മറഡോണയുടെ വിയോഗം താങ്ങാനാകാതെ ഒമാനിലെ ആരാധകർ
text_fieldsമസ്കത്ത്: ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗം വിശ്വസിക്കാനാകാതെ സ്വദേശികളും, വിദേശികളുമായ ആരാധകർ. ബുധനാഴ്ച രാത്രി അവധി ദിനത്തിെൻറ ആശ്വാസത്തിൽ ഇരിക്കുന്ന സമയത്താണ് ഇടിത്തീപോലെ ആ വാർത്ത വന്നത്. ഏതാനും ദിവസം മുമ്പ് 60ാം പിറന്നാൾ ആഘോഷിച്ച തങ്ങളുടെ പ്രിയതാരം വിടവാങ്ങിയെന്ന വാർത്ത പലർക്കും ഉൾക്കൊള്ളാനായില്ല. ഫുട്ബാൾ ദേശീയ വിനോദമായ രാജ്യത്ത് ലോകത്തിലെ എല്ലാ പ്രമുഖ ക്ലബുകൾക്കും കളിക്കാർക്കും ആരാധകരുണ്ട്. ബ്രസീൽ, അർജൻറീന, സ്പെയിൻ എന്നീ അന്തർദേശീയ ടീമുകൾക്കുപുറമെ ബാഴ്സലോണ, റിയൽ മഡ്രിഡ്, ചെൽസി, തുടങ്ങിയ ക്ലബുകൾക്കും ആരാധകർ നിരവധിയാണ്. ഇതിൽ മറഡോണക്കും പെലെക്കും മെസ്സിക്കും റൊണാൾഡോക്കും ആരാധകർ ഏറെയാണ്. പ്രിയതാരമായ മറഡോണ 2012 മാർച്ച് മാസത്തിൽ ഒമാനിൽ വന്നതിെൻറ ഓർമകൾ പലരും പങ്കുവെച്ചു. അബൂദബിയിലെ അൽ വാസിൽ ക്ലബിെൻറ പരിശീലകനായിരിക്കെ തെൻറ ടീമിനൊപ്പം എ.എഫ്.സി ചാമ്പ്യൻസ് ലീഗിെൻറ പ്രീ ക്വാർട്ടർ മത്സരത്തിനായാണ് മറഡോണ മസ്കത്തിൽ എത്തിയത്. പഴയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മണിക്കൂറുകളോളം നൂറുകണക്കിന് സ്വദേശികളും - വിദേശികളും ആയ ആരാധകർ അദ്ദേഹത്തെ കാത്തു നിന്നു. ഏറെ വൈകിയെത്തിയ തങ്ങളുടെ പ്രിയ താരത്തെ നേരിൽ കണ്ടതോടെ ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകി. എന്നാൽ, അദ്ദേഹത്തിെൻറ അടുത്തേക്കു പോകാൻ സുരക്ഷ വിഭാഗം സമ്മതിച്ചില്ല.
എന്നാൽ, മറ്റ് എന്തിനെക്കാളും ആരാധകരെ സ്നേഹിക്കുന്ന മറഡോണ സുരക്ഷ ജീവനക്കാരെ ശകാരിച്ച് മാറ്റിനിർത്തിയ ശേഷം ആരാധകരുടെ അടുത്തേക്ക് പോവുകയും തുടർന്ന് അവരുടെ ഇഷ്ടാനുസരണം ഫോട്ടോകൾ എടുക്കാൻ അനുവദിക്കുകയും ചെയ്തു. തെൻറ പ്രസിദ്ധമായ പത്താം നമ്പർ ജേഴ്സി അണിഞ്ഞുവന്ന ആരാധകർക്ക് ജേഴ്സിക്കുപുറത്ത് ഓട്ടോഗ്രാഫ് കൂടി നൽകിയ ശേഷമാണ് അദ്ദേഹം ബസിൽ കയറിയത്. അന്ന് തെൻറ ഒരു ആരാധകനെ പോലും അദ്ദേഹം നിരാശനാക്കിയില്ല. പിറ്റേന്ന് നടന്ന മത്സരം കാണാൻ സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിലേക്ക് ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികളാണ് ഒഴുകിയെത്തിയത്. മത്സരം കാണുക എന്നതിലുപരിയായി തങ്ങളുടെ പ്രിയതാരത്തെ ഒരുനോക്കു കാണാനാണ് ആരാധകർ സ്റ്റേഡിയത്തിലെത്തിയത്. അന്നത്തെ മത്സരം സമനിലയിൽ കലാശിച്ചുവെങ്കിലും തങ്ങളുടെ പ്രിയതാരത്തെ കാണാൻ സാധിച്ചല്ലോ എന്ന സംതൃപ്തി ആയിരുന്നു കളി കാണാനെത്തിയവർക്ക്.
എന്നും തെൻറ ആരാധകർക്കൊപ്പം നിലയുറപ്പിച്ച കളിക്കാരനായിരുന്നു മറഡോണ. ഫുട്ബാൾ ലോകത്ത് അർജൻറീനയുടെ ചിരവൈരികളായ ബ്രസീൽ ആരാധകർക്കുപോലും മറഡോണയുടെ മരണവാർത്ത വിശ്വസിക്കാനാകുന്നില്ല. മറഡോണ എന്ന കളിക്കാരെൻറ കഴിവിനൊപ്പം നിൽക്കാനാകുന്ന ഒരാൾ ലോക ഫുട്ബാളിൽ ഇല്ല എന്നതാണ് സത്യമെന്ന് കടുത്ത ഫുട്ബാൾ ആരാധകനും റൂവിയിലെ സ്റ്റുഡിയോ ജീവനക്കാരനുമായ രതീഷ് പറയുന്നു. ഒരു ലോകകപ്പ് ഫുട്ബാൾ ഏെതങ്കിലും ഒരു കളിക്കാരനുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിൽ അത് 1986ലെ ലോകകപ്പാണെന്ന് സിദ്ദീഖ് ഹസൻ പറയുന്നു. 1986 ലെ ലോകകപ്പ് എന്ന് പറയുമ്പോൾ മറഡോണ എന്നാണ് ഫുട്ബാൾ ആരാധകരുടെ മനസ്സിലേക്ക് എത്തുക.
മറഡോണ എന്ന ഇതിഹാസം ലോകമുള്ള കാലത്തോളം ഓർക്കപ്പെടുമെന്നും എല്ലാ തലമുറക്കും അദ്ദേഹം പ്രചോദനമാകുമെന്നും ജോജി ജോർജ് അഭിപ്രായപ്പെട്ടു. കളിക്കളത്തിൽനിന്ന് വിരമിച്ചിട്ട് വർഷങ്ങളായെങ്കിലും ഇന്നും മറഡോണയുടെ പത്താം നമ്പർ ജഴ്സിക്ക് ആവശ്യക്കാർ ഏറെയാണെന്ന് മത്രയിൽ കച്ചവടക്കാരനായ അനസ് അഭിപ്രായപ്പെട്ടു. കാലം എത്ര കഴിഞ്ഞാലും ഈ ജേഴ്സിക്കുള്ള ആവശ്യക്കാർ കൂടിവരുകയേ ഉള്ളൂവെന്നും അനസ് കൂട്ടിചേർത്തു. അതേ, കാലം എത്ര കഴിഞ്ഞാലും ആ പ്രതിഭയെ ലോകം ഓർക്കും. കാൽപ്പന്തു കളിയിലെ ആ മായാജാലക്കാരനെ കാലത്തിനുപോലും മായ്ക്കാൻ കഴിയില്ല. കാരണം, അത്രക്കും സുന്ദര മുഹൂർത്തങ്ങളാണ് അദ്ദേഹം മൈതാനത്തു കാഴ്ചവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.