ഒമാൻ-സൗദി കോഓഡിനേഷൻ കൗൺസിലിന്റെ ആദ്യ യോഗം മസ്കത്തിൽ ചേർന്നു
text_fieldsമസ്കത്ത്: ഒമാനി-സൗദി കോഓഡിനേഷൻ കൗൺസിലിന്റെ ആദ്യ യോഗം കഴിഞ്ഞ ദിവസം മസ്കത്തിൽ ചേർന്നു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽബുസൈദി, സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് എന്നിവരുടെ സംയുക്ത അധ്യക്ഷതയിലായിരുന്നു യോഗം. ഒമാനി-സൗദി കോഓഡിനേഷൻ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ് മേധാവികളും കൗൺസിലിൽനിന്നുള്ള ഉപസമിതി തലവന്മാരും പങ്കെടുത്തു.
ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്തു. കൈവരിച്ച ഗുണപരവും ക്രിയാത്മകവുമായ ഫലങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി. ഉഭയകക്ഷി ഏകോപനത്തെ പിന്തുണക്കുന്നതും വികസിപ്പിക്കുന്നതും തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
സൗദി-ഒമാനി ബന്ധങ്ങൾ കഴിഞ്ഞ കുറച്ചുവർഷമായി വിവിധ മേഖലകളിലും നിക്ഷേപ സംരംഭങ്ങളിലും വാണിജ്യ വളർച്ചയിലും ഗുണപരമായ മാറ്റത്തിന് സാക്ഷ്യംവഹിച്ചുവെന്ന് ചടങ്ങിൽ സംസാരിച്ച സയ്യിദ് അൽബുസൈദി പറഞ്ഞു.
ഊർജം, ലോജിസ്റ്റിക്സ്, സമുദ്രഗതാഗതം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിലെ സഹകരണത്തിനുപുറമെ ഇരുരാജ്യങ്ങളുടെയും പൊതുതാൽപര്യങ്ങളിൽ ബദൽ ഊർജ പദ്ധതികളും ഹൈഡ്രജൻ ഉൽപാദനവും മുൻപന്തിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി-ഒമാനി ബന്ധം രണ്ട് രാജ്യങ്ങളുടെയും നേതൃത്വത്തിനുകീഴിൽ മികച്ചരീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്ന്
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് പ്രസംഗത്തിൽ പറഞ്ഞു. ഉഭയകക്ഷി, പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ തുടർച്ചയായ ഏകോപനം തുടരേണ്ടതിന്റെയും പൊതുതാൽപര്യമുള്ള എല്ലാ വിഷയങ്ങളിലും രാഷ്ട്രീയ കൂടിയാലോചനകൾ വർധിപ്പിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.