ഒാർമകൾ ഇനി മധുരിക്കും, മധു നമ്പ്യാർ നാടണയുന്നു
text_fieldsസൂർ: 38 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മധു നമ്പ്യാർ നാട്ടിലേക്കു മടങ്ങുന്നു. സൂറിലെ കലാ സാസ്കാരിക സാമൂഹിക, വിദ്യാഭ്യാസ ജനസേവന മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. സൂറിലെ ഇന്ത്യൻ കോൺസുലാർ ഏജൻറ്, സൂർ ഇന്ത്യൻ സോഷ്യൽ ക്ലബ് അസി. ട്രഷറർ, സൂർ മലയാളം മിഷൻ മാനേജ്മെൻറ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടുമിക്ക ആളുകളും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും പരിഹരിക്കാനാണ് പ്രാവാസ ജീവിതം തെരഞ്ഞെടുത്തതെങ്കിൽ കണ്ണൂർ സ്വദേശിയായ മധു നമ്പ്യാർ പ്രവാസ ജീവിതം തുടങ്ങുന്നത് ഒരു ഒളിച്ചോട്ടത്തിലൂടെയാണെന്ന് പറയാം.
സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിന് ഇദ്ദേഹം പ്രവാസിയാകുന്നത് ഇഷ്ടമുണ്ടായിരുന്നില്ല. പിതാവ് ദീർഘകാലം മലേഷ്യയിൽ പ്രവാസിയായതും ജ്യേഷ്ഠന്മാർ ഒരാൾ അബൂദബിയിലും മറ്റൊരാൾ പട്ടാളത്തത്തിലുമായതിനാലുമായിരുന്നു കുടുംബത്തിെൻറ എതിർപ്പ്. ടൈപ്പ് റൈറ്റിങ്ങും ഷോർട്ട് ഹാൻഡും നൽകിയ ആത്മവിശ്വാസത്തിൽ ഒടുവിൽ 1978ലെ വിഷു തലേന്ന് ഹരിയാനയിലേക്കു വണ്ടി കയറി. തലേ ദിവസം മാത്രമാണ് വീട്ടുകാരോട് വിവരം പറയുന്നത്.
ഹരിയാനയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു കയറിയ മധു നമ്പ്യാർ പിന്നീട് പഞ്ചാബിലെ ചണ്ഡിഗഡിലെ അർധ സർക്കാർ സ്ഥാപനത്തിലും സേവനം അനുഷ്ഠിച്ചു. ഇവിടെനിന്ന് പരിചയപ്പെട്ട സുഹൃത്തിെൻറ അമ്മയുടെ പ്രേരണയിലാണ് ഇന്ത്യക്ക് പുറത്തേക്കുള്ള യാത്രയെക്കുറിച്ച് മോഹമുദിക്കുന്നത്. യാദൃശ്ചികമായി കണ്ണിലുടക്കിയ പത്രപരസ്യത്തെ തുടർന്ന് ഇറാഖിലെ ബാഗ്ദാദിലേക്ക് വിസ തരപ്പെടുത്തി. എന്നാൽ, ഇറാൻ-ഇറാഖ് യുദ്ധാന്തരീക്ഷത്തിൽ ആ സ്വപ്നം പൊലിഞ്ഞു. പിന്നീട് നാട്ടിലെത്തി അമ്മയുടെ ബന്ധുക്കളുടെയും അനുഗ്രഹത്തോടെ 1983ൽ ബോംെബയിൽനിന്നാണ് മസ്കത്തിലേക്കു പറക്കുന്നത്.
സൂറിലെ പ്രശസ്തമായ സ്ഥാപനത്തിൽ പി.പി.ആർ.ഒ ആയിട്ടാണ് പ്രവാസ ജീവിതമാരംഭിച്ചത്. ഇവിടെതന്നെയുള്ള സാഗ് ട്രേഡിങ് നിർമാണ കമ്പനിയിലായിരുന്നു പിന്നീടുള്ള കാലം. 28 വർഷം മുമ്പത്തെ പ്രവാസത്തിെൻറ ആദ്യ നാളുകളുകൾ ഇദ്ദേഹത്തിെൻറ ഒാർമയിൽ മായാതെ നിൽക്കുന്നുണ്ട്. ഇന്നു കാണുന്ന റോഡ്, ടെലിഫോൺ, വൈദ്യുതി സൗകര്യമൊന്നുമില്ലാത്ത കാലം. മലയാളികൾ ഉൾപ്പെടെയുള്ളവർ നാട്ടിലേതുപോലെ മുണ്ടും ഷർട്ടുമിട്ടായിരുന്നു ജോലിക്കു പോയിരുന്നത്. 1985ൽ ഒമാനിൽ ഡ്രസ് കോഡ് നിലവിൽ വന്നതിനു ശേഷമാണ് വസ്ത്രധാരണ രീതിയിൽ ഇന്ന് കാണുന്ന രീതിയിലുള്ള മാറ്റങ്ങളുണ്ടായതെന്ന് അദ്ദേഹം പറയുന്നു.
സൂറിലെ വിവിധ കലാ സാംസ്കാരിക സാമൂഹിക കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ പബ്ലിക് റിലേഷൻ ആൻഡ് ജേണലിസത്തിൽ പി.ജി ഡിപ്ലോമ നേടിയിട്ടുണ്ട്. നിരവധി പത്രങ്ങളിൽ ഇദ്ദേഹം എഴുതിയ പ്രസക്തമായ കുറിപ്പുകൾ ചേർത്ത് ഭുവനേശ്വറിലുള്ള ഹോളി ബുക്സ് ഓഫ് ഇന്ത്യ 'എ ടെയ്ൽ ഒാഫ് എ ടെയിൽ'എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളിലും ടെലി സിനിമകളിലും അഭിനയിച്ചു. സൂറിലെ ഇന്ത്യൻ സ്കൂൾ സ്ഥാപിക്കുന്നതിലും മറ്റുമായി പിന്നണിയിൽ പ്രവർത്തിച്ചിരുന്നു. 1989 മുതൽ ഭാര്യ കോമള വല്ലിയുമൊത്ത് സൂറിലാണ് താമസം. വിവിധ ചരിത്ര മുഹൂർത്തങ്ങൾ പ്രതിപാദിക്കുന്ന ചിത്രങ്ങളുള്ള ടെലിഫോൺ കാർഡുകളുടെ അമ്പതിനായിരത്തോളം വരുന്ന ശേഖരം നാട്ടിലേക്കു കൊണ്ടുപോകാൻ കഴിയാത്തത് സങ്കടമാണെന്ന് അദ്ദേഹം പറഞ്ഞു. മക്കൾ: അഭിലാഷ്, അതുല്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.