പ്രവാസികൾ അറിയണം, വായ്പ തിരിച്ചടവിലെ കാണാപ്പുറങ്ങൾ
text_fieldsഏതെങ്കിലും തരത്തിലുള്ള വായ്പകൾ എടുക്കാത്ത ആളുകൾ ഉണ്ടാകില്ല. പ്രവാസികളെ സംബന്ധിച്ചിടത്തോളം വീട്, വാഹനം, വിദ്യാഭ്യാസം, വ്യക്തിഗത വായ്പ എന്നിവ സാധാരണമാണ്. ഇതിൽ പ്രവാസികൾ ഏറ്റവും കൂടുതൽ എടുക്കുന്നതും പിന്നീട് പ്രശ്നങ്ങളിൽ അകപ്പെടുന്നതും പ്രധാനമായും ഭവന വായ്പകളാണ്. ഇതിന്റെ പ്രധാന കാരണം വീടും വസ്തുവും അഥവ ഫ്ലാറ്റ് വാങ്ങുമ്പോഴോ അല്ലെങ്കിൽ വസ്തു വാങ്ങി വീട് പണിയുകയോ അതുമല്ലെങ്കിൽ നമ്മുടെ വസ്തുവിൽ വീട് പണിയുമ്പോഴോ മുഴുവൻ തുകയുടെ ഏകദേശം 85 മുതൽ 90 ശതമാനം വരെ വായ്പ എടുക്കുന്നതാണ്. ഇത് ഒരു 75 ശതമാനം താഴെ ആക്കാൻ ശ്രമിക്കണം. എന്നാലെ പകുതി പ്രശ്നം തീർന്നെന്നു കരുതാം .
ഇത്തരം ദീർഘകാല വായ്പകൾക്ക് ബാങ്കുകൾ ഇം.എം.ഐ, അതായതു ആദ്യാവസാനം മാസം ഒരേ തുക അടക്കുന്ന രീതി (Equated Monthly Instalments) ആണ് സ്വീകരിച്ചു വരുന്നത്. ഇ.എം.ഐ തുക തീരുമാനിക്കുന്നത് ലോൺ തുക, പലിശനിരക്ക്, തിരിച്ചടവ് കാവാവധി എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
പൊതുവെ ബാങ്കുകൾ ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിൽക്കുന്ന തുകക്ക് ദിവസ നിരക്കിലാണ് പലിശ ഈടാക്കുന്നത്. ഉദാഹരണമായി നിങ്ങൾ ഒമ്പത് ശതമാനം പലിശക്ക് 10 ലക്ഷം രൂപ 20 വർഷ കാലാവധിക്ക് ഒരു ഗാർഹിക വായ്പ എടുക്കുന്നു എന്ന് കരുതുക. നിങ്ങൾ എല്ലാ മാസവും ഒരു നിശ്ചിത തീയതിയിൽ അടക്കേണ്ട തുക 8997 രൂപയാണ്. ബാങ്കുകൾ നിങ്ങൾ അടക്കുന്ന മാസ തവണ തുക, ആദ്യം ആ മാസത്തെ വായ്പയുടെ മാസ പലിശയിൽ വരവുവെക്കുകയും ബാക്കി മുതലിൽ കുറവ് ചെയ്യുകയുമാണ് പതിവ് . അപ്പോൾ നിങ്ങൾ അടക്കുന്ന 8997 രൂപയിൽ ആദ്യമാസം 7500 പലിശയും 1497 രൂപ മുതലിലും വരവ് വെക്കും. അപ്പോൾ ബാക്കി ലോൺ 998503 ആണ് .
അടുത്തമാസം പലിശ കണക്കു കൂട്ടുന്നത് 9,98,503 രൂപക്കാണ്. അപ്പോഴും നിങ്ങൾ അടക്കുന്നത് 8997 രൂപയാണ്. ഇതിൽ 7488 രൂപ പലിശക്കും ബാക്കി 1509 രൂപ ലോണിലും വരവുവെക്കും. സാധാരണ ഗതിയിൽ 20 വർഷത്തിന്റെ അവസാനം അടക്കുന്ന 8997 രൂപ 8930 രൂപ ലോണിലേക്കും ബാക്കി 67 രൂപ പലിശയായും അടച്ചു ലോൺ ക്ലോസ് ആക്കുന്നു .
എന്നാൽ, പ്രശ്നം ഇവിടെ അല്ല. ബാങ്കുകൾ കലാകാലങ്ങളിൽ പലിശയിൽ മാറ്റം വരുത്താറുണ്ട്. ഇതനുസരിച്ചു അടക്കേണ്ട തുകയിൽ വ്യത്യാസം വരും. പലിശ കൂടുമ്പോഴാണ് പ്രശ്നം. ഉദാഹരണത്തിന് മുകളിൽ പറഞ്ഞ ലോണിന് ഒരു വർഷം കഴിഞ്ഞു ഒമ്പത് ശതമാനത്തിൽനിന്ന് 10 ശതമാനമായി പലിശ ഉയരുമ്പോൾ, യഥാർഥത്തിൽ അടക്കേണ്ട മാസ തവണ 9470 ആയി ഉയരുന്നു. 12 മാസത്തിന്റെ അവസാനം കൃത്യമായി അടക്കുന്ന ഒരാളുടെ ലോൺ അപ്പോൾ ബാക്കി 9,81,319 ആയിരിക്കും .
നമ്മൾ അടക്കുന്നതോ പഴയ 8997 രൂപ മാത്രം. അപ്പോൾ ഈ 8977 ൽ 8177 രൂപ പലിശക്ക് പോകും ബാക്കി 800 രൂപയാണ് മുതലിൽ കുറയുന്നത്. കുറയേണ്ടത് 1292(9470 അടച്ചാൽ ). അപ്പോൾ എന്താണ് സംഭവിക്കുന്നത്. ലോൺ തുക നേരെത്തേ തീരുമാനിച്ചതുപോലെ കുറയില്ല. എത്ര അടച്ചാലും തീരില്ല എന്ന സാഹചര്യം സംജാതമാകുന്നു. വായ്പ എടുത്തയാൾ പതിയെ പതിയെ കുഴപ്പത്തിലാകുന്നു . വായ്പ തുക ബാക്കിയുള്ളത് കൂടാനുള്ള മറ്റു കാരണങ്ങൾ നമ്മൾ അടക്കുന്ന തീയതിയിലെ മാറ്റം, കുടിശ്ശിക, ഇൻഷുറൻസ്, ബാങ്കുകൾ മേടിക്കുന്ന മറ്റു ചിലവുകൾ എന്നിവയാണ്. മുന്ന് മാസം കുടിശ്ശിക വരുത്തിയാൽ ബാങ്കുകൾ അക്കൗണ്ടിനെ നിഷ്ക്രിയ ആസ്തി ആക്കുകയും മറ്റു റിക്കവറി നടപടികളിലേക്ക് പോകുന്നതുമാണ് . പലിശയിൽ മാറ്റം വരുന്നത് മൂലമുണ്ടാകുന്ന അധിക തിരിച്ചടവു ചെയ്തില്ലെങ്കിൽ, നിങ്ങൾ പഴയ തുക കൃത്യമായി അടച്ചാലും അക്കൗണ്ട് നിഷ്ക്രിയ ആസ്തി ആകാൻ സാധ്യതയുണ്ട് .
എന്താണ് പരിഹാര മാർഗം
1.കൃത്യമായി ബാങ്ക് പറഞ്ഞിരിക്കുന്ന തീയതിയിലോ അതിനു മുമ്പോ മാസ തവണ അടക്കുക
2. കുടിശ്ശിക വന്നാൽ, കുടിശ്ശിക തുകയും കുടിശ്ശികയുടെ നാളിതുവരെയുള്ള പലിശയും ചേർത്തടക്കുക.
3. ബാങ്ക് വസൂലാക്കുന്ന ചാർജ്സ്, ഇൻഷുറൻസ് , വസ്തുവുമായി ബന്ധപ്പെട്ടു ബാങ്കുകൾക്കു ചെലവാക്കുന്ന തുക എന്നിവ അക്കൗണ്ടിൽ വരുന്ന മുറക്ക് അധികത്തിൽ അടച്ചു പോകണം.
4. പലിശ നിരക്കിൽ മാറ്റം വരുമ്പോൾ ബാങ്കുമായി ബന്ധപ്പെട്ടു പുതിയ ഇ.എം.ഐ തുക നിർബന്ധമായും അടക്കണം. ബാങ്കുകൾ ഇത് കസ്റ്റമേറെ അറിയിക്കണം എന്നാണ് നിയമമെങ്കിലും പലപ്പോഴും പാലിക്കപ്പെടാറില്ല.
5. വായ്പ എടുക്കുമ്പോൾ എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കണം. പ്രത്യേകിച്ച് പലിശയുടെ കാര്യവും മറ്റു അനുബന്ധ ചെലവുകളും.
6. ഇന്റർനെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ച് സ്റ്റേറ്റ്മെന്റ് കൃത്യമായി പരിശോധിക്കുക . നമ്മൾ നാളിതുവരെ അടക്കേണ്ട തുകയും അടച്ച തുകയും അറിയാൻ പറ്റും . ലോൺ ബാലൻസ് ഡ്രായിങ് പവറി നെകാൾ (DP) കുറവാണെന്നു കണിശമായും ഉറപ്പു വരുത്തുക.
തെറ്റിദ്ധാരണ മാറ്റണം
ബാങ്ക് നിഷ്കർഷിച്ചിരിക്കുന്ന ഇ.എം.ഐ മാത്രം അടച്ചാൽ മതി, കൂടുതൽ അടക്കുന്നത് ശരിയല്ല എന്നൊരു തെറ്റിദ്ധാരണ നല്ല വിദ്യാഭ്യാസമുള്ളവരിലും ഉണ്ടെന്നുള്ളത് ഒരു വാസ്തവമാണ്.
കഴിയുന്നതും അടക്കേണ്ട ഇ.എം.ഐയിൽ നിന്നും അവനന്റെ കഴിവിനനുസരിച്ചു പരമാവധി കൂടുതൽ തുക അടക്കുക. ഒരു മാസം തന്നെ പല തവണ അടക്കാം. നിലവിലുള്ള ഇ.എം.ഐ തന്നെ അടക്കാൻ ബുദ്ധിമുട്ടുമ്പോൾ അധികം എങ്ങനെ അടക്കും എന്നൊരു ചോദ്യമുയരും. കൊക്കിൽ കൊള്ളുന്നത് എടുക്കുക" എന്നതാണ് ലളിതമായ ഉത്തരം. ഇങ്ങനെ അധികമായി അടക്കുന്നത് കൊണ്ട് ലോൺ നേരെത്തെ ക്ലോസ് ചെയ്തു ബാധ്യതയിൽ നിന്നും ഒഴിവാകാം. രണ്ടാമതായി നേരത്തെ പറഞ്ഞതുപോലെ പിന്നീട് പലിശ കൂടുമ്പോഴുണ്ടാകാനിടയുള്ള അധിക ബാധ്യത ഒരു അളവുവരെ കുറക്കാൻ കഴിയും.
നേരത്തേ ലോൺ അടച്ചു തീർക്കന്നുതുകൊണ്ട് പൊതുമേഖ ബാങ്കുകൾ പിഴ പലിശ ഈടാക്കാറില്ല എന്ന കാര്യവും അറിയുക.കൂടുതൽ പണം ലോണിൽ അടക്കുന്നത് ശരിയല്ല എന്ന തെറ്റിദ്ധാരണ ഒഴിവാക്കി പ്രവാസികൾ കഴിയുന്നതും ബാധ്യത നേരത്തേ തീർത്തു കടക്കെണിയിൽനിന്നും അതുപോലെ ഇ.എം.ഐയുടെ ചതിക്കുഴിയിൽ നിന്നും വിമുക്തമാവണം. അതായതു പ്രവാസിയുടെ ജോലി സ്ഥിരതക്ക് ഭീഷണിയുള്ള അവസ്ഥയിൽ ബാധ്യതകൾ കുറച്ചു ഞെരുക്കം ഉണ്ടായാലും നേരത്തെ തീർക്കുന്നതല്ലേ നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.