പലരും ഗൾഫ് മാധ്യമത്തോട് പ്രതികരിച്ചു. എന്നാൽ, നാട്ടിൽ പേകാൻ കഴിയാത്തവർ വീട്ടിലുള്ളവരെയും ബന്ധുക്കളെയും വിളിച്ചു വോട്ട് ചെയ്തെന്ന് ഉറപ്പുവരുത്തി തങ്ങളാൽ കഴിയുന്ന പിന്തുണ അറയിക്കുകയും ചെയ്തു.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന നേട്ടം യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് ഐക്യജനാധിപത്യമുന്നണി അനുഭാവികൾ പറഞ്ഞു. എന്നാൽ, 2004ന് സമാനമായ വിജയം ഉണ്ടാകുമെന്നാണ് ഇടതു കേന്ദ്രങ്ങൾ ഉറപ്പു പറയുന്നത്.
കഴിഞ്ഞ പത്തുവർഷകാലം മോദി സർക്കാർ കൈകൊണ്ട ജനവിരുദ്ധ സമീപനങ്ങൾ, പൗരത്വ വിഷയം, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, രാമക്ഷേത്രം എന്നീ വിഷയങ്ങളിൽ കോൺഗ്രസ് കൈക്കൊണ്ട ബി.ജെ.പി അനുകൂല നിലപാടുകളും ന്യൂനപക്ഷങ്ങൾക്കിടയിൽ ഇടതുപക്ഷത്തിന് അനുകൂല വികാരം ഉണ്ടാക്കിയെന്നും അത് മാറുമെന്നും സി.പി. അനുഭാവി സിയാദ് ഉണിച്ചിറ പറഞ്ഞു. പന്ത്രണ്ടു മുതൽ പതിനഞ്ചു വരെ സീറ്റുകളിൽ ഇടതുമുന്നണി സ്ഥാനാർഥികൾ വിജയിക്കുമെന്ന് കൈരളി ഒമാൻ ഭാരവാഹി സന്തോഷ്കുമാർ പറഞ്ഞു.
വോട്ടവകാശം വിനിയോഗിച്ച സംഘടനാ ഭാരവാഹികൾ മൂന്നു പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിൽ ഒരിക്കൽപോലും വോട്ട് മുടക്കിയിട്ടില്ലാത്ത കോൺഗ്രസ് നേതാവ് സിദ്ദിഖ് ഹസ്സൻ ചാലക്കുടി മണ്ഡലത്തിലെ കുന്നത്തുനാട് അസംബ്ലി മണ്ഡലത്തിൽ രാവിലെ തന്നെ കുടുംബസമേതം വോട്ടു രേഖപ്പെടുത്തി. ഇവിടെത്തെ 102ാം ബൂത്തിലെ ബൂത്ത് ഏജന്റ് കൂടിയായിരുന്നു ഇദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചാരണവുമായി കേരളത്തിൽ പലയിടത്തും സഞ്ചരിച്ചപ്പോൾ യു.ഡി.എഫ് തരംഗമാണെന്ന് മനസ്സിലാക്കാൻ സാധിച്ചുവെന്നും ചാലക്കുടി മണ്ഡലത്തിലും അതിന്റെ പ്രതിഫലനം കാണാമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി ക്ഷേമനിധി ബോർഡ് അംഗം വിൽസൺ ജോർജ് വയനാട് ലോക്സഭാ മണ്ഡലത്തിലെ നിലമ്പൂരിൽ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി വൻ ഭൂരിപക്ഷത്തിൽ വിജയിച്ച വയനാട്ടിൽ ഇത്തവണ ആനി രാജ ഉണ്ടാക്കിയ മുന്നേറ്റം വളരെ വലുതാണ് എന്നും അതുകൊണ്ടുതന്നെ വലിയൊരു അട്ടിമറി പ്രതീക്ഷിക്കാമെന്നും വിൽസൺ ജോർജ് പറഞ്ഞു. കെ.എം.സി.സി കേന്ദ്രകമ്മിറ്റി ട്രഷറർ പി.ടി.കെ ഷെമീർ കുടുംബസമേതം വടകര ലോകസഭ മണ്ഡലത്തിലെ വടകര മുനിസിപ്പാലിറ്റി 146ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. മക്കളായ നിദയുടെയും നൂറയുടെയും കന്നിവോട്ട് കൂടിയായിരുന്നു ഇത്തവണ.
ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനർ സജി ഔസേപ്പ് കോട്ടയം മണ്ഡലത്തിലും ഇൻകാസ് വൈസ് പ്രസിഡന്റ് എസ്.പി.നായർ തിരുവനന്തപുരത്തും ഒ.ഐ.സി.സി -ഇൻകാസ് ഗ്ലോബൽ ചെയർമാൻ ശങ്കരപിള്ളൻ കുമ്പളത്ത്, എൻ.ഒ.ഉമ്മൻ എന്നിവർ കൊല്ലം മണ്ഡലത്തിലെ വിവിധ ബൂത്തുകളിലും വോട്ട് രേഖപ്പെടുത്തി. ഇൻകാസ് നാഷനൽ സെക്രട്ടറി സന്തോഷ് പള്ളിക്കൽ പത്തനംതിട്ടയിലും അജോ കട്ടപ്പന ഇടുക്കിയിലും ഇൻകാസ് നിസ്വ പ്രസിഡന്റ് ഇ.വി.പ്രദീപ് തൃശൂരിലും, ഇൻകാസ് ഒമാൻ പ്രസിഡന്റ് അനീഷ് കടവിൽ ചാലക്കുടി മണ്ഡലത്തിലെ പെരുമ്പാവൂരിലും വോട്ട് ചെയ്തു.
കൈരളി ഒമാൻ ഭാരവാഹികളായ ബാലകൃഷ്ണൻ കണ്ണൂർ മണ്ഡലത്തിലെ തളിപ്പറമ്പിലും സന്തോഷ് എരിഞ്ഞേലി ധർമ്മടത്തും ഷിബു ആറങ്ങാലി ചാലക്കുടിയിലും രാജീവൻ കാസർകോടും വോട്ടുചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പോഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ വലിയ രീതിയിലുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് ഒമാനിലുടനീളം നടത്തിയത്. കെ.എം.സി.സിയുടെ നേതൃത്വത്തിൽ വോട്ട് വിമാനം അടക്കം നാട്ടിലേക്ക് പുറപ്പെട്ടിരുന്നു. അതേസമയം എൻ.ഡി.എ അനുഭാവികളുടെ പരസ്യപ്രചരണം ഉണ്ടായില്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.