ഫാക് കുറുബ; സ്നേഹത്തണലിലെത്തിയത് 925 ആളുകൾ
text_fieldsമസ്കത്ത്: ഒമാനി ലോയേഴ്സ് അസോസിയേഷന്റെ (ഒ.എൽ.എ) നേതൃത്വത്തിൽ നടക്കുന്ന ഫാക് കുറുബ പദ്ധതിയിലൂടെ ഈ വർഷം ജയിൽമോചിതരായത് 925 ആളുകൾ. സംരംഭത്തിന്റെ പത്താം പതിപ്പിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ വാർത്തസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. മസ്കത്ത് 194, വടക്കൻ ബാത്തിന 191, തെക്കൻ ബാത്തിന 122, ദാഹിറ 97, ബുറൈമി 87, ദാഖിലിയ 79, വടക്കൻ ശർഖിയ 59, തെക്കൻ ശർഖിയ 40, ദോഫാർ 33 അൽ വുസ്ത 20, മുസന്ദം മൂന്ന് എന്നിങ്ങനെയാണ് ഈ വർഷം വിവിധ ഗവർണറേറ്റുകളിൽനിന്ന് ജയിൽമോചിതരായവരുടെ കണക്കുകൾ.
ഒമാനി സമൂഹത്തിന്റെ ഐക്യദാർഢ്യവും ഔദാര്യവും ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു ഈ വർഷത്തെ പതിപ്പെന്ന് സംരംഭത്തിന്റെ സൂപ്പർവൈസറും ഒമാനി ലോയേഴ്സ് അസോസിയേഷന്റെ ചെയർമാനുമായ ഡോ. മുഹമ്മദ് ബിൻ ഇബ്രാഹിം അൽസദ്ജലി പറഞ്ഞു. സംരംഭം വിജയകരമാക്കാൻ വ്യക്തികളും സ്ഥാപനങ്ങളും നടത്തിയ ശ്രമങ്ങൾക്ക് നന്ദിയും അഭിനന്ദനവും അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒമാനി സമൂഹത്തിൽ കമ്യൂണിറ്റി പങ്കാളിത്തം ശാക്തീകരിക്കുക എന്നത് ഞങ്ങളുടെ ഒരു പ്രധാന ലക്ഷ്യമാണ്. മാനുഷിക സന്ദേശം പ്രചരിപ്പിക്കാൻ സഹായിച്ച സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, പത്രപ്രവർത്തകർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നിവരിൽനിന്നുള്ള ക്രിയാത്മകമായ സഹകരണത്തെ വളരെയധികം വിലമതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുർബ. പദ്ധതിയുടെ പത്താം പതിപ്പായിരുന്നു ഈ വർഷം നടക്കുന്നത്. ഒമാന് ലോയേഴ്സ് അസോസിയേഷനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്.
2012ൽ തുടങ്ങിയ പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകളെ ജീവിതത്തിന്റെ നിറങ്ങളിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ഒമാനി സമൂഹത്തിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ‘ഫാക് കുർബ’ പദ്ധതിയുടെ വിജയത്തിന് പിന്നിൽ. ഒരു അഭിഭാഷകൻ ആരംഭിച്ച സംരംഭം, പിന്നീട് ഒരുകൂട്ടം അഭിഭാഷകർ ഏറ്റെടുക്കുകയും ഇന്ന് അത് വ്യക്തികളും ഗ്രൂപ്പുകളും സ്ഥാപനങ്ങളും ചേർന്ന് വിജയകരമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.