രാസവസ്തുക്കളുടെ കയറ്റിറക്കുമതി: കൃത്യമായ പാക്കിങ് ഉറപ്പുവരുത്തണം
text_fieldsമസ്കത്ത്: രാസവസ്തുക്കളുടെ കയറ്റിറക്കുമതിയടക്കം മേഖലകളിൽ പ്രവർത്തിക്കുന്നവർ കൃത്യമായ സുരക്ഷ നടപടികൾ പാലിക്കണമെന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി നിർദേശിച്ചു.പ്രത്യേക പാക്കിങ്ങുകളില്ലാതെ രാസവസ്തുക്കൾ കയറ്റിറക്കുമതി ചെയ്യുന്നതും ശേഖരിക്കുന്നതും ശേഖരിച്ചുവെക്കുന്നതും കൈകാര്യം ചെയ്യുന്നതും നിരോധിക്കപ്പെട്ട കാര്യമാണ്.
ഒമാനിൽ അംഗീകരിക്കപ്പെട്ട മാർഗനിർദേശങ്ങൾ ഇത്തരം കാര്യങ്ങളിൽ പാലിക്കാത്തത് ശിക്ഷാർഹമായ കാര്യമാണെന്നും ഒമാൻ പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നൽകി.നിയമലംഘനം കണ്ടെത്തുന്ന പക്ഷം മാലിന്യ രാസവസ്തുക്കൾ, ശൂന്യമായ കണ്ടെയ്നറുകൾ തുടങ്ങിയവ ബന്ധപ്പെട്ട കക്ഷികൾ അതോറിറ്റിയുടെ മേൽനോട്ടത്തിൽ സ്വന്തം ചെലവിൽ നീക്കം ചെയ്യാൻ ബാധ്യസ്ഥരാണ്.
രാസവസ്തുക്കളുടെ ഉപയോഗ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് മൂന്നുവർഷം വരെ തടവും 5000 റിയാൽ പിഴയോ രണ്ടിൽ ഏതെങ്കിലുമൊരു ശിക്ഷയോ നൽകാൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ബന്ധപ്പെട്ട രാസവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്യും. കുറ്റകൃത്യം ആവർത്തിക്കുന്ന പക്ഷം പിഴ സംഖ്യ ഇരട്ടിയാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.