സാന്ത്വന സ്പർശങ്ങളുമായി പ്രഥമ വനിത ബുറൈമിയിലെത്തി
text_fieldsമസ്കത്ത്: സുൽത്താന്റെ ഭാര്യയും പ്രഥമ വനിതയുമായ അസ്സയിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദി ബുറൈമി ഗവർണറേറ്റ് സന്ദശിച്ചു. സന്ദശനത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാർക്കുള്ള അൽ വഫ സെന്റർ, സാറ ഒയാസിസ്, അൽ ഹില്ലാ ഫോർട്ട് എന്നിവിടങ്ങളിലുമെത്തി. പ്രഥമ വനിതയോടുള്ള ആദര സൂചകമായി സാറ ഒയാസിസിൽ ഒരു ഒലിവ് മരത്തിന് ‘അൽ ജലീല’ എന്ന് പേരു നൽകുകയും ചെയ്തു.
ബുറൈമി ഗവർണർ സയ്യിദ് ഡോ. ഹമദ് അഹ്മ്മദ് അൽ ബുസൈദിയുടെ സാന്നിധ്യത്തിലെത്തിയ അവർ അൽ വഫ സെന്ററിൽ ഗുണഭോക്താക്കൾക്ക് നൽകുന്ന പുനരധിവാസത്തെയും ചികിത്സാ സേവനങ്ങളെയുംകുറിച്ച് മനസ്സിലാക്കി.കേന്ദ്രത്തിന്റെ വകുപ്പുകൾ, സ്പെഷ്യലിറ്റി ഹാളുകൾ, വികലാംഗരുടെ എല്ലാ പ്രായക്കാർക്കും നൽകുന്ന സേവനങ്ങൾ, ഭിന്നശേഷിക്കാരുടെ ബൗദ്ധികവും മറ്റു കഴിവുകളും വികസിപ്പിക്കുന്നതിനുള്ള പുനരധിവാസ പദ്ധതികൾ എന്നിവയെക്കുറിച്ച് അധികൃതർ പ്രഥമ വനിതക്ക് വിശദീകരിച്ചു.
സമൂഹത്തിൽ ഭിന്നശേഷിക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി ജീവനക്കാർ നടത്തുന്ന സമർപ്പണത്തെ വിലമതിക്കുകയും കേന്ദ്രത്തിന്റെ ചുമതലയുള്ള എല്ലാവരോടും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. മഹത്തായ മാനുഷിക ദൗത്യം നിർവഹിക്കുന്നതിൽ വിജയിക്കട്ടെയെന്ന് അവർ ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.