ഉമ്മമാരുടെ സ്നേഹപലഹാരമാണ് നോമ്പ്
text_fieldsതൃശൂർ ജില്ലയിലെ ചേലക്കരയിൽ ജനിച്ചുവളർന്ന എനിക്ക് നോമ്പും പെരുന്നാളും ഇത്രയും പ്രിയപ്പെട്ടതായത് മസ്കത്തിൽ വന്നതിനുശേഷമാണ്. എല്ലാ മതക്കാരും ചേലക്കരയിലുണ്ടായിട്ടും ഞങ്ങൾ താമസിക്കുന്നതിനടുത്ത് ഒരു മുസ്ലിം കുടുംബവുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ അന്ന് നോമ്പ്, നോമ്പുതുറ പോലുള്ള കാര്യങ്ങൾ അടുത്തറിയാൻ കഴിഞ്ഞിരുന്നില്ല.
വീടിന് തൊട്ടു മുന്നിലെ കശുമാവിൻതോട്ടത്തിലെ അണ്ടി പറിക്കാനായി വരുന്ന ഉമ്മമാർ ചില ദിവസങ്ങളിൽ തോട്ടത്തിനു മുന്നിലെ വീട്ടിലെ രണ്ടു കുഞ്ഞുടുപ്പുകാരികൾക്കായി കൈയിൽ പിടിക്കുന്ന പലതരം പലഹാരങ്ങൾ... ഇപ്പോഴും നോമ്പുതുറ എന്നു പറഞ്ഞാൽ ആദ്യം മനസ്സിൽ വരുന്നത് അന്ന് ആ കിട്ടിയ പൊതിപലഹാരങ്ങൾതന്നെയാണ്. വായിൽ വെള്ളമൂറുന്ന ആ പലഹാരങ്ങൾ എന്തായിരുന്നു എന്നോർമയില്ലെങ്കിലും ആ ഉമ്മമാരുടെ സ്നേഹം ആ പലഹാരങ്ങളിൽ നിറയെ ഉണ്ടായിരുന്നു.
മസ്കത്തിലേക്കു വന്നതിനുശേഷമാണ് നോമ്പിനെക്കുറിച്ച് കൂടുതലറിയാനും മനസ്സിലാക്കാനും കഴിഞ്ഞത്. ദിവസം മുഴുവൻ വെള്ളംപോലും കുടിക്കാതെ വൈകുന്നേരത്തെ ബാങ്ക് വിളിക്കുന്നതുവരെ നോമ്പെടുക്കുന്നവരോട് ബഹുമാനം തോന്നിയത്. ഇവിടത്തെ കടുത്ത ചൂടിൽ നോമ്പെടുത്ത് പുറത്ത് പണിയെടുക്കുന്ന പണിക്കാരെ കാണുമ്പോൾ ശരിക്കും സങ്കടം തോന്നും. അത് മനസ്സിൽനിന്നും മാറുന്നത്, വൈകുന്നേരം അവരെല്ലാവരും ഒത്തൊരുമയോടെ പള്ളികളിലും അതുപോലെയുള്ള ഇഫ്താർ സ്ഥലങ്ങളിലൊക്കെ ഒന്നിച്ചിരുന്ന് കഴിക്കുന്നത് കാണുമ്പോഴാണ്. അതാണ് ഈ നോമ്പുകാലത്തിന്റെ സ്നേഹവും ഐശ്വര്യവും.
നോമ്പുകാലത്ത് വരുന്ന ചില ഫോൺവിളികൾ എനിക്കിന്ന് പ്രിയങ്കരമാണ്. കാരണം അതിലധികവും കൂട്ടുകാർ അവരുടെ വീട്ടില് ഉണ്ടാക്കുന്ന നോമ്പുതുറ പലഹാരങ്ങള് തരാനായുള്ള വിളികളായിരിക്കും. പലവിധ സാധനങ്ങൾ നിറഞ്ഞ ആ നോമ്പുതുറ പൊതികളിൽനിന്നു വരുന്ന മണം വായിൽ വെള്ളം നിറക്കും. റമദാന് കാലം പരസ്പര ബഹുമാനത്തോടെ, സ്നേഹത്തോടെ, സൗഹാർദത്തോടെ പെരുമാറാൻ എല്ലാവർക്കും കഴിയട്ടെ. അതിനായി നമുക്ക് പ്രയത്നിക്കാം.
വായനക്കാർക്ക് തങ്ങളുടെ മറക്കാൻ പറ്റാത്ത നോമ്പനുഭവങ്ങൾ ഗൾഫ് മാധ്യമവുമായി പങ്കുവെക്കാം. 79103221 എന്ന നമ്പറിൽവാട്സ് ആപ് ചെയ്യുകയോ oman@gulfmadhyamam.net എന്നതിലേക്ക് മെയിൽ അയക്കുകയോ ചെയ്യാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.