താളമേളം കൊട്ടിപ്പാടും; ഇനി നാടിനാഘോഷം
text_fieldsമസ്കത്ത്: രാജ്യത്തെ ടൂറിസം മേഖലക്ക് ഉണർവേകുക എന്ന ലക്ഷ്യത്തോടെ നാല് ഗവർണറേറ്റുകളിൽ പൈതൃക വിനോദസഞ്ചാര മന്ത്രാലയം ഫെസ്റ്റിവലുകൾ സംഘടിപ്പിക്കും. ഈ വർഷത്തെ ആദ്യ മൂന്നു മാസങ്ങളിലായിരിക്കും പരിപാടികൾ നടത്തുകയെന്ന് പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിലെ ടൂറിസം അണ്ടർ സെക്രട്ടറി അസ്സാൻ ബിൻ കാസിം അൽ ബുസൈദി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനുവരി 29 മുതൽ ഫെബ്രുവരി നാലുവരെ വടക്കൻ ശർഖിയ ഗവർണറേറ്റ് ബിദിയ വിലായത്തിലെ ശർഖിയ സാൻഡ്സിൽ ഡസേർട്ട് അഡ്വഞ്ചേഴ്സ് ഫെസ്റ്റിവൽ നടക്കും. നിരവധി പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുക. ഗവർണറേറ്റിൽ ശൈത്യകാല വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഡെസേർട്ട് അഡ്വഞ്ചേഴ്സ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നതെന്ന് അൽ ബുസൈദി പറഞ്ഞു.
ഒമാനി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ ആദ്യപതിപ്പ് ഫെബ്രുവരി മൂന്ന് മുതൽ 19വരെ തെക്കൻ ശർഖിയയിലെ സൂർ വിലായത്തിൽ മന്ത്രാലയം നടത്തും. വാണിജ്യപരവും ചരിത്രപരവുമായ കേന്ദ്രമെന്നനിലയിലും നൂറ്റാണ്ടുകളായി കപ്പൽനിർമാണവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന പ്രദേശമെന്ന നിലയിലും സൂർ വിലായത്തിന്റെ ചരിത്രപരവും വർത്തമാനകാലവുമായ പങ്ക് ഈ ഉത്സവം എടുത്തുകാണിക്കും. സമുദ്ര പൈതൃകഗ്രാമം, ഒമാനി ഫുഡ് കാർണിവൽ, കടൽയാത്രകളുടെ അനുകരണം എന്നിവ ഫെസ്റ്റിവൽ അവതരിപ്പിക്കും.
ജനുവരി 25 മുതൽ ഫെബ്രുവരി മൂന്നുവരെ ദോഫാർ ഗവർണറേറ്റിലെ തുംറൈത്ത് വിലായത്തിൽ എംപ്റ്റി ക്വാർട്ടർ ഫെസ്റ്റിവൽ സംഘടിപ്പിക്കും. ദോഫാർ ഗവർണറുടെ ഓഫിസ്, ദോഫാർ മുനിസിപ്പാലിറ്റി, ചെറുകിട, ഇടത്തരം വ്യവസായ വികസന അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്. നിക്ഷേപകരെ ആകർഷിക്കുന്നതിനുള്ള ശൈത്യകാല വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ ഉയർത്തിക്കാട്ടുന്നതിനൊപ്പം, ദോഫാറിനെ സുസ്ഥിര വിനോദസഞ്ചാര കേന്ദ്രമായി പ്രോത്സാഹിപ്പിക്കാനും ഫെസ്റ്റിവൽ ലക്ഷ്യമിടുന്നുണ്ട്.
ഗവർണറുടെ ഓഫിസുമായി സഹകരിച്ച് ഫെബ്രുവരി 23 മുതൽ മാർച്ച് നാലുവരെ ദാഖിലിയ ഗവർണറേറ്റിന്റെ വാർഷിക ഉത്സവവും മന്ത്രാലയം നടത്തും. നിരവധി സാംസ്കാരിക, പൈതൃക, വിനോദ, സാഹസിക പരിപാടികൾ ഉണ്ടാകും. പ്രാദേശിക വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുക, പൈതൃകവും ടൂറിസം സൈറ്റുകൾ പ്രോത്സാഹിപ്പിക്കുക, ടൂറിസം ഭൂപടത്തിൽ ഒമാന്റെ സ്ഥാനം ശക്തിപ്പെടുത്തുക, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണച്ച് പ്രാദേശിക സമൂഹത്തിന് കൂടുതൽ ഗുണം നൽകുക എന്നിവയാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നതെന്ന് അൽ ബുസൈദി പറഞ്ഞു. കഴിഞ്ഞവർഷം ഏകദേശം 30 ലക്ഷത്തോളം വിനോദസഞ്ചാരികളാണ് സുൽത്താനേറ്റിൽ എത്തിയത്. ഖരീഫ് സീസണിൽ 8,13,000 സന്ദർശകരാണ് എത്തിയത്. മഹാമാരിക്ക് മുമ്പുള്ള 2019ൽ ഇത് 7,67,000 ആയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.