പ്രഥമ ഉപഗ്രഹം അമാൻ-ഒന്ന് പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ടു
text_fieldsമസ്കത്ത്: ഒമാന്റ പ്രഥമ ഉപഗ്രഹമായ അമാൻ-ഒന്ന് പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ടു. സുഹാർ തുറമുഖം, സുഹാർ ഫ്രീ സോൺ, ഇബ്രി വിലായത്തിലെ പടിഞ്ഞാറൻ ഹജർ പർവതനിരകളുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഭൂമിയുടെ ഭ്രമണപഥത്തിൽ താഴ്ന്ന ഉയരത്തിൽനിന്നാണ് ചിത്രങ്ങൾ പകർത്തിയത്. ഭൂനിരീക്ഷണം, വിദൂര സംവേദനം എന്നിവയിലാണ് അമാൻ-ഒന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അമാൻ-1 ഭൗമ ഭ്രമണപഥത്തിലേക്ക് ഷട്ടിൽ ചെയ്ത നിമിഷംമുതലുള്ള പ്രവർത്തനങ്ങളെയാണ് ചിത്രം സൂചിപ്പിക്കുന്നതെന്ന് ഒമാൻ ഉടമസ്ഥതയിലുള്ള എറ്റ്കോ സ്പേസ് പ്രസ്താവനയിൽ പറഞ്ഞു. ഉയർന്ന കാര്യക്ഷമതയോടെ ബഹിരാകാശ ചിത്രങ്ങളും മറ്റും സ്വീകരിക്കുന്നതിനുള്ള ഡൗൺസ്ട്രീം വിഭാഗത്തിന്റെ സന്നദ്ധതയെ ഇതു സൂചിപ്പിക്കുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.
കഴിഞ്ഞ നവംബർ 11നാണ് അമാൻ-1 വിജയകരമായി വിക്ഷേപിക്കുന്നത്. രണ്ടാമത്തെ ശ്രമത്തിലായിരുന്നു ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാൻ കഴിഞ്ഞത്. 2022 ഒക്ടോബറിലാണ് ആദ്യ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ വർഷം ജനുവരി പത്തിന് വിക്ഷേപണം നടത്തിയെങ്കിലും സാങ്കേതിക പിഴവു കാരണം പരാജയപ്പെടുകയായിരുന്നു. ഒമാൻ ബഹിരാകാശ കമ്പനിയായ എറ്റ്കോ സ്പെയ്സാണ് ഉപഗ്രഹം വിക്ഷേപിക്കാനുള്ള ശ്രമങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചത്. സ്പെയ്സക്സിന്റെ ഫാൽക്കൻ ഒമ്പത് റോക്കറ്റിൽ ഘടിപ്പിച്ച് കാലിഫോർണിയിലെ വിക്ഷേപണതറയിൽനിന്നായിരുന്നു ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചത്. എറ്റ്കോ സ്പെയിസിന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഈ മേഖലയിലെ ആദ്യ കാൽവെപ്പാണ്. സാങ്കേതിക തകരാറുകാരണമാണ് ആദ്യ വിക്ഷേപണം പരാജയപ്പെട്ടത്. കഴിഞ്ഞ മാർച്ചിൽ കമ്പനി പാപ്പരത്തം കാരണം 85 ശതമാനം ജീനവക്കാരേയും പിരിച്ചുവിട്ടിരുന്നു. എന്നിട്ടും ഒമാൻ എറ്റ്കോ പദ്ധതിയുമായി മുന്നോട്ടു പോവുകയായിരുന്നു. റ്റുവാറ്ററാ, സാറ്റ്റവല്യൂഷൻ എന്നീ കമ്പനിയുമായി സഹകരിച്ചാണ് ഒമാൻ എറ്റ്കോ പദ്ധതി നടപ്പാക്കിയത്. താരതമ്യേന ചെറിയ ഉപഗ്രഹമായതിനാൽ ക്യുബ് സാറ്റ്ലൈറ്റ്, ക്യൂബ് എന്നീ പേരിലും അറിയപ്പെടുന്നുണ്ട്. ഇവ ശേഖരിക്കുന്ന ചിത്രങ്ങളും ഡാറ്റകളും ഒമാനിലെ എറ്റ്കോ സ്റ്റേഷന് കൈമാറുകയാണ് ചെയ്യുന്നത്. ഒമാൻ സർക്കാറിന്റെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായാണ് ആദ്യ ഉപഗ്രഹം ഭ്രമണപഥത്തിലെത്തുന്നത്. ഒമാന്റെ ബഹിരാകാശപദ്ധതി മേഖലയിലെ പ്രവേശന കവാടമായിരിക്കുമെന്ന് നേരത്തേ ഒമാൻ ഗതാഗത വാർത്താവിനിമയ വിവരസാങ്കേതിക മന്ത്രാലയം പ്രസ്താവിച്ചിരുന്നു.
കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളുടെ അനന്തരഫലങ്ങളെയും കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിന് ഉയർന്ന റെസല്യൂഷനുള്ള ഉപഗ്രഹ ചിത്രങ്ങൾ പകർത്താൻ പ്രാപ്തമാക്കുന്നതാണ് ‘അമാൻ. ഇത്തരം ചിത്രങ്ങൾ പിന്നീട് കമ്പ്യൂട്ടർ വിഷൻ, മെഷീൻ ലേണിങ്, എ.ഐ സൊല്യൂഷനുകൾ എന്നിവ ഉപയോഗിച്ച് കൂടുതൽ വിശകലനം ചെയ്യും. വിഷൻ 2040 ന്റെ ഭാഗമായാണ് ഇത്തരം സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികൾ നടപ്പാക്കുന്നത്. പുതുതലമുറക്ക് ബഹിരാകാശമേഖലയിൽ പുതിയ ചക്രവാളങ്ങൾ തുറന്നു കൊടുക്കാനും രാജ്യത്തിന് ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനം ചെയ്യാനും ലക്ഷ്യം വെക്കുന്നതാണ് ഒമാൻ ബഹിരാകാശ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.