മുസന്ദത്ത് അതിഥികളായി വംശനാശഭീഷണി നേരിടുന്ന പക്ഷികൾ
text_fieldsമസ്കത്ത്: വംശനാശ ഭീഷണി നേരിടുന്ന പക്ഷി സമൂഹമായ സുകോത്ര കോർമോറന്റിന്റെ പ്രധാന സീസണൽ ആവാസ കേന്ദ്രമായി മാറി മുസന്ദം ഗവർണറേറ്റ്. അറേബ്യൻ ഗൾഫ്, അറേബ്യൻ പെനിൻസുലയുടെ തെക്കു കിഴക്കൻ തീരം, യമനിലെ സുകോത്ര ദ്വീപ് എന്നിവിടങ്ങളിൽ കാണപ്പെടുന്ന പക്ഷികളാണ് സുകോത്ര കോർമോറന്റ്. ഇവ ചെങ്കടൽ വരെ സഞ്ചരിക്കുകയും സുകോത്ര ദ്വീപുകളിൽ പ്രജനനം നടത്തുകയുമാണ് ചെയ്യാറ്. പരിസ്ഥിതി സംരക്ഷണ വിഭാഗം മേധാവി എൻജി. നൂറ ബിൻത് അബ്ദുല്ല അൽ ഷെഹിയാണ് മുസന്ദം ഗവർണറേറ്റിലെ ഈ പക്ഷികളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയത്.
മേയ് മുതൽ സെപ്റ്റംബർ വരെയാണ് മുസന്ദത്തിലെ പാറയും മണലും നിറഞ്ഞ തീരപ്രദേശങ്ങളിൽ സുകോത്ര കോർമോറന്റുകൾ കാണപ്പെടുന്നത്. കഴിഞ്ഞ വർഷം 45,000 ഓളം കോർമോറന്റുകളാണ് എത്തിയത്.
മുസന്ദത്തിൽ സുലഭമായ മത്തിയാണ് ഈ പക്ഷികളെ ഇങ്ങോട്ടേക്ക് കൂടുതൽ ആകർഷിക്കുന്നതെന്ന് അബ്ദുല്ല അൽ ഷെഹി പറഞ്ഞു.പ്രായപൂർത്തിയായ പക്ഷികൾക്ക് കറുത്ത തൂവലുകളുണ്ടാകും. പ്രായപൂർത്തിയാകാത്ത കോർമോറന്റുകൾക്ക് വ്യതിരിക്തമായ വെളുത്ത വയറും തവിട്ട് തൂവലുകളുമാണുണ്ടാകുക. മെലിഞ്ഞ കഴുത്തും ഏകദേശം 80 സെന്റീമീറ്റർ നീളവും പക്ഷിയെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കും. പ്രാദേശികമായി 'ലോവ്' എന്നറിയപ്പെടുന്നതാണ് സുകോത്ര കോർമോറന്റുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.