റമദാനിലെ ആദ്യ വെള്ളി: പള്ളികളിൽ തിരക്കു കുറവ്
text_fieldsമസ്കത്ത്: റമദാനിലെ ആദ്യ വെള്ളിയാഴ്ചയിൽ പള്ളികളിൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. ഒമാനിലെ റൂവി ഖാബൂസ് മസ്ജിദ് അടക്കമുള്ളിടങ്ങളിൽപോലും കോവിഡ്കാല വെള്ളിയാഴ്ചകളിലെ തിരക്ക് മാത്രമാണ് ഇന്നലെ അനുഭവപ്പെട്ടത്. ജുമുഅക്ക് അനുമതി ഇല്ലാത്തതടക്കം മസ്ജിദുകളിൽ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളാണ് തിരക്ക് കുറയാൻ കാരണം. റമദാനിലെ മറ്റ് നമസ്കാരങ്ങളിലും പള്ളികളിൽ തിരക്ക് കുറവാണ്. റമദാനിൽ ആദ്യദിവസത്തെ ഉച്ച നമസ്കാരത്തിന് രാജ്യത്തെ ഏറ്റവും വലിയ പള്ളികളിലൊന്നായ റൂവി ഖാബൂസ് മസ്ജിദിൽ 75ൽ താഴെ പേർ മാത്രമാണ് എത്തിയത്. ആയിരക്കണക്കിന് ആളുകൾക്ക് നമസ്കരിക്കാൻ സൗകര്യമുള്ള ഇൗ മസ്ജിദ് േകാവിഡിന് മുമ്പുള്ള റമദാനുകളിൽ തിങ്ങിനിറയാറുണ്ട്. രാത്രികാല നമസ്കാരത്തിനും നൂറിൽപരം വിശ്വാസികൾ മാത്രമാണ് എത്തുന്നത്. തറാവീഹ് ഒഴികെ രാത്രികാല നമസ്കാരമാണ് മസ്ജിദുകളിൽ നടക്കുന്നത്.
മസ്ജിദുകളിലെ പ്രാർഥനകൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. ആയിക്കണക്കിന് മസ്ജിദുകളുള്ള ഒമാനിൽ 400ലധികം മസ്ജിദുകൾക്ക് മാത്രമാണ് അധികൃതർ തുറക്കാൻ അനുവാദം നൽകിയിരിക്കുന്നത്. വലിയ മസ്ജിദുകളും കോവിഡ് മാനദന്ധങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകുന്നതുമായ മസ്ജിദുകളാണ് പട്ടികയിലുള്ളത്. മസ്ജിദുകളിലെത്തുന്നവർ നമസ്കാര പായകൾ കരുതുകയും സമൂഹിക അകലം പാലിച്ച് പ്രാർഥന നടത്തുകയും വേണം. ബാങ്കുവിളിക്ക് ശേഷം മാത്രമാണ് മസ്ജിദുകൾ തുറക്കുന്നത്. പ്രാർഥന കഴിഞ്ഞ് പത്ത് മിനിറ്റിനുള്ളിൽ മസ്ജിദുകൾ വിടുകയും വേണം. വളരെ കുറഞ്ഞ സമയം മാത്രമാണ് മസ്ജിദുകളിൽ തങ്ങാൻ അവസരം നൽകുന്നത്. വിശുദ്ധ ഖുർആൻ പാരായണത്തിന് സൗകര്യവും ലഭിക്കുന്നില്ല. കോവിഡിന് മുമ്പുള്ള റമദാനുകളിൽ മസ്ജിദുകൾ ജനനിബിഡമാവാറുണ്ട്. വെള്ളിയാഴ്ചകളിൽ പ്രാർഥനക്കെത്തുന്നവരെ കൊണ്ട് മസ്ജിദുകൾ നിറയും. വാരാന്ത്യ അവധി ദിവസമായതിനാൽ ജുമുഅ പ്രാർഥനക്ക് മണിക്കൂറുകൾ മുമ്പുതന്നെ മസ്ജിദിലെത്തുന്നവരിൽ പലരും വൈകുന്നേരത്തെ പ്രാർഥനയോടെയാണ് മസ്ജിദ് വിടുന്നത്.
മസ്ജിദുകളിൽ നടക്കുന്ന ഇഫ്താറുകളോടുകൂടി മസ്ജിദ് മടങ്ങുന്നവരുമുണ്ട്. വെള്ളിയാഴ്ചകളിൽ മലയാളികൾ അടക്കമുള്ളവർ നടത്തുന്ന ആത്മസംസ്കരണ ക്ലാസുകൾ പ്രധാന മസ്ജിദുകളിൽ നടക്കാറുണ്ട്. നാട്ടിൽനിന്നെത്തുന്ന പ്രമുഖരും ഇത്തരം ക്ലാസുകളിൽ സംബന്ധിക്കാറുണ്ടായിരുന്നു. റമദാനിൽ അർധരാത്രി വരെ തറാവീഹ് നമസ്കാരം നടക്കുന്ന മസ്ജിദുകളും ഒമാനിലുണ്ടായിരുന്നു. വിവിധ കൂട്ടായ്മളുടെ നേതൃത്വത്തിൽ പ്രത്യേകം പ്രത്യേകമായും ഇത്തരം പള്ളികളിൽ തറാവീഹ് നമസ്കാരം നിർവഹിച്ചിരുന്നു. വൈകി വ്യാപാര സ്ഥപനങ്ങൾ അടക്കുന്ന നിരവധി പേർക്ക് ഇത്തരം തറാവീഹുകൾ അനുഗ്രഹമായിരുന്നു. എന്നാൽ, നിലവിലെ കടുത്ത നിയന്ത്രണങ്ങളെ അനുകൂലിക്കുന്നവരാണ് സാധാരണക്കാരായ പ്രവാസികൾ. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് കൊണ്ടാണ് കോവിഡ് വ്യാപനം തടയാൻ കഴിയുന്നതെന്ന് പലരും കരുതുന്നു. ഒമാനിൽ രോഗികളും രോഗം കാരണമുള്ള മരണവും വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ മാത്രമാണ് പ്രതിരോധ മാർഗമെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു. റമദാനിലെ രാത്രികാല കർഫ്യൂ നിരവധി പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും അനിയന്ത്രിതമായി ആളുകൾ പുറത്തിറങ്ങുന്നത് രോഗവ്യാപനത്തിന് വഴിവെക്കുമെന്നാണ് പലരും വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.