കടുത്ത ചൂടും സ്കൂൾ അവധിയും; ഒമാനിൽ പെരുന്നാൾ പൊലിമ കുറയും
text_fieldsമസ്കത്ത്: രാജ്യത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടും സ്കൂൾ അവധിയും ബലിപെരുന്നാൾ പൊലിമ കുറക്കും. ഒമാനിൽ കൊടും ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. പല ഇടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ചൂട് 50 ഡിഗ്രി സെൽഷ്യസിനടുത്തെത്തിയിരുന്നു. ഇപ്പോഴും ഒമാനിൽ പരക്കെ കടുത്ത ചൂട് തന്നെയാണ് അനുഭവപ്പെടുന്നത്. ഇതോടെ പൊതുജനങ്ങൾ പകൽസമയം പുറത്തിറങ്ങുന്നത് കുറക്കുകയാണ്. പലരും പകൽസമയം വീട്ടിൽതന്നെ കഴിയുകയും രാത്രികാലങ്ങളിൽ പുറത്തിറങ്ങുകയുമാണ് ചെയ്യുന്നത്. സ്കൂൾ വേനലവധി ആരംഭിച്ചത് കാരണം നിരവധി കുടുംബങ്ങൾ നാട്ടിലേക്ക് പോയതും മലയാളി ഈദ് ആഘോഷങ്ങളെ പ്രതികൂലമായി ബാധിക്കും. മലയാളി കുടുംബങ്ങൾ കുറഞ്ഞത് ഈദ്ഗാഹുകൾ അടക്കം എല്ലാ മേഖലകളിലും തിരക്ക് കുറയാൻ കാരണമാവും.
പെരുന്നാൾ അവധിയോടനുബന്ധിച്ചുള്ള പിക്നിക്കുകളും വിനോദ യാത്രകളും കുറയാനിടയുണ്ട്. അഞ്ച് ദിവസത്തെ അവധിയുണ്ടായിട്ടും പലരും താമസ ഇടങ്ങളിൽതന്നെ കഴിയുകയും ദൂരയാത്രകൾ ഒഴിവാക്കുകയും ചെയ്യും. പലരും പകൽയാത്ര ഒഴിവാക്കി രാത്രികാലങ്ങളിൽ സമീപത്തുള്ള ബീച്ചുകളിലും മറ്റിടങ്ങളിലുമായിരിക്കും അവധി ആഘോഷിക്കുക. ഇതോടെ ബീച്ചുകളിലും കോർണീഷ് അടക്കമുള്ള ഇടങ്ങളിലും അവധികാലത്ത് വൈകുന്നേരങ്ങളിൽ തിരക്ക് വർധിക്കും. എന്നാൽ, തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്ന ഇടങ്ങളിൽ തിരക്ക് വർധിക്കാനും സാധ്യതയുണ്ട്. ജബൽ അഖ്ദർ, സലാല, റുസ്താഖിലെ വാക്കാൻ വില്ലേജ് തുടങ്ങിയ ഇടങ്ങളിലേക്ക് ജനങ്ങൾ ഒഴുകും.
ചൂട് കൂടിയതോടെ ഫാം ഹൗസുകളിൽ തിരക്ക് വർധിച്ചിട്ടുണ്ട്. സ്കൂൾ അവധി ആരംഭിച്ചതോടെ തന്നെ ഫാമുകളിൽ തിരക്ക് വർധിച്ചതായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന പൈങ്ങോട്ടായി സ്വദേശി പി.സി. മുഹമ്മദ് പറഞ്ഞു. ഇതോടെ നിരക്കുകളും ഉയർന്നു. പെരുന്നാൾ സീസണിൽ ഡിമാൻഡ് വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. ഇതോടെ ദിവസത്തേക്ക് 80 മുതൽ 100 റിയാൽ വരെ ഈടാക്കിയിരുന്ന ഫാം ഹൗസുകളുടെ നിരക്കുകൾ 130 റിയാലായി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പെരുന്നാൽ തിരക്ക് മുന്നിൽ കണ്ട് ചിലർ നേരത്തെതന്നെ ഫാം ഹൗസുകൾ ബുക്ക് ചെയ്തിരുന്നു. സ്വിമ്മിങ് പൂളുകളും ഇൻഡോർ പരിപാടികളും നടത്താനുള്ള സൗകര്യങ്ങൾ ഫാം ഹൗസുകളിലുള്ളതിനാൽ പലരും വേനൽക്കാലത്ത് ആഘോഷങ്ങൾക്ക് ഫാം ഹൗസുകളാണ് തിരഞ്ഞെടുക്കുന്നത്. ഇത്തരം ഫാം ഹൗസുകളിൽ വിനോദ ഇനങ്ങൾക്കും ഭക്ഷണം പാകം ചെയ്യാനുമുള്ള സൗകര്യങ്ങളുള്ളത് ആഘോഷങ്ങൾക്ക് ഉണർവ് നൽകാനും സഹായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.