തീപിടിത്തം; ഡെപ്യൂട്ടി ഗവർണർ സീബ് സൂഖ് സന്ദർശിച്ചു
text_fieldsമസ്കത്ത്: കഴിഞ്ഞ ദിവസം വൻ തീപിടിത്തം നടന്ന സീബ് സൂഖ് ഡെപ്യൂട്ടി ഗവർണർ സന്ദർശിച്ചു. തീപിടിത്തത്തിന്റെ ആഘാതം മനസ്സിലാക്കാനും നാശനഷ്ടങ്ങളും മറ്റും വിലയിരുത്തുന്നതിനുമായിരുന്നു ഗവർണർ എത്തിയിരുന്നത്. കത്തിനശിച്ച കടകളും മറ്റും കാണുകയും അധികൃതരിൽനിന്നു വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സൂഖിൽ തീപിടത്തമുണ്ടായത്. നിരവധി ഗോഡൗണുകളും വെയർഹൗസുകളുമാണ് കത്തി നശിച്ചവയിൽ ഉൾപ്പെടുന്നത്. മലയാളികളുടേതുൾപ്പെടെ 20ലധികം കടകൾക്കാണ് തീപിടിച്ചത്. ഇതിൽ 17 കടകൾ പൂർണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ആർക്കും പരിക്കുകളൊന്നുമില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങളെത്തി മൂന്നു മണിക്കൂറെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. റെഡിമെയ്ഡ് ഷോപ്പ്, ചെരിപ്പ്, അത്തർ, അബായ പർദ്ദ ഷോപ്പ്, കമ്പിളി വസ്ത്ര വിൽപന ഷോപ്പ്, ഒമാനി പരമ്പരാഗത ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയവക്കാണ് തീ പൂർണമായും ബാധിച്ചത്. സ്വദേശികളോടൊപ്പം ഇന്ത്യക്കാർ, ബംഗ്ലാദേശുകാർ, പാകിസ്താനികൾ എന്നിവരാണ് ഇവിടെ കച്ചവടം നടത്തുന്നത്. അഭിന ഫ്രഷ് മാർക്കറ്റിനു പിറകുവശത്തെ പള്ളിക്ക് സമീപത്തെ കടയിലാണ് ആദ്യം തീപിടിത്തമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇവിടുന്നാണ് മറ്റു കടകളിലേക്കു വ്യാപിക്കുന്നത്. അപകടത്തിന്റെ കാരണങ്ങൾ അറിവായിട്ടില്ല. ഷോർട്ട്സർക്ക്യൂട്ടാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒമാനിലെ ചരിത്ര പ്രസിദ്ധമായ മാർക്കറ്റുകളിലൊന്നാണ് സീബ് സൂഖ്.
നഷ്ടക്കയത്തിൽ വ്യാപാരികൾ
മസ്കത്ത്: സീബ് സൂഖിലെ തീപിടിത്തം വ്യാപാരികൾക്കു വരുത്തിവെച്ചത് ലക്ഷങ്ങളുടെ നാശനഷ്ടം. ഇതിന്റെ ആഘാതത്തിൽനിന്ന്
മുക്തമാകാൻ മാസങ്ങളെടുക്കുമെന്ന് വ്യാപാരികൾ പറയുന്നു. അടുത്തിടെയായി കച്ചവട മാന്ദ്യത്തിലൂടെയായിരുന്നു വ്യാപാരികൾ പോയിക്കൊണ്ടിരുന്നത്. പലരും കടമെടുത്തും മറ്റുമായിരുന്നു ശമ്പളവും റൂം വാടകയുമൊക്കെ കൊടുത്തിരുന്നത്. റമദാൻ, പെരുന്നാൾ സീസണുകളാണ് ഈ വിടവുകൾ നികത്താൻ വ്യാപാരികളെ സഹായിച്ചിരുന്നത്. അതുകൊണ്ടുതന്നെ വരുന്ന സീസൺ മുന്നിൽ കണ്ട് എല്ലാ വ്യാപാരികളും സാധങ്ങൾ ഇറക്കിയിരുന്നു. ഇതാണ് ഒറ്റരാത്രിയിലെ തീപിടിത്തത്തിൽ ഇല്ലാതായത്. ഒരു സാധനങ്ങൾപോലും തിരിച്ചെടുക്കാൻ കഴിയാത്ത വിധം അഗ്നിയുടെ നാളങ്ങൾ കടകളെ വിഴുങ്ങുകയായിരുന്നു. ഇതു പുതുക്കിപ്പണിതു വീണ്ടും പൂർവ സ്ഥിതിയിലാക്കാൻ ലക്ഷങ്ങൾ വേണ്ടി വരും. കടത്തിനുമുകളിൽ കടത്തിലേക്കായിരിക്കും ഇതു ഞങ്ങളെ നയിക്കുക എന്ന് വ്യപാരികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.