മനംനിറച്ച് സോക്കർ കാർണിവൽ
text_fieldsമസ്കത്ത്: മസ്കത്തിലെ കായിക-കലാ പ്രേമികൾക്ക് ഓർമയിൽ എന്നും സൂക്ഷിക്കൻ ഒരുപിടി സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ച് ഗൾഫ് മാധ്യമം സോക്കർ കാർണിവലിന്റെ പ്രഥമപതിപ്പിന് തിരശ്ശീല വീണു.
രണ്ട് ദിവസങ്ങളിലായി മസ്കത്ത് ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലേക്ക് ആയിരക്കണക്കിനാളുകളാണ് ഒഴുകിയത്. കളം നിറഞ്ഞാടിയ 16 ടീമുകൾ കാൽപന്തുകളിയുടെ ആവേശത്തിരാമാലകൾ തീർത്തപ്പോൾ, ഫുഡ്സ്റ്റാളുകളും കലാ പ്രകടനങ്ങളും കുടുംബങ്ങളെയും കുട്ടികളെയും ആഘോഷത്തിന്റെ വേറൊരുലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
ഐ ലീഗിലും സന്തോഷ് ട്രോഫിയിലുമടക്കം ബൂട്ടണിഞ്ഞ ഒരുപിടി മിന്നും താരങ്ങളായിരുന്നു ഗൾഫ്മാധ്യമം സോക്കർ കാർണിവലിന്റെ കീരീടത്തിനായുള്ള പോരാട്ടത്തിൽ പ്രധാന ക്ലബുകൾക്കായി ഇറങ്ങിയിരുന്നത്. സമാപന ദിവസമായ വെള്ളിയാഴ്ച പരിപാടി ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പേതന്നെ ആളുകൾ സ്റ്റേഡിയത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങളുമായി 20ലധികം ഫുഡ്സ്റ്റാളുകളായിരുന്നു ഒരുക്കിയിരുന്നത്. മലബാർ വിഭവങ്ങൾക്കൊപ്പം കണ്ണൂരിന്റെ ഇനങ്ങൾക്കായി പ്രത്യേക ഇടങ്ങളുമുണ്ടായിരുന്നു. ഭക്ഷണപ്രേമികളുടെ മനം കവരുന്ന തരത്തിലുള്ള ഇനങ്ങളുമായി മസ്കത്തിലെ സ്ത്രീ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളുകൾ, വിവിധതരം ചോക്ലേറ്റുകൾ, ഫാൻസി ഐറ്റംസുകൾ, മിഠായികൾ എന്നിവ കാർണിവലിന് മാറ്റുകൂട്ടി. വിവിധങ്ങളായ വിനോദപരിപാടികളും മത്സരങ്ങളും പുത്തൻ കാഴ്ചകളാണ് കാണികൾക്ക് നൽകിയത്.
കുട്ടികൾക്കും കുടുംബത്തിനും ഒരുക്കിയ മത്സരത്തിൽ വിജയികളായവർ കൈനിറയെ സമ്മാനങ്ങളുമായാണ് വീട്ടിലേക്ക് മടങ്ങിയത്.
മുഖ്യാതിഥിയായി പങ്കെടുത്ത മുൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടികയെ കരഘോഷത്തോടെയാണ് കാണികൾ വേദിയിലേക്ക് വരവേറ്റത്. കുട്ടികളെയും കുടുംബത്തെയും വിസ്മയിപ്പിക്കുന്ന മാജിക്കും നുറുങ്ങ് മത്സരങ്ങളുമായി കാർണിവൽ നഗരിയെ ഇളക്കി മറിക്കുന്നതായി കലേഷിന്റെ പ്രകടനം. നാട്ടിൽനിന്നെത്തിയ റാഷിദ് കോട്ടക്കല്ലിന്റെ അനൗൺസ്മെന്റ് ഫുട്ബാൾ പ്രേമികൾക്ക് പുത്തൻ അനുഭവം സമ്മാനിച്ചു.
സോക്കർ കാർണിവലിന്റെ ഉദ്ഘാടന ചടങ്ങിൽ ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ ഷക്കീൽ ഹസൻ, സോക്കർ കാർണിവൽ കൺവീനർ അർഷാദ് പെരിങ്ങാല, ലുലു എക്സ്ചേഞ്ച് ഹെഡ് ഓഫ് റീട്ടെയിൽ ബിസിനസ് നിഖിൽ ബഷീർ, അൽഹാജിസ് പെർഫ്യൂംസ് ഓപറേഷൻ മാനേജർ ജിഷാദ്, ബദ്ർ അൽസമ ഹോസ്പിറ്റൽസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫിറാസത്തുൽ ഹസൻ, നദ ഹാപ്പിനസ് ചെയർമാൻ അബ്ദുൽ സലാം, യുനൈറ്റഡ് കാർഗോ ആൻഡ് ലോജിസ്റ്റിക്സ് മാനജിങ് ഡയറക്ടർ നിയാസ് അബ്ദുൽ ഖാദർ, ഫുഡ്ലാന്റ്സ് ബിസിനസ് ഡെവലെപ്മെന്റ് മാനേജർ വി.വിപിൻ, റുബുഹ അൽഹം മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ്, ആർ.എഫ്.സി ചെയർമാൻ റഫീഖ് മലയിൽ, ജീപാസ് കൺട്രി മാനേജർ കെ.ടി.കെ. ഷജീർ, അൽ ഉഫൂഖ് ഡയറക്ടർ കെ. ഇർഫാൻ, പ്രോസോൺ സ്പോർട്സ് അക്കാദമി കോഫൗണ്ടർ ജസീൽ അഹമ്മദ്, ഫ്രണ്ടി മൊബൈൽ പ്രതിനിധി ഹമൂദ് അബ്ദുല്ല അൽ സുംമ്രി, ഇന്റലിജന്റ് ഇവന്റ് മാനേജിങ് ഡയറക്ടർ ജോയ്സൺ, ഗൾഫ് മാധ്യമം ഉപരക്ഷാധികാരി പി.കെ. ഇംതിയാസ്, മാധ്യമം-മീഡിയ വൺ എക്സിക്യൂട്ടീവ് കമിറ്റി അംഗം കെ.വി. ഉമ്മർ, കെ.എം.എഫ്.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫൈസൽ എന്നിവർ സംബന്ധിച്ചു.
സ്പോൺസർമാർക്ക് അനസ് എടത്തൊടിക, രാജ് കലേഷ് എന്നിവർ ഗൾഫ് മാധ്യമത്തിന്റെ ഉപഹാരങ്ങൾ സമ്മാനിച്ചു. ടീം അംഗങ്ങളുടെയും പ്രോസോൺ ഫുട്ബാൾ അക്കാദമിയിലെ കുട്ടികളുടെയും നേതൃത്വത്തിൽ മാർച്ചും പാസ്സും നടന്നും. നേഹ അഷ്റഫ് പരിപാടിയുടെ അവതാരകയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.