ഒമാനിൽ കോവിഡ് കേസുകളും മരണവും ഉയരാനിടയെന്ന് വിദഗ്ധർ
text_fieldsമസ്കത്ത്: രാജ്യത്ത് വരും ദിവസങ്ങളിൽ കോവിഡ് കേസുകളും മരണവും ഉയരാൻ സാധ്യത. രോഗ വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതി വിവരങ്ങൾ പരിശോധിക്കുേമ്പാൾ പ്രതിദിന കേസുകൾ 2000ത്തിന് മുകളിലെത്താൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
അടുത്തയാഴ്ചയോടെ പ്രതിദിന മരണനിരക്ക് 20ന് മുകളിലെത്താനും സാധ്യതയുണ്ട്. വാക്സിൻ എടുത്തവരാണെങ്കിൽകൂടി മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അവസരമുള്ളവർ നിർബന്ധമായും വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച 1640 പേരാണ് പുതുതായി കോവിഡ് ബാധിതരായത്. 19 പേർ മരണപ്പെടുകയും ചെയ്തു. ഏറ്റവും ഉയർന്ന മരണനിരക്കുകളിൽ ഒന്നാണിത്. ജാഗ്രത കൈവിടരുതെന്നും അല്ലാത്തപക്ഷം കോവിഡ് അപകടകരമായ രീതിയിൽ വ്യാപിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ജൂണിൽ ഇതുവരെ പ്രതിദിനം 1300 പേർ എന്ന തോതിൽ 13,000 പേരാണ് രോഗബാധിതരായത്. നിലവിലെ സ്ഥിതി തുടർന്നാൽ കഴിഞ്ഞ വർഷം ജൂലൈയിലെ 39,000 രോഗികൾ എന്ന റെക്കോർഡ് പിന്നിടാൻ സാധ്യതയുണ്ട്. കഴിഞ്ഞ ഏപ്രിൽ 16, 17, 18, 20 തീയതികളിലും 19 മരണം രേഖപ്പെടുത്തിയിരുന്നു.
122 പേരാണ് ജൂണിൽ ഇതുവരെ മരണപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണത്തിൽ ഈ മാസമുണ്ടായത് 31 ശതമാനത്തിെൻറ വർധനയാണ്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം 40 ശതമാനവും വർധിച്ചിട്ടുണ്ട്.
രോഗ വ്യാപനം സംബന്ധിച്ച സൂചനകൾ ആശങ്ക ജനിപ്പിക്കുന്നതാണെന്ന് റോയൽ ആശുപത്രിയിലെ പകർച്ചവ്യാധി രോഗ വിഭാഗം മേധാവി ഡോ. ഫരിയാൽ ബിൻത് അലി അൽ ലവാത്തി പറയുന്നു. നിലവിലെ സാഹചര്യം തുടരുന്ന പക്ഷം മരണങ്ങൾ വർധിക്കാനും വീണ്ടും കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്.
സാമൂഹിക അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ, ഹാൻഡ് സാനിറ്റൈസേഷൻ തുടങ്ങിയ മുൻകരുതൽ നടപടികൾ ഒരു വിഭാഗമാളുകൾ ലംഘിച്ചതാണ് രോഗ വ്യാപനത്തിന് കാരണമെന്നും അവർ പറഞ്ഞു. കോവിഡ് ഭേദമായവരും ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
രോഗമുക്തമാകുന്ന സമയത്ത് രക്തം കട്ട പിടിക്കാൻ സാധ്യതയേറെയാണ്. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവക്കും സാധ്യതയേറെയാണ്. രോഗമുക്തരായവരെ വിഷാദം, ഉത്കണ്ഠ, ഭയം എന്നിവക്ക് പുറമെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഭയം മൂലമുള്ള മാനസിക പ്രശ്നങ്ങളും അലട്ടുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.