ബോധംകെടുത്തി പണം കവർന്നു; ഷെയര്‍ ടാക്സി യാത്രക്കാര്‍ സൂക്ഷിക്കുക!
text_fieldsമത്ര: അപരിചിതരോടൊപ്പം ഷെയര്‍ ടാക്സി യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കുക. കഴിഞ്ഞ ദിവസം റുവിയില്നിന്നും മത്രയിലേക്കുള്ള യാത്രാമധ്യേ മലയാളിക്ക് നഷ്ടപ്പെട്ടത് 150 റിയാല്‍. കാസർകോട് സ്വദേശി റുവിയില്നിന്നും മത്രയിലേക്ക് ടാക്സിയില്‍ കയറിയതായിരുന്നു.
സഹയാത്രികരായി പാക്കിസ്താനി സ്വദേശികളെന്ന് തോന്നിക്കുന്ന വേഷം ധരിച്ച മൂന്നുപേർ വേറെയും ഉണ്ടായിരുന്നു. ടാക്സിയില്‍ നേരത്തെ സ്ഥലം പിടിച്ച ഇവർ മലയാളി കൂടി എത്തിയതോടെ ഒരാൾ മുന്നിലും ബാക്കി രണ്ട് പേർ മലയാളിയെ നടുക്കാക്കും വിധം ഇരുവശങ്ങളിലുമായി യാത്ര തുടർന്നു. ഇവരുടെ മാറിയിരുത്തത്തില് ചതിക്കുഴി മനസ്സിലാക്കാതെയാണ് മലയാളി യാത്ര തുടര്‍ന്നത്. ഇതിനിടക്ക് അബോധാവസ്ഥയിലേക്ക് പോകുകയും ചെയ്തു.
മത്രയിലെത്തി ടാക്സി ഡ്രൈവര്‍ വിളിച്ചുണര്‍ത്തിയപ്പോഴാണ് ഉണരുന്നത്. പതിവായി യാത്ര ചെയ്ത് ശീലമുള്ളയാളാണ്. അതിനാല്‍ തന്നെ യാത്രക്കിടെ ഉറങ്ങുന്ന പതിവില്ലെന്നുമാണ് ഇദ്ദേഹം പറയുന്നത്. ഡ്രൈവര്‍ വിളിച്ച് ഉണര്‍ന്നയുടന്‍ കീശ പരിശോധിച്ചപ്പോള്‍, ഉണ്ടായിരുന്ന 150റിയാൽ നഷ്ടമായിരുന്നു. സഹയാത്രികരായി ഉണ്ടായിരുന്നവരാകട്ടെ ഒമാന്‍ ഹൗസിനടുത്ത് ഇറങ്ങിപ്പോയെന്ന് ഡ്രൈവര്‍ അറിയിച്ചപ്പോഴാണ് സംഘം പണം തട്ടിപ്പ് ലക്ഷ്യമിട്ടുള്ള യാത്രക്ക് ഇറങ്ങിയവരാണെന്ന് ബോധ്യമായതെന്ന് മലയാളി പറഞ്ഞു.
ടാക്സി യാത്രക്കിടയില്‍ നേരത്തെയും സമാനമായ അനുഭവങ്ങള്‍ ഉണ്ടായതായി മറ്റൊരു യാത്രക്കാരനും പറയുന്നു. ബോധം നഷ്ടപ്പെടുത്താന്‍ മൂക്കില്‍ എന്തോ മണപ്പിച്ചത് പോലെ തുടക്കത്തില്‍ അനുഭവപ്പെട്ടതായി ഇദ്ദേഹം ഓര്‍ത്തെടുക്കുന്നുണ്ട്. ഏതായാലും ഇത്തരം യാത്രക്കിടയില്‍ ജാഗ്രതയും സൂക്ഷ്മതയും ആവശ്യമാണെന്നാണ് സംഭവം തെളിയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.