കരവിരുതിൽ വിസ്മയം തീർക്കാൻ ഇനിയില്ല ; സോമേട്ടൻ നാട്ടിലേക്ക് മടങ്ങുന്നു
text_fieldsസുഹാർ: 47 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് തൃശൂർ സ്വദേശിയായ സോമൻ നാട്ടിലേക്ക് മടങ്ങുന്നു. 1976 ഫെബ്രുവരി ഒന്നിന് ബോംബെയിൽനിന്ന് കപ്പൽ കയറിയ ഇദ്ദേഹം നാലാം തീയതി മത്ര പോർട്ടിലാണ് ഇറങ്ങിയത്. തന്റെ കുലത്തൊഴിലായ മരപ്പണിയിലൂടെ നിരവധി വിസ്മയങ്ങളാണ് സുൽത്താനേറ്റിൽ ഇദ്ദേഹം തീർത്തത്. ഇന്ന് കാണുന്ന മനോഹരമായ ബിസിനസ് സ്ഥാപനങ്ങളിലെ ആദ്യകാല ഷോപ്പുകളിൽ മിക്കതിലും സോമന്റെ കരവിരുത് പ്രകടമാണ്.
ആധുനിക മെഷീൻ ഉപയോഗം സാർവത്രികമാകുന്നതിനുമുമ്പ് കരവിരുതിലെ മികവാണ് ജനങ്ങൾക്കിടയിൽ സോമന്റെ ഖ്യാതി ഉയർത്തിയത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഏത് എൻജിനീയർ വരച്ച പ്ലാനാണെങ്കിലും അതിന്റെ ചാരുത ഒട്ടും ചോരാതെ ജോലികൾ തീർത്തുകൊടുക്കുന്നതിനാൽ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ഇദ്ദേഹത്തെ പ്രിയങ്കരനാക്കി. ഒമാന്റെ പോയകാലവും കുതിപ്പിന്റെ കാലവും കണ്ടും അനുഭവിച്ചുമാണ് യാത്രപറയുന്നത്.
മുൻകാല ഒമാൻ അനുഭവങ്ങൾ ഇപ്പോഴത്തെ തലമുറയോട് വിവരിച്ചാൽ വിശ്വസിക്കാൻ പ്രയാസമാകും. അത്രമാത്രം അന്തരമുണ്ടെന്ന് സോമൻ പറയുന്നു. സ്വദേശികളും വിദേശികളുമടക്കം നിരവധി സൗഹൃദങ്ങൾ ഓർമയിലുണ്ട്. ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്നതാണ് കുടുംബം. തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.