കരുതലിന്റെ കരങ്ങളുമായി ‘ഫാക് കുർബ’ പദ്ധതിക്ക് തുടക്കം
text_fieldsമസ്കത്ത്: ചെറിയ കുറ്റങ്ങൾക്ക് പിഴയടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന ഫാക് കുർബ പദ്ധതിയുടെ പത്താം പതിപ്പിന് തുടക്കമായി. ഒമാനി ലോയേഴ്സ് അസോസിയേഷൻ സുപ്രീം ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർമാൻ സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ഹമൂദ് അൽ ബുസൈദി ഉദ്ഘാടനം ചെയ്തു. ഒമാന്‍ ലോയേഴ്സ് അസോസിയേഷനാണ് ഫാക് കുറുബ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്.
വിശുദ്ധ റമദാൻ മാസത്തോടടുക്കുമ്പോൾ ജയിലിൽ കഴിയുന്നവരെ സഹായിക്കാനായി നമുക്ക് കൈകോർക്കാമെന്നും അവരുടെ ജീവിതത്തിന് ആശ്വാസം പകരാമെന്നും അൽ ബുസൈദി പറഞ്ഞു. 2012ൽ തുടങ്ങിയ പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകളെ ജീവിതത്തിന്റെ സന്തോഷത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ഒമാനി സമൂഹത്തിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ‘ഫാക് കുർബ’ പദ്ധതിയുടെ വിജയത്തിനു പിന്നിലെന്ന് ഒമാനി ലോയേഴ്സ് അസോസിയേഷൻ ചെയർമാനും സംരംഭത്തിന്റെ സൂപ്പർവൈസറുമായ മുഹമ്മദ് അൽസദ്ജലി പറഞ്ഞു. ഒരു അഭിഭാഷകൻ ആരംഭിച്ച സംരംഭം, പിന്നീട് ഒരുകൂട്ടം അഭിഭാഷകർ ഏറ്റെടുക്കുകയും ഇന്ന് അത് വ്യക്തികളും ഗ്രൂപ്പുകളും സ്ഥാപനങ്ങളും ചേർന്ന് വിജയകരമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ടെന്നും അല്ലാഹുവിനോട് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ, സംരംഭത്തിന്റെ വെബ്സൈറ്റ് വഴിയും (www.fakkrba.om) നിയുക്ത ബാങ്ക് അക്കൗണ്ടിലൂടെയും നൽകാമെന്ന് അധികൃതർ അറിയിച്ചു. അടുത്തമാസം പകുതിവരെ ഫാക് കുർബ പദ്ധതി തുടരും. പദ്ധതിക്ക് സാമ്പത്തിക പിന്തുണയുമായി സുല്‍ത്താന്റെ പത്നിയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അല്‍ ബുസൈദി, സയ്യിദ് ബില്‍ അറബ് ബിന്‍ ഹൈതം അല്‍ സഈദ് എന്നിവരും കഴിഞ്ഞ വർഷം എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.