പ്രതീക്ഷകളുടെ തിരുവോണം; കെങ്കേമമാക്കി പ്രവാസികൾ
text_fieldsമസ്കത്ത്: കോവിഡ് മഹാമാരിയുടെ അന്തരീക്ഷത്തിലുള്ള രണ്ടാമത്തെ ഓണം ഒമാനിലെ പ്രവാസിസമൂഹം കെങ്കേമമായി ആഘോഷിച്ചു. ഇത്തവണയും കോവിഡ് ഭീതി ഉണ്ടെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ ആശ്വാസകരമായ അന്തരീക്ഷം ആയിരുന്നു. ഉത്രാടവും തിരുവോണവും വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിൽ വന്നത് ആഹ്ലാദകരമായി. സാധനങ്ങൾ വാങ്ങാനും സദ്യവട്ടങ്ങൾ ഒരുക്കാനും വേണ്ടത്രസമയം എല്ലാവർക്കും ലഭിച്ചു. നഗരത്തിലെ ഹൈപ്പർ മാർക്കറ്റുകൾ ഓണത്തിന് വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു. നാട്ടിലേതിന് സമാനമായി നാടൻ പച്ചക്കറികളും പഴങ്ങളുമൊക്കെയായി ഓണച്ചന്തകളും ഒരുക്കിയിരുന്നു. നാട്ടിൽനിന്ന് വേണ്ടത്ര വിമാനങ്ങൾ വരാത്തതിനാൽ പൂക്കളധികം ഉണ്ടായിരുന്നില്ല. കോവിഡ് ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സുപ്രീം കമ്മിറ്റി നിർദേശം ഉള്ളതിനാൽ ഒത്തുചേരലുകളോ കലാപരിപാടികളോ ഉണ്ടായിരുന്നില്ല. ആളുകൾ വീടുകളിൽതന്നെ പൂക്കളം ഒരുക്കി ഓണം കെങ്കേമമാക്കുകയായിരുന്നു. ബാച്ചിലർമാർക്ക് ഒപ്പം പല കുടുംബങ്ങളും ഓണസദ്യക്കായി ഹോട്ടലുകളെ ആശ്രയിച്ചു. ഹോട്ടലുകളിൽ 50 ശതമാനം ശേഷിയിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുള്ളത് ആശ്വാസമായി. എല്ലാ ഹോട്ടലുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 25 മുതൽ 30 വരെ വിഭവങ്ങൾ അടങ്ങിയ ഓണസദ്യക്ക് രണ്ടു റിയാൽ മുതൽ മൂന്നര റിയാൽ വരെയാണ് ഈടാക്കിയത്. ഏറെ നാളുകൾക്കുശേഷം നല്ല കച്ചവടം കിട്ടിയതിെൻറ സന്തോഷത്തിലാണ് ഹോട്ടലുകാർ.
തിരുവോണ ദിവസം ആരും പട്ടിണി കിടക്കരുത് എന്ന നിർബന്ധംമൂലം നഗരത്തിലെ ലേബർ ക്യാമ്പുകൾ, ബാച്ചിലർ ക്വാർട്ടേഴ്സുകൾ എന്നിവിടങ്ങളിൽ നിരവധി വ്യക്തികൾ ഓണസദ്യ വിതരണം ചെയ്തു. പ്രമുഖ ഇലക്ട്രിക്കൽ വ്യാപാരസ്ഥാപനമായ ഗൾഫ് പയനീർ സ്റ്റാർ ഉടമയായ കൊടുങ്ങല്ലൂർ സ്വദേശി സതീശൻ മസ്കത്തിലെ വിവിധ ഇടങ്ങളിൽ 350ലേറെ ഓണസദ്യ കിറ്റുകൾ വിതരണം ചെയ്തു. ശനിയാഴ്ച മുതൽ
രാത്രികാല സഞ്ചാരവിലക്കുകൾ അവസാനിച്ചതും ആശ്വാസമായി. കോവിഡ് കാലത്തിന് മുമ്പുണ്ടായിരുന്ന രീതിയിൽ മാസങ്ങൾ നീളുന്ന ഓണാഘോഷം ഇക്കുറിയും ഉണ്ടാകില്ല. എന്നിരുന്നാലും കഴിഞ്ഞവർഷത്തേക്കാൾ കേമമായി മലയാളികളുടെ ദേശീയ ഉത്സവം ആഘോഷിച്ചുവെന്ന സംതൃപ്തിയിൽ പ്രവാസികൾ ഇന്നു മുതൽ ദൈനംദിന തിരക്കുകളിലേക്ക് നീങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.