പരീക്ഷയെ മത്സരബുദ്ധിയോടെ നേരിടാം
text_fieldsപരീക്ഷക്കാലം തുടങ്ങാറായി. പരീക്ഷ എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ഒരു ഭീതിയാണ്. പരാജയം ആരും മനസ്സുവെച്ച് ആഗ്രഹിക്കുന്നില്ല എന്നത് തന്നെയാണ് ഇതിന്റെ കാരണം. വർഷം മുഴുവൻ പഠിച്ചത് വിലയിരുത്തുന്ന ഒരു ഉപാധിയെന്ന നിലയിലും ഭാവി പഠനത്തെ പരീക്ഷയുടെ ഫലം സ്വാധീനിക്കുന്നതിനാലും പരീക്ഷ ഒരു ആധിയും വ്യാധിയുമായി നിലനിൽക്കുന്നുണ്ടെന്നത് വാസ്തവമാണ്. പരീക്ഷകളെ എങ്ങനെ അസ്വസ്ഥത ഇല്ലാതെയും ആശങ്കയില്ലാതെയും നേരിടാം എന്നതാണ് നാം ഈ പരീക്ഷ കാലയളവിൽ ചിന്തിക്കേണ്ടത്.
പരീക്ഷകൾ വിലയിരുത്തലാണ് എന്നും അത് നാം പഠിച്ച കാര്യങ്ങളിൽനിന്ന് മാത്രമുള്ള വിലയിരുത്തൽ ആയിരിക്കും എന്നതാണ് മുഖ്യഘടകം. പരീക്ഷക്ക് വരാവുന്ന ചോദ്യങ്ങൾ മനസ്സിലാക്കുകയും അത് ശാന്തമായി ചിന്തിച്ചു പരിഹാരം കണ്ടെത്താൻ മനസ്സിനെ പ്രേരിപ്പിക്കുകയുമാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യം. പരീക്ഷാ ഹാളിൽ ഉത്തരങ്ങൾ എഴുതുമ്പോഴും ഇത് തന്നെയാണ് മുഖ്യം. ഒരു വിഷയം കൃത്യവും വ്യക്തവുമായി പഠിക്കുകയും സ്വന്തമായി അതിന്റെ നോട്ട് തയ്യാറാക്കുകയും വീണ്ടും ഒന്നോ രണ്ടോ ആവർത്തി വായിച്ചു ഹൃദിസ്ഥമാക്കുകയും ചെയ്താൽ ആ വിഷയം ഏത് രീതിയിൽ എങ്ങനെ ചോദിച്ചാലും ഉത്തരം എഴുതാൻ കഴിയും.
അതിനുള്ള ആത്മവിശ്വാസം ഉണ്ടാകും. എല്ലാ ചോദ്യങ്ങളും ഒരുമിച്ചു വായിച്ചു ഒരേസമയം ഉത്തരങ്ങൾ മനസ്സിലൂടെ കണ്ടെത്താൻ ശ്രമിക്കുക എന്നത് ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കും. അത് ഒന്നും എഴുതാതെ ഇരിക്കാനുള്ള സാധ്യതയായി മാറും. അതുകൊണ്ട് പരീക്ഷയെ നേരിടാനുള്ള മാനസികമായ തയാറെടുപ്പ് ഉണ്ടാക്കുകയാണ് നാം ആദ്യമായി ചെയ്യേണ്ടത്.
ഒരു പാത്രത്തിൽ നിറയെ ധാരാളം വിഭവങ്ങൾ പലതരത്തിൽ മുന്നിൽ കൊണ്ടു വെച്ചാൽ എല്ലാം കൂടി എന്ത് ചെയ്യും എന്ന് ചിന്തിക്കുന്നതിനു പകരം ഓരോന്ന് എടുത്ത് ആസ്വദിച്ച് കഴിച്ചാൽ സ്വാദും കിട്ടും വയറും നിറയും എന്നതുപോലെ പരീക്ഷ ചോദ്യങ്ങളെ അഭിമുഖീകരിക്കുക.
എല്ലാ ചോദ്യങ്ങളും ഒരേപോലെയാവില്ല. 30 ശതമാനം ലളിതവും 30 ശതമാനം ശരാശരിയും ബാക്കി ഉന്നത നിലവാര ചോദ്യങ്ങളുമായിരിക്കണമെന്നാണ്. അതുകൊണ്ട് ഏറെ ഇഷ്ടമുള്ളത് ആദ്യം മെല്ലെ മെല്ലെ എടുത്ത് പിന്നീട് ബാക്കി കാര്യങ്ങൾ ഓരോന്നോരോന്നായി മനസ്സിലാക്കി ചെയ്യുമ്പോൾ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ കഴിയും. പരീക്ഷയും പഠനവും ഈ രീതിയിൽ മുന്നോട്ടുകൊണ്ടുപോകേണ്ടതാണ്. അതുകൊണ്ടുതന്നെ ഒരു പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കും എന്ന് ചോദിച്ചാൽ കൃത്യമായ തയാറെടുപ്പ് പരീക്ഷക്ക് മുമ്പേ നടത്തേണ്ടതുണ്ട് എന്നതാണ് ആദ്യ ഉത്തരം. പാഠഭാഗങ്ങൾ മുഴുവൻ ടെക്സ്റ്റ് ആയോ നോട്ട് ആയോ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
പഠന സമയത്ത് പുസ്തകങ്ങൾക്കുവേണ്ടിയോ പഠന സാമഗ്രികൾക്കുവേണ്ടിയോ പരക്കം പായുകയോ ചെയ്യരുത്. അതുപോലെതന്നെ എത്ര ദിവസമാണ് ഇനി പരീക്ഷക്കുള്ളത് എന്ന് വ്യക്തവും കൃത്യവുമായി മനസ്സിലാക്കി കൃത്യമായ ടൈംടേബിൾ തയാറാക്കി സമയബന്ധിതമായി ഓരോ വിഷയത്തിനും ദിവസവും മണിക്കൂറുകളും നൽകി ഒന്നോ രണ്ടോ ആവർത്തി എല്ലാ വിഷയങ്ങളും പഠിക്കാൻ കഴിയുമെന്നുള്ള രീതിയിൽ ആസൂത്രണം ചെയ്യേണ്ടതാണ്.
ആ സമയം മറ്റൊരു കാര്യത്തിനും ഉപയോഗിക്കാതെ അതേ രീതിയിൽ തന്നെ പഠിച്ചാൽ ടെൻഷൻ ഇല്ലാതെയും സമ്മർദം ഇല്ലാതെയും ഊണും ഉറക്കവും ഇല്ലാതെയും പഠിക്കുന്ന അവസ്ഥ ഒഴിവാക്കാനും സ്വസ്ഥതയോടെയും സമാധാനത്തോടെയും പരീക്ഷയെ അഭിമുഖീകരിക്കാനും കഴിയും.
ഓർക്കുക പരീക്ഷയെ അസ്വസ്ഥതയോടെയും ആശങ്കയോടെയും അല്ല കാണേണ്ടത് മറിച്ച് അത് ഒരു മത്സരബുദ്ധിയോടെ കാണുകയും ഭാവിയിൽ നമുക്ക് സുരക്ഷിതമായി എത്തിപ്പെടാനുള്ള ഒരു വാതിലിലേക്കുള്ള യാത്ര പടികളാണ് എന്നുമുള്ള വിശ്വാസമാണ് വേണ്ടത്.
പരീക്ഷ കാലം ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് മൂന്ന് വിഭാഗം ആളുകളിൽ ആയിരിക്കും. ഒന്ന് വിദ്യാർഥികളിൽ, രണ്ട് രക്ഷിതാക്കളിൽ, മൂന്ന് അധ്യാപകരിൽ.
അധ്യാപകരോട്
പാഠഭാഗങ്ങൾ എല്ലാ കുട്ടികൾക്കും മനസ്സിലാകുന്ന രീതിയിൽ പഠിപ്പിക്കുക. അതിനുള്ള മുന്നൊരുക്കങ്ങളും വിലയിരുത്തലും സാമഗ്രികളും തയാറാക്കി മാത്രമേ പഠനപ്രക്രിയ പൂർത്തിയാക്കാൻ പാടുള്ളൂ. പഠനത്തിന്റെ ഭാഗം തന്നെയാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ പഠനപ്രക്രിയയിൽ വരുന്ന തകരാറുകൾ പരീക്ഷയിലുള്ള കുട്ടിയുടെ പെർഫോമൻസിനെ ബാധിക്കുമെന്നും കുട്ടിയെക്കാൾ ഇവിടെ അധ്യാപകനെയാണ് വിലയിരുത്തപ്പെടുന്നത് എന്നുമുള്ള കാര്യം എല്ലാ അധ്യാപകരും മനസ്സിലാക്കേണ്ടതാണ്.
കുട്ടികൾ ബുദ്ധിപരമായി വ്യത്യസ്തരാണ്. പലതരം പ്രശ്നങ്ങൾ അവർക്കുണ്ട്. അവ തിരിച്ചറിഞ്ഞ് അതിനെ എങ്ങനെ പരിഹരിക്കാം എന്നത് നേരത്തേ തന്നെ മനസ്സിലാക്കി പരിഹാരമാർഗങ്ങൾ അവലംബിക്കണം. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ സഹായിക്കാൻ അവർക്ക് അനുയോജ്യമായ പഠന രീതികളും പഠന സഹായികളും റിസോഴ്സ് ടീച്ചറുടെ സേവനങ്ങളും മെന്ററിങ് പിയർ ലേണിങ് പോലുള്ള രീതികളും അവലംബിക്കാം.
പാഠഭാഗങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുകയും പഠിക്കാനും കൃത്യമായി ആവർത്തിക്കാനും സമയം ലഭിക്കുന്നു എന്നതും അധ്യാപകർ ഉറപ്പുവരുത്തണം. ഒറ്റയടിക്ക് പാഠഭാഗങ്ങൾ എടുത്തു തീർത്ത് മുന്നോട്ടുപോകുന്ന രീതി ഉണ്ടാവരുത്. കൃത്യമായ ആസൂത്രണം ഇതിനാവശ്യമാണ്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകേണ്ടതുണ്ട്.
നിരന്തരമായി കുട്ടികളെ വീക്ഷിക്കുകയും സഹായിക്കുകയും കൂടെ നിൽക്കുകയും വേണം . പ്രത്യേകം ഗ്രൂപ്പുകളായി തിരിച്ച് പഠന നിലവാരം പുലർത്താത്ത കുട്ടികളെ പ്രത്യേകമായി പഠിപ്പിച്ചു പഠനനിലവാരം ഉയർന്ന രീതിയിൽ പുലർത്തുന്നവർക്ക് അതിനനുസരിച്ച് ആത്മവിശ്വാസം നൽകി എല്ലാ കുട്ടികളെയും വിജയത്തിലെത്തിക്കുവാൻ ശ്രമിക്കേണ്ടതുണ്ട്.
കുട്ടികളിൽ അനാവശ്യമായ ടെൻഷനോ പരാജയ ഭീതിയോ ആത്മവിശ്വാസമില്ലായ്മയോ ഉണ്ടാക്കാൻ ഒരു കാരണവശാലും പരീക്ഷാ സമയത്ത് പാടില്ല. ആയാസരഹിതമായി പരീക്ഷയെ അഭിമുഖീകരിക്കാൻ അവരെ പ്രേരിപ്പിക്കണം. ലളിതവും വ്യക്തി കേന്ദ്രീകൃതമായ രീതിയിൽ അവസാന ടേമിൽ പഠനത്തെയും ബോധന പ്രവർത്തനങ്ങളെയും മാറ്റേണ്ടതുണ്ട്. കുട്ടികൾക്ക് എപ്പോഴും ബന്ധപ്പെടാവുന്ന രീതിയിലുള്ള ബന്ധവും സ്നേഹവും നൽകി അവർക്ക് ആത്മവിശ്വാസവും സപ്പോർട്ടും നൽകേണ്ടതാണ്.
രക്ഷിതാക്കളോട്
കുട്ടികളോടൊപ്പം ഒരു കൂട്ടായി നിൽക്കുക. പഠന സൗകര്യങ്ങൾ ഒരുക്കുക. പഠനസമയം മുഴുവൻ അതിനുവേണ്ടി ചെലവഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക. പിന്നാക്കം നിൽക്കുന്ന കുട്ടികളെ കൂടുതൽ ടെൻഷൻ ആക്കാതെ ആത്മവിശ്വാസം നൽകുക. അവർക്ക് ഒരു സഹായിയായി നിൽക്കുക. പരീക്ഷ സമയത്ത് മറ്റൊരു കാര്യത്തിലും കുട്ടികളെ ഇടപെടാൻ സമ്മതിക്കുകയോ ഏൽപ്പിക്കുകയോ ചെയ്യരുത്. കുറ്റവും കുറവും പറഞ്ഞ് അവരെ പഴിചാരരുത്.
യാതൊരു സമ്മർദവും ഉണ്ടാക്കരുത് . മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് നിരുത്സാഹപ്പെടുത്തരുത്. മതിയായ ഉറക്കം, ഭക്ഷണം എന്നിവ ഉറപ്പുവരുത്തുക. പരീക്ഷ തലേന്ന് നേരത്തെ തന്നെ ഉറങ്ങാനും ഹാൾടിക്കറ്റ് പഠന സാമഗ്രികൾ എന്നിവയൊക്കെ ബാഗിൽ വെച്ചെന്ന് ഉറപ്പാക്കുക .
ഓർക്കുക പരീക്ഷയെ ഭയത്തോടെയല്ല കാണേണ്ടത് ഒരു മത്സരമായാണ് . എല്ലാം പഠിച്ചു എന്നതിനെക്കാൾ എത്ര ഭംഗിയായി മനസ്സിലാക്കി പഠിച്ചു എന്ന് ഉറപ്പുവരുത്തുക. അതുകൊണ്ടുതന്നെ കൃത്യമായ ആസൂത്രണം, കഠിനാധ്വാനം , സമയബന്ധിത പഠനം, വിശ്രമം, ആത്മവിശ്വാസം , ശുഭാപ്തി വിശ്വാസം എന്നിവ പരീക്ഷ എന്നത് ആനന്ദകരവും സുഖകരവും സന്തോഷകരവുമാക്കി മാറ്റും.
കുട്ടികളോട്
പരീക്ഷ പഠനത്തിന്റെ ഭാഗമാണെന്ന് ഓർക്കുക. പഠനം സമയബന്ധിതമായി മാറ്റാനും പൂർത്തിയാക്കാനുള്ള തയാറെടുപ്പ് നേരത്തെ തന്നെ നടത്തുക. കൃത്യമായ ആസൂത്രണം ഉണ്ടാവുക. കൃത്യമായ ടൈംടേബിൾ തയാറാക്കുക. ടൈംടേബിൾ അനുസരിച്ച് രണ്ടോ മൂന്നോ ആവർത്തി പഠിക്കാൻ സമയം ഉണ്ടാകും എന്ന് ഉറപ്പുവരുത്തുക.
ഒരു കാരണവശാലും സ്റ്റഡി ടൈംടേബിളിൽ എഴുതിയ സമയത്ത് മറ്റൊരു പ്രവർത്തനങ്ങളും നടത്താൻ പാടില്ല. ഒന്നാം ആവർത്തിക്കുശേഷം ചെറിയ കുറിപ്പുകൾ തയാറാക്കുക. അവസാന റിവിഷന് അത്തരം കുറിപ്പുകൾ മാത്രം നോക്കിയാൽ മതിയാകും.
കണക്കു പോലെയുള്ള ചെയ്തു പഠിക്കേണ്ട വിഷയങ്ങൾ ചെയ്തു തന്നെ പഠിക്കുക. പഠനത്തിനിടയിൽ കൃത്യമായ വിശ്രമ വേളകൾ ഉണ്ടാക്കുക. ഏഴോ എട്ടോ മണിക്കൂറുകൾ ഉറങ്ങുക. മൊബൈൽ ഫോൺ പരീക്ഷ കഴിയുന്നതുവരെ കൈകൊണ്ട് തൊടില്ല എന്ന പ്രതിജ്ഞ എടുക്കണം.
(ലേഖകൻ മുൻ സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗവും മാനേജ്മെന്റ് പരിശീലകനുമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.