ഫാക് കുറുബ: മോചിതരായത് 1035 തടവുകാർ
text_fieldsമസ്കത്ത്: ഫാക് കുറുബ പദ്ധതിയിലൂടെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ ജയിലിൽനിന്ന് ഈ വർഷം 1035 തടവുകാരെ മോചിപ്പിച്ചതായി ഒമാൻ ലോയേഴ്‌സ് അസോസിയേഷൻ (ഒ.എൽ.എ) അറിയിച്ചു.
കൂടുതൽ പേരെ മോചിപ്പിച്ചത് മസ്കത്ത് ഗവർണറേറ്റിൽനിന്നാണെന്ന് ഒ.എൽ.എ മേധാവി മുഹമ്മദ് അൽ സദ്‌ജലി പറഞ്ഞു. 209പേരാണ് ഇവിടന്ന് മോചിതരായത്. 194 പേരുമായി വടക്കൻ ബാത്തിനയും 148ആളുകളുമായി തെക്കൻ ശർഖിയയുമാണ് തൊട്ടുപിന്നിൽ. തെക്കൻ ബാത്തിന-117, ബുറൈമി -98, ദാഖിലിയ -78, ദോഫാർ -72, ദാഹിറ-57, വടക്കൻ ശർഖിയ -49, മുസന്ദം- ഒമ്പത്, അൽവുസ്ത-നാല് എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റുകളിൽനിന്ന് മോചിതരായത്.
ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലിലകപ്പെട്ടവരെ മോചിപ്പിക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുറുബ. ഒമാന്‍ ലോയേഴ്‌സ് അസോസിയേഷനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പൊതുജനങ്ങളിൽനിന്നും മറ്റും പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്.
പദ്ധതിക്ക് സാമ്പത്തിക പിന്തുണയുമായി സുല്‍ത്താന്‍റെ പത്‌നിയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അല്‍ ബുസൈദി, സയ്യിദ് ബിൻ അറബ് ബിന്‍ ഹൈതം അല്‍ സഈദ് എന്നിവരും എത്തിയിരുന്നു. 2012ല്‍ ആരംഭിച്ച പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകളാണ് ഇതുവരെ ജയിൽ മോചിതരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.