ധങ്കിൽ ‘ഫിദ വിന്റർ’ ഫോറം പരിപാടി സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ദാഹിറ ഗവർണറേറ്റിലെ ധങ്ക് വിലായത്തിൽ ഫിദ വിന്റർ ഫോറം പരിപാടി സംഘടിപ്പിച്ചു. വിലായത്തിന്റെ സാംസ്കാരികവും ചരിത്രപരവും പ്രകൃതിദത്തവുമായ സമ്പന്നതയെ പ്രോത്സാഹിപ്പിക്കുന്നതിനായി, ടൂറിസം കമ്മിറ്റി പ്രതിനിധാനം ചെയ്യുന്ന ഗവർണറേറ്റിലെ ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് പരിപടി സംഘടിപ്പിച്ചത്. കായിക പ്രേമികൾ, സംരംഭകർ, കമ്യൂണിറ്റികൾ തുടങ്ങി നിരവധിപേരെ പരിപാടി ആകർഷിക്കുന്നതായി. വിലയാത്തിന്റെ സമൃദ്ധമായ സാംസ്കാരിക അടയാളങ്ങളും ചരിത്ര സ്മാരകങ്ങളും ശ്രദ്ധയിൽപ്പെടുത്താനാണ് ഫോറം ലക്ഷ്യമിടുന്നതെന്ന് ഓർഗനൈസിങ് കമ്മിറ്റി ചെയർമാനും ഒ.സി.സിഐ അംഗവുമായ ഫഹദ് ബിൻ റാഷിദ് അൽ സെയ്ദി പറഞ്ഞു. സന്ദർശകർക്ക് ഫീൽഡ് ടൂറുകൾ വാഗ്ദാനം ചെയ്യുന്നതിലൂടെ, അതുല്യമായ ടൂറിസ്റ്റ് ആകർഷണങ്ങൾ പ്രദർശിപ്പിക്കുകയും പ്രദേശത്തിന്റെ പൈതൃകവുമായി ആഴത്തിലുള്ള ബന്ധം വളർത്തുകയും ചെയ്യുമെന്നും അദേഹം പറഞ്ഞു.
120ൽ അധികം പേർ പങ്കെടുത്ത എട്ടുകിലോമീറ്റർ ഓട്ടമത്സരം ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ഫോറത്തിൽ അവതരിപ്പിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങൾ, പ്രാദേശിക കുടുംബങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾ, നൂതന വിദ്യാർഥി പ്രോജക്ടുകൾ എന്നിവ പ്രദർശിപ്പിക്കുന്ന വിപണിയും സന്ദർശകരെ ആകർഷിക്കുന്നതായി.
ഒട്ടകങ്ങളുടെയും അറേബ്യൻ കുതിരകളുടെയും പ്രദർശനങ്ങൾ, ബെദൂയിൻ ടെന്റ് അനുഭവങ്ങൾ, പാരാഗ്ലൈഡിങ് എന്നിവ ധങ്കിന്റെ ബഹുമുഖമായ മനോഹാരിതയിലേക്ക് കാഴ്ചകൾ നൽകുന്ന പരിപാടികളിൽ ചിലതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.