വാദീ കബീർ ഇന്ത്യൻ സ്കൂളിൽ ഫീസ് വർധിപ്പിച്ചു
text_fieldsമസ്കത്ത്: വാദീ കബീർ ഇന്ത്യൻ സ്കൂളിൽ ട്യൂഷൻ ഫീസ് വർധിപ്പിച്ചു. ഇതുസംബന്ധിച്ച സർക്കുലർ കഴിഞ്ഞ ദിവസം രക്ഷിതാക്കൾക്കു ലഭിച്ചു. മാസം രണ്ടു റിയാൽ വീതമാണ് ഫീസ് വർധിക്കുക. പുതിയ അധ്യയന വർഷം മുതലായിരിക്കും ഫീസ് വർധന നടപ്പിൽ വരുക.
ഇതോടെ ഒരു വർഷം 24 റിയാലിന്റെ അധിക ബാധ്യതയാണ് രക്ഷിതാക്കൾക്കുണ്ടാവുക. നഴ്സറി ക്ലാസിലെ മാസാന്ത ഫീസ് 42 റിയാലായും കെ.ജി ക്ലാസുകളിൽ 50 റിയാലായും ഉയരും. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിൽ 52 റിയാലും ആറു മുതൽ എട്ടുവരെ 53 റിയാലും ഒമ്പതാം ക്ലാസിൽ 56 റിയാലും പത്താം ക്ലാസിൽ 57 റിയാലുമാണ് ഫീസ്. ഒരു വർഷം നഴ്സറി ക്ലാസിൽ പഠിക്കുന്ന കുട്ടികൾ 531 റിയാൽ ഫീസാണ് ട്യൂഷൻ ഇനത്തിൽ മാത്രം നൽകേണ്ടത്. കെ.ജിയിൽ 627 റിയാലും ഒന്നു മുതൽ അഞ്ചുവരെ ക്ലാസിൽ 651 റിയാലും ആറു മുതൽ എട്ടു വരെ 663 റിയാലും ഒമ്പതിൽ 699 റിയാലും പത്താം ക്ലാസിൽ 711 റിയാലുമാണ് വർഷത്തിൽ നൽകേണ്ടത്.
മറ്റ് ഇന്ത്യൻ സ്കൂളുകളിലും വലിയ മാറ്റമില്ലാത്ത ഫീസുകൾതന്നെയാണ് ഈടാക്കുന്നത്. മസ്കത്ത് ഇന്ത്യൻ സ്കൂൾ അടക്കമുള്ള കമ്യൂണിറ്റി സ്കൂളുകളിൽ ചെറിയ ഫീസ് കുറവുണ്ട്. മസ്കത്ത് ഇന്ത്യൻ സ്കൂളിലെ രക്ഷിതാവും ട്യൂഷൻ ഫീസ് ഇനത്തിൽ ഭീമമായ സംഖ്യ ചെലവിടണം.
മസ്കത്ത് സ്കൂളിൽ കെ.ജി ഒന്നിൽ വർഷം 546 റിയാലും കെ.ജി രണ്ടിൽ 580 റിയാലും ഒന്നാം ക്ലാസിൽ 566 റിയാലും രണ്ടിൽ 554 റിയാലും മൂന്ന്, നാല് ക്ലാസുകളിൽ 530 റിയാലും അഞ്ചു മുതൽ എട്ടു വരെ ക്ലാസുകളിൽ 542 റിയാലും ഒമ്പത്, 10 ക്ലാസുകളിൽ 602 റിയാലും ഫീസ് നൽകണം. സ്കൂളിൽ ട്യൂഷൻ ഫീസിനൊപ്പം അനുബന്ധ ഫീസുകളും നൽകേണ്ടതുണ്ട്. പഠനച്ചെലവ് പിന്നെയും ഉയരും. കുട്ടികളുടെ ഗതാഗത ഫീസ് കൂടി കണക്കിലെടുക്കുമ്പോൾ ഒരു കുട്ടിയുടെ വാർഷിക വിദ്യാഭ്യാസ ചെലവ് ഒന്നര ലക്ഷം ഇന്ത്യൻ രൂപ കടക്കും.
ഇതോടൊപ്പമാണ് പല ഇന്ത്യൻ സ്കൂളുകളും വർഷാ വർഷം ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നത്. ഒരു വർഷം രണ്ടു റിയാൽ മാത്രമേ ഫീസ് വർധിപ്പിക്കാൻ പാടുള്ളൂവെന്ന ഡയറക്ടർ ബോർഡിന്റെ നിബന്ധന പാലിച്ചാണ് പല സ്കൂളുകളും വർധന രണ്ടു റിയാലിൽ ഒതുക്കുന്നത്. സ്കൂൾ ഫീസുകൾ പിന്നെയും വർധിക്കുന്നത് സാധാരണക്കാരായ രക്ഷിതാക്കൾക്ക് താങ്ങാവുന്നതിനുമപ്പുറമാവുകയാണ്.
ഇതോടെ മക്കളുടെ വിദ്യാഭ്യാസം കുറഞ്ഞ വരുമാനക്കാരായ രക്ഷിതാക്കൾക്ക് വൻ പ്രതിസന്ധിയായി മാറും. ഫീസുകൾ താങ്ങാവുന്നതിനും അപ്പുറമാവുന്നതോടെ മക്കളെ നാട്ടിൽ പഠിപ്പിക്കുന്നതടക്കമുള്ള പോംവഴികളും പല രക്ഷിതാക്കളും ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.