‘ഫസ്റ്റ് ഗൾഫ് ഹൗസിങ് വീക്ക്’ ത്രിദിന കോൺഫറൻസിന് തുടക്കം
text_fieldsമസ്കത്ത്: ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ഭവന, നഗരാസൂത്രണ മന്ത്രാലയം സംഘടിപ്പിക്കുന്ന ‘അർബൻ ഒക്ടോബർ: ഫസ്റ്റ് ഗൾഫ് ഹൗസിങ് വീക്ക്’ ത്രിദിന കോൺഫറൻസിന് തുടക്കമായി. ‘മികച്ച നഗരം, മെച്ചപ്പെട്ട ജീവിതം’ എന്ന പ്രമേയത്തിൽ മൂന്ന് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്. പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദിന്റെ രക്ഷാകർതൃത്വത്തിൽ ആണ് ഉദ്ഘാടന ചടങ്ങുകൾ അരങ്ങേറിയത്.
മസ്കത്തിന്റെ നഗര ഭവന, സാമൂഹിക ആസ്തി എന്ന നിലയിൽ നടപ്പിലാക്കുന്ന സുൽത്താൻ ഹൈതം സിറ്റി പദ്ധതി സയ്യിദ് ശിഹാബ് തങ്ങൾ അവലോകനം ചെയ്തു. റിയൽ എസ്റ്റേറ്റ്, ഭവന വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രാദേശികവും അന്തർദേശീയവുമായ പങ്കാളിത്തമുള്ള ആദ്യ ഗൾഫ് ഹൗസിങ് വീക്ക് കോൺഫറൻസിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.
ലോക ആവാസ ദിനം, ലോക നഗരദിനം, ലോക വാസ്തുവിദ്യാദിനം എന്നിവ ഉൾപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ ‘അർബൻ ഒക്ടോബർ’ പ്രവർത്തനങ്ങളുമായി സമ്മേളനം യോജിക്കുന്നുണ്ട്. ഹൗസിങ്, നഗരാസൂത്രണം, ഭാവി സ്കൂൾ കെട്ടിടങ്ങൾ, നഗരങ്ങളുടെ പ്രതിരോധം എന്നിങ്ങനെ നാല് പ്രധാന മേഖലകളെ സമ്മേളനം അഭിസംബോധന ചെയ്യും. കൂടാതെ സുസ്ഥിര നഗരങ്ങൾ മുതൽ പരിസ്ഥിതി സന്തുലിതാവസ്ഥ, കാലാവസ്ഥാ വ്യതിയാന ലഘൂകരണം വരെയുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന 65 പ്രബന്ധങ്ങൾ അവതരിപ്പിക്കും. വിവിധ വിഷയങ്ങളിലായി 60ലധികം അന്താരാഷ്ട്ര, പ്രാദേശിക വിദഗ്ധർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. സമ്മേളനത്തോടൊപ്പം, ഭവന, നഗര ആസൂത്രണത്തിലെ പുതുമകളും സേവനങ്ങളും ഉയർത്തിക്കാട്ടുന്ന 35 ബൂത്തുകൾ ഉൾക്കൊള്ളുന്ന ‘അർബൻ ഒക്ടോബർ എക്സിബിഷൻ’ അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.