പുതിയ വാഹനത്തിന് തകരാർ; ഡീലർ ഉപഭോക്താവിന് 33,914 റിയാൽ തിരിച്ചു നൽകി
text_fieldsമസ്കത്ത്: പുതിയ വാഹനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് പ്രാദേശിക ഡീലറിൽനിന്ന് 33,914 റിയാലും തിരിച്ചുവാങ്ങാൻ ഉപഭോക്താവിനെ സഹായിച്ച് മസ്കത്തിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ). ഉപഭോക്താവ് പുതിയ വാഹനം പ്രാദേശിക ഡീലറിൽനിന്നും വാങ്ങിയിരുന്നു. ഉടൻതന്നെ ചില സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തി. ഡീലറുമായി സംസാരിച്ചിട്ടും പരിഹരിക്കാൻ തയാറായില്ല. തുടർന്നാണ് ഉപഭോക്താവ് സി.പി.എയെ സമീപിക്കുന്നത്.
പരാതി ലഭിച്ചയുടൻ, സി.പി.എയുടെ പരാതി വകുപ്പ് ഉടൻതന്നെ ഡീലറുമായി ബന്ധപ്പെടുകയും പരിശോധനകളിലൂടെ വാഹനത്തിന്റെ തകരാറുകൾ സ്ഥിരീകരിക്കുകയും ചെയ്തു. ഇത്തരം പ്രശ്നങ്ങൾ പുതിയ വാഹനത്തിൽ കണ്ടുവരാറുള്ളതല്ലെന്നും മനസ്സിലാക്കി. തുടർന്ന് നടത്തിയ ചർച്ചയിലാണ് മുഴുവൻ തുകയും തിരിച്ചുനൽകാൻ ഡീലർ സമ്മതിച്ചത്. രാജകീയ ഉത്തരവ് 66/2014ൽ വിവരിച്ചിട്ടുള്ള ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ആർട്ടിക്കിൾ 16ന് അനുസൃതമായാണ് ഉപഭോക്താവിന് തുക തിരിച്ചുകിട്ടിയത്.
ഇതനുസരിച്ച് ഒരു ഉൽപന്നം വാങ്ങി 15 ദിവസത്തിനുള്ളിൽ (നശിച്ചുപോകുന്ന ഇനങ്ങൾ ഒഴികെ) കേടുവരുകയോ സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾ പാലിക്കാത്തതോ, അല്ലെങ്കിൽ ഉപയോഗത്തിന് അനുയോജ്യമല്ലാത്തതോ ആണെങ്കിൽ ഉപഭോക്താവിന് മാറ്റിനൽകുകയോ പൂർണമായി റീഫണ്ട് ചെയ്യാനോ അവകാശമുണ്ട്. ഇതിനായി ഉപഭോക്താവ് ഉൽപന്നം വാങ്ങിയതിന്റെ തെളിവ് നൽകണം. അതേസമയം, ദുരൂപയോഗംമൂലം ആകരുത് കേടുപാടുകൾ വരുന്നത്. വാഹനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും വിൽക്കുന്നതിന് മുമ്പ് സമഗ്രമായ സാങ്കേതിക പരിശോധനക്ക് വിധേയമാക്കണമെന്നും സി.പി.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.