പൊതുസ്ഥലങ്ങളിൽ തുപ്പിയാൽ പണികിട്ടും
text_fieldsമസ്കത്ത്: പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് ഇനി പണികിട്ടും. പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്കെതിരെ നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി രംഗത്തെത്തി. പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് നിയമലംഘനമാണെന്നും ലംഘിച്ചാൽ 20 റിയാൽ പിഴ വിധിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
പൊതുജനങ്ങൾ നടത്തുന്ന ഇത്തരം തെറ്റായ പ്രവണതകൾ നഗരത്തിന്റെ സൗന്ദര്യത്തെയും പ്രതിഛായയെയും പ്രതികൂലമായി ബാധിക്കുമെന്നും പൊതുജനാരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. പൊതുസ്ഥലത്ത് തുപ്പുന്നതിന് പ്രധാന കാരണം പൊതുശുചിത്വത്തെ കുറിച്ച് ബോധമില്ലാത്തത് കൊണ്ടാണെന്നും വിദഗ്ധർ പറയുന്നു. സാംക്രമിക രോഗമുള്ളവർ പൊതുസ്ഥലത്ത് തുപ്പുന്നത് മൂലം രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പകരാൻ കാരണമാവുമെന്നും ഇവർ പറയുന്നു.
അതിനിടെ പൊതുസ്ഥലത്ത് തുപ്പുന്നതിനും നഗരഭാഗങ്ങൾ വൃത്തികേടാക്കുന്നതിനുമെതിരെ അധികൃതർ നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു. റൂവി നഗരത്തിലെ നിരവധി സ്ഥലങ്ങളിൽ അധികൃതർ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും നിയമലംഘനത്തിന് കാര്യമായ കുറവില്ലാത്തതിനെ തുടർന്നാണ് മുനിസിപ്പാലിറ്റി അധികൃതർ പുതിയ നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. നഗരത്തിലെ ചില ഭാഗങ്ങളിൽ കെട്ടിടത്തിന്റെ പിറകിലും മറ്റും പലരും സ്ഥിരമായി തുപ്പുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. താംബാക്കും മറ്റും ചവച്ച് തുപ്പുന്നതിനാൽ പല ഭാഗങ്ങളും വൃത്തികേടായി കിടക്കുകയാണ്. ഇവക്കെതിരെ ശക്തമായ നടപടി ആവശ്യമാണെന്ന് പൊതുജനങ്ങളും ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.