നഗരസഭ ഫീസ് വർധന: ഇളവ് പ്രതീക്ഷയിൽ വ്യാപാരികൾ
text_fieldsമസ്കത്ത്: നഗരസഭ സേവനങ്ങൾക്കുള്ള ഫീസ് വർധനയിൽനിന്ന് കുറഞ്ഞ വരുമാനം ലഭിക്കുന്ന സ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യമുയരുന്നു. ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് പ്രതിനിധികളും ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരാണ് ഇൗ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്. ഇതിനിടെ, വർധിപ്പിച്ച ഫീസ് ഇൗടാക്കുന്നതിനുള്ള തീയതി ജൂലൈ ഒന്നുവരെ നീട്ടിയിട്ടുണ്ട്. ഫിനാൻഷ്യൽ അഫയേഴ്സ് ആൻഡ് എനർജി റിസോഴ്സസ് കൗൺസിലിെൻറ തീരുമാനപ്രകാരമാണ് ഇൗ നടപടി.
ഫീസ് നിരക്കിലെ വർധന ബിസിനസ് മേഖലയെ പ്രത്യേകിച്ച് ചെറുകിട ഇടത്തരം മേഖലയെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച പഠനം നടത്താൻ വർക്കിങ് ഗ്രൂപ്പിനെ നിയമിക്കാനും തീരുമാനമുണ്ട്. ഏറെ ആശ്വാസം നൽകുന്ന തീരുമാനമാണിതെന്നും എന്തെങ്കിലും രീതിയിൽ ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചെറുകിട കച്ചവടക്കാർ പറയുന്നു.
സൊഹാർ നഗരസഭ ജനുവരി ഒന്നുമുതൽ പുതുക്കിയ ഫീസ് നിരക്കുകൾ ഇൗടാക്കാൻ ആരംഭിച്ചിരുന്നു. മസ്കത്ത് നഗരസഭ ഫെബ്രുവരി ഒന്നുമുതലാണ് ഇത് ഇൗടാക്കാൻ ആരംഭിച്ചത്. റീജനൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്സസ് മന്ത്രാലയവും ദോഫാർ സർവകലാശാലയും ഇൗമാസം ഒന്നുമുതൽ പുതുക്കിയ നിരക്കുകൾ ഇൗടാക്കാനാണ് തീരുമാനിച്ചിരുന്നത്.
കുറഞ്ഞ വരുമാനം ലഭിക്കുന്ന സ്ഥാപനങ്ങളെ പൂർണമായും ഫീസ് വർധനയിൽനിന്ന് ഒഴിവാക്കണമെന്ന് ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് പ്രതിനിധി റാഷിദ് ബിൻ അമർ അൽ മുസൽഹി പറഞ്ഞു. രാജ്യത്തിെൻറ പലഭാഗങ്ങളിലും രജിസ്റ്റർ ചെയ്ത കമ്പനികളിൽ കൂടുതലും വ്യക്തികൾ നടത്തുന്ന കടകളാണ്. വലിയ ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളല്ല ഇവയെന്നതിനാൽ അധിക ഫീസും നികുതിയും ഇവർക്ക് പ്രയാസമുണ്ടാക്കും. കമ്പനിയുടെ വലുപ്പവും വരുമാനവും നോക്കിവേണം ഫീസ് വർധന തീരുമാനിക്കാനെന്നും റാഷിദ് അൽ മുസൽഹി പറഞ്ഞു. നികുതി ചുമത്തുന്നതും അധിക ഫീസ് ചുമത്തുന്നതും നിരവധി ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലിന് വഴിയൊരുക്കുമെന്ന് വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരും ആശങ്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.