പി.ഡി.ഒയിൽ വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി
text_fieldsമസ്കത്ത്: പൊതുമേഖല സ്ഥാപനമായ പി.ഡി.ഒ അടക്കമുള്ള സ്ഥാപനങ്ങളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി സ്റ്റേറ്റ് ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ പുറത്തിറക്കിയ കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ടിലാണ് ക്രമക്കേടുകൾ വ്യക്തമാക്കിയിട്ടുള്ളത്. പി.ഡി.ഒ നടത്തിയ കരാറുകൾ, വാങ്ങലുകൾ, മറ്റു സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവയിലാണ് വിശദമായ വിലയിരുത്തൽ നടന്നത്.
1999 മുതൽ 24 വർഷം തുടർച്ചയായി പുനർലേലംപോലും ചെയ്യാതെ ഒരു വിതരണക്കാരനിൽനിന്നാണ് പൈപ്പുകളും മറ്റു ഉപകരണങ്ങളും വാങ്ങിയതെന്നാണ് പ്രധാന കണ്ടെത്തൽ. ഈ വർഷ കാലയളവിൽ മൊത്തം 4.177 ശതകോടി ഡോളറിന്റെ ഉൽപന്നങ്ങളാണ് വാങ്ങിയത്. ഈ കമ്പനിക്ക് വരുന്ന ഏഴുവർഷം കൂടി കരാർ നൽകാനുള്ള തീരുമാനം നിർത്തിവെക്കണമെന്നും ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻ നിർദേശിച്ചു. കരാർ കാലാവധി ദീർഘിപ്പിക്കുന്നതിന് പകരം ഈ വർഷം ഒക്ടോബർ വരെ മാത്രം കാലാവധി മതിയെന്നും നിർദേശിച്ചു. നേരിട്ട് കരാറുകൾ നൽകാതിരിക്കുന്ന കാര്യം വിശദമായി പഠിച്ചുവരുകയാണ്.
2017 -2021 കാലത്ത് ഒരു കരാർ സംഖ്യ 265 ദശലക്ഷം റിയാൽ വർധിച്ചു. ഇത് എസ്റ്റിമേറ്റിന്റെ തകരാറുമൂലമാണെന്നും കണ്ടെത്തി. ഈ കാലയളവിൽ പൈപ്പിന്റെ ഉപയോഗം 21 ശതമാനം മുതൽ 39 ശതമാനം വരെ വർധിച്ചു. പൈപ്പുകൾ വീണ്ടും വാങ്ങിയത് കാരണം 25 ദശലക്ഷം ഡോളർ നഷ്ടമുണ്ടായി. ഇത് അഞ്ച് വർഷത്തെ കാലയളവിൽ സ്റ്റോറേജ് ചെലവ് 3.2 ദശലക്ഷം ഡോളർ വർധിക്കാനും കാരണമായി. 2022 ഇൻവോയ്സുകളുടെ ക്രമക്കേടും കരാറുകൾ ബോധപൂർവം വില വർധിപ്പിച്ചതും കാരണം 3.2 ദശലക്ഷം ഡോളറിന്റെ ക്രമക്കേട് കണ്ടെത്തി.
കൂടാതെ ഒത്തുതീർപ്പിനായി 14.2 ദശലക്ഷം ഡോളർ ചെലവാക്കുകയും 9.3 ദശലക്ഷം ഡോളർ അധികം നൽകുകയും ചെയ്തു. 2020-2022 കാലഘട്ടത്തിൽ അധികം നൽകിയ 6.7 ദശലക്ഷം ഡോളർ കമ്പനിക്ക് തിരിച്ച് ലഭിച്ചിട്ടില്ലെന്നും കണ്ടെത്തി. 2021 കാലത്ത് 355 ദശലക്ഷം ഡോളറിന്റെ തിരിമറിയാണ് കണ്ടെത്തിയത്. ഇത് സ്ഥാവര ജംഗമ വസ്തുക്കൾ വീണ്ടും സ്റ്റേറ്റ്മെന്റ് ഉണ്ടാക്കിയതാണ്. 40 എണ്ണക്കിണറുകൾ മൂലധനം നൽകാൻ വൈകിച്ചതും ഇപ്പോൾ പ്രവർത്തിക്കാത്ത 17 എണ്ണക്കിണറുകൾ ഇതുവരെ എഴുതിത്തള്ളാത്തതും ക്രമക്കേടിൽ പെടുന്നു.
ഇത്തരം നിരവധി ക്രമക്കേടുകൾ ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം കാണണമെന്നും കരാറുകളും മറ്റു നടപടിക്രമങ്ങൾക്കുമുള്ള നടപടി മെച്ചപ്പെടുത്തണമെന്നും ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.