നല്ലോർമകൾ ഇനി കൂട്ട്; ഗണേഷ് അയ്യർ ഇന്ന് നാടണയും
text_fieldsമസ്കത്ത്: നാലര പതിറ്റാണ്ടിലെ പ്രവാസജീവിതം സമ്മാനിച്ച ഒരുപിടി നല്ല ഓർമകളുമായി കോട്ടയം വൈക്കം വെച്ചൂർ സ്വദേശി ഗണേഷ് അയ്യർ ശനിയാഴ്ച നാടണയും. നിശാത്ത് ഗ്രൂപ്പിന്റെ റൂവി-ഹമരിയയിലുള്ള അൽ നഹർ കമ്പനിയിൽനിന്ന് മാനേജറായാണ് വിരമിക്കുന്നത്.
കഴിഞ്ഞ 16 വർഷം കൊണ്ട് കമ്പനിയെ ഉന്നതിയിൽ എത്തിക്കാൻ സാധിച്ചത് ഉടമ എം.എസ്. കാശ്മീരിയുടെയും സീനിയേഴ്സിന്റെയും പിന്തുണകൊണ്ടാണെന് അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ ആറുപേർ മാത്രമുണ്ടായിരുന്ന സ്ഥാപനത്തെ ചുരുങ്ങിയ കാലം കൊണ്ട് 23 കുടുംബങ്ങളുടെ അത്താണിയാക്കി ഉയർത്താൻ സാധിച്ചത് ഗണേഷ് അയ്യരുടെ കഴിവിന്റെകൂടി ഫലമാണെന്ന് യാത്രയയപ്പ് യോഗത്തിൽ സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തി. 1976 ഒമാനിൽ എത്തിയ ഗണേഷ് അയ്യരുടെ ആദ്യ നിയമനം റൂവി ഹൈസ്ട്രീറ്റിലെ ബില്ല ട്രേഡിങ് കമ്പനിയിൽ ആയിരുന്നു. ക്ലർക്കിൽ തുടങ്ങി മാനേജറായി വിരമിക്കുമ്പോൾ വികസിത ഒമാന്റെ വ്യത്യസ്ത അനുഭവങ്ങളാണ് ഇദ്ദേഹത്തിന്റെ ഓർമയിൽ വരുന്നത്.
ആദ്യകാലത്ത് സി.ബി.ഡി വഴി എം.ബി.ഡി മുതൽ മസ്കത്ത് പഴയ എയർപോർട്ട് വരെയുള്ള ഇരട്ടവരിപ്പാതയാണ് മസ്കത്തിലെ ഏക റോഡ് മാർഗം. അന്ന് വാഹനങ്ങളും വളരെ കുറവായിരുന്നതിനാൽ അടുത്തുള്ള ഇടങ്ങളിലൊക്കെയും കൂടുതൽ നടന്നായിരുന്നു യാത്രയെന്ന് ഇദ്ദേഹം ഓർക്കുന്നു. വാദികബീർ ഏരിയ മുഴുവൻ ലേബർ ക്യാമ്പുകൾ ആയിരുന്നു. ആയിരക്കണക്കിന് ആളുകൾ തിങ്ങിത്താമസിച്ചിരുന്ന അവിടേക്ക് രാത്രി കാലങ്ങളിൽ സിനിമ കാണാൻ പോകുമായിരുന്നു. രണ്ടുമണിക്ക് തിരിച്ചുവന്ന് ബെഡ്ഷീറ്റ് നനച്ചു വിരിച്ചായിരുന്നു കിടന്നിരുന്നത്. ചുടുകാലത്ത് എല്ലാവരും റൂമിന് പുറത്തായിരുന്നു കിടക്കാറ്. ചൂടകറ്റാൻ നനച്ച വിരിയും പുതപ്പുമായിരുന്നു ആശ്രയിച്ചിരുന്നത്. വൈദ്യുതി ഇല്ലാത്തതിനാൽ തണുപ്പുകാലങ്ങളിൽ മാത്രമാണ് റൂമിനകത്ത് കിടക്കാറ്.
തക്ദീർ ഉള്ള സ്ഥലത്തും, റൂവിയിലെ അൽ നാസർ തിയറ്ററുമായിരുന്നു അന്നത്തെ രണ്ടു ഓപൺ തിയറ്ററുകൾ. റൂവി പള്ളിയുടെ എതിർവശത്താണ് ആദ്യ എ.സി തിയറ്റർ വന്നത്. നാട്ടിലേക്ക് ടെലിഫോൺ ചെയ്യണമെങ്കിൽ ടെലികോം ഓഫിസിൽ പോയി രജിസ്റ്റർ ചെയ്തു കാത്തിരിക്കണമായിരുന്നു. എമിഗ്രേഷനുവേണ്ടി മസ്കത്തിലേക്ക് പോകാൻ നേരിട്ട് റോഡ് ഉണ്ടായിരുന്നില്ല. മത്രയിൽനിന്നും മലകയറി താഴെയിറങ്ങി വേണമായിരുന്നു പോകാനെന്നും അദ്ദേഹം പറഞ്ഞു.
1985ലാണ് സീബ്- റൂവി ഫ്ലൈ ഓവർ വന്നത്. പിന്നീടങ്ങോട്ട് വളരെ പെട്ടെന്നായിരുന്നു ഈ നാടിന്റെ വികസനം. 1989 ബില്ല ട്രേഡിങ്ങിൽനിന്നും വിരമിച്ച് ദുബൈയിലെ നിശാത്ത് ഗ്രൂപ് ഓഫ് കമ്പനിയിൽ ജോയിൻ ചെയ്തു. കഴിഞ്ഞ 33 വർഷക്കാലമത്രയും ജി.സി.സിയിലുള്ള നിശാത്ത് കമ്പനിയുടെ വിവിധ ബ്രാഞ്ചുകളിലായിരുന്നു സേവനം. 89-97വരെ ദുബൈ, ഒമ്പതുവർഷം കുവൈത്തിലും അതിനിടെ കുറച്ചുകാലം ബഹ്റൈനിലും ജോലിചെയ്തു.
2006ൽ അൽ നഹറിൽ മാനേജറായി വീണ്ടും മസ്കത്തിലേക്ക് വന്നപ്പോഴേക്കും തിരിച്ചറിയാനാവാത്ത വിധം ഒമാൻ വളർന്നിരുന്നു. 82ൽ കുടുംബത്തെ ഒമാനിലേക്ക് കൊണ്ടുവന്നിരുന്നു. മകൾ കൃപയും എൻജിനീയർ ആയ ഭർത്താവ് നവീനും അമേരിക്കയിലാണ്. മറ്റൊരു മകൻ എൻജിനീയറായ വരുണും ഭാര്യ അപൂർവയും യു.കെയിലും താമസിക്കുന്നു. വിശ്രമ ജീവിതം കോയമ്പത്തൂരിൽ സഹോദരങ്ങൾക്കൊപ്പവും അമേരിക്കയിൽ കൊച്ചു മക്കൾക്കൊപ്പവും ചെലവഴിക്കാനാണ് ആഗ്രഹമെന്ന് ഗണേഷും ഭാര്യ ജയലക്ഷ്മിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.