നിയമലംഘനങ്ങൾക്ക് ഇന്നുമുതൽ കടുത്ത ശിക്ഷ
text_fieldsമസ്കത്ത്: പൊതുസ്ഥലങ്ങളിൽ ചപ്പുചവറുകളും മാലിന്യങ്ങളും വലിച്ചെറിയുന്നതും പൊതുനിരത്തിൽ തുപ്പുന്നതുമടക്കം നിയമലംഘനങ്ങൾക്കുള്ള വർധിപ്പിച്ച ശിക്ഷ ഇന്നുമുതൽ നിലവിൽ വരുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു.
കുറ്റകൃത്യം ആവർത്തിക്കുന്നപക്ഷം ശിക്ഷ വീണ്ടും കടുക്കും. മുനിസിപ്പൽ, വാണിജ്യ പ്രവർത്തനങ്ങളുടെ ക്രമീകരണവും പൊതുജനാരോഗ്യവും ശുചിത്വവും സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള 55/2017 നിയമ ഭേദഗതി പ്രകാരമാണ് ശിക്ഷ ഭേദഗതി. ലൈസൻസും പെർമിറ്റുമില്ലാതെ വാണിജ്യ സ്ഥാപനങ്ങൾ നടത്തുന്നവരിൽനിന്നും മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരിൽനിന്നും ഒപ്പം ആരോഗ്യ, പരിസ്ഥിതി ശുചിത്വം സംബന്ധിച്ച നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്നും കനത്ത തുക പിഴ ഇൗടാക്കാൻ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. മാലിന്യങ്ങളും ചപ്പുചവറുകളും പൊതുസ്ഥലങ്ങളിലോ ഒഴിഞ്ഞിടത്തോ തള്ളിയാൽ ആയിരം റിയാൽ ആയിരിക്കും പിഴ. വാദികളിൽ മാലിന്യം തള്ളുന്നവർക്കും ഇത് ബാധകമാണ്. കുറ്റകൃതം ആവർത്തിക്കുന്നപക്ഷം പിഴ ഇരട്ടിയാകും.
24 മണിക്കൂറിനുള്ളിൽ നിക്ഷേപിച്ച മാലിന്യം നഗരസഭയുടെ മാലിന്യപ്പെട്ടിയിലേക്കോ അംഗീകൃത മാലിന്യശേഖരണ സ്ഥലത്തേക്കോ മാറ്റണം. അല്ലാത്തപക്ഷം പിഴസംഖ്യയിൽ ലെവിയും ചുമത്തും. അവശിഷ്ടങ്ങൾ, കടപുഴകിയ മരങ്ങൾ, പഴകിയ ഫർണിച്ചറുകൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ തുടങ്ങിയ മാലിന്യപ്പെട്ടിക്ക് പുറത്ത് കൊണ്ടുവന്ന് ഇട്ടാൽ അമ്പത് റിയാലാകും പിഴ. കുറ്റകൃത്യം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. പൊതുനിരത്തിൽ തുപ്പിയാൽ 20 റിയാൽ ഇൗടാക്കും. മൃഗങ്ങളുടെ അവശിഷ്ടങ്ങൾ പൊതുനിരത്തിലോ മാലിന്യപ്പെട്ടികൾക്ക് സമീപമോ ഇട്ടാൽ നൂറ് റിയാൽ നൽകേണ്ടി വരും.
ഭക്ഷ്യസുരക്ഷ നിയമലംഘനം, ബഹുനില കെട്ടിടങ്ങളിലെ മാലിന്യ നിർമാർജനത്തിലെ പോരായ്മ, പൊതുസ്ഥലങ്ങളിലേക്കും പൊതു റോഡുകളിലേക്കും അഴുക്കുവെള്ളം ഒഴുക്കൽ, സംസ്കരിക്കാത്ത മലിനജലം ജലസേചനത്തിന് ഉപയോഗിക്കൽ, 18 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് ശീഷ ഉപയോഗിക്കാൻ നൽകൽ, നഗരസഭയുടെ അനുമതിയില്ലാതെ താമസയിടങ്ങളിൽ ആടുമാടുകളെയും കോഴികളെയും വളർത്തൽ തുടങ്ങി വിവിധ നിയമലംഘനങ്ങളിലും പിഴസംഖ്യ വർധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.