ഇറാഖിലെ ഉമ്മുഖസർ തുറമുഖത്തേക്ക് ആദ്യ കപ്പൽപാത തുറന്നു
text_fieldsമസ്കത്ത്: ഒമാനിലെ തുറമുഖങ്ങളിൽ നിന്ന് ഇറാഖിലെ ഉമ്മുഖസർ തുറമുഖത്തേക്ക് ആദ്യ കപ്പൽപാത തുറന്നതായി ഒമാൻ ഗ്ലോബൽ ലോജിസ്റ്റിക്സ് ഗ്രൂപ് (അസ്യാദ്) അറിയിച്ചു. ഒമാനും ലോക രാഷ്ട്രങ്ങൾക്കുമിടയിലുള്ള കടൽ വാണിജ്യ ശൃംഖല വിപുലീകരിക്കുന്നതിെൻറയും മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം സുഗമമാക്കുന്നതിെൻറയും ഭാഗമായാണ് പുതിയ കപ്പൽ പാത.
ഒമാനിലെ സലാല, ദുകം, സുഹാർ തുറമുഖങ്ങളിൽ നിന്ന് ഇറാഖിലേക്ക് പ്രതിവാര സർവിസുകളായിരിക്കും ഉണ്ടാവുക. ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാര വർധനവിന് ഒപ്പം ഒമാനിലെയും ഇറാഖിലെയും നിക്ഷേപ സാധ്യതകൾക്ക് ഉണർവ് പകരാനും പുതിയ കപ്പൽപാത വഴി സാധിക്കും. ചരക്കുഗതാഗത കേന്ദ്രം എന്ന നിലയിലുള്ള ഒമാെൻറ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതാകും പുതിയ കപ്പൽപാത. നേരിട്ടുള്ള കയറ്റിറക്കുമതിക്കും പുനർ കയറ്റുമതി രംഗത്തും ഇരു രാഷ്ട്രങ്ങൾക്കും ഇത് അവസരങ്ങൾ തുറന്നുനൽകുന്നുണ്ട്.
ഒമാെൻറ ചരക്കുഗതാഗത മേഖലയെ മുൻനിരയിൽ എത്തിക്കാൻ ലക്ഷ്യമിട്ട് 2016ൽ സർക്കാർ ഉടമസ്ഥതയിൽ രൂപവത്കരിച്ച ഹോൾഡിങ് കമ്പനിയാണ് അസ്യാദ്.തുറമുഖങ്ങൾ, വിമാനത്താവള ഫ്രീസോണുകൾ തുടങ്ങി ചരക്കുഗതാഗത മേഖലയുമായി 16 സർക്കാർ കമ്പനികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന സ്ഥാപനമാണ് അസ്യാദ്. അസ്യാദ് ഗ്രൂപ്പിെൻറ കണ്ടെയ്നർ ലൈൻ സർവിസിന് അടുത്തിടെ അന്താരാഷ്ട്ര തലത്തിലെ മികച്ച 55ാമത്തെ കണ്ടെയ്നർ കപ്പൽ സർവിസ് എന്ന ബഹുമതി ലഭിച്ചിരുന്നു.
ശേഷി, സേവനങ്ങളുടെ വിശ്വസ്തത തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കിലെടുത്ത് അന്താരാഷ്ട്ര ഡാറ്റാബേസ് പ്ലാറ്റ്ഫോം ആയ ആൽഫാലെനർ 100 കണ്ടെയ്നർ കപ്പൽ സേവനങ്ങളെ ഉൾപ്പെടുത്തി തയാറാക്കിയ സൂചികയിലാണ് ഇൗ ബഹുമതി ലഭിച്ചത്. ഒമാനി തുറമുഖങ്ങളിൽ നിന്ന് 40 രാജ്യങ്ങളിലെ 86 വാണിജ്യ തുറമുഖങ്ങളിലേക്കാണ് നേരിട്ടുള്ള കപ്പൽ ഗതാഗതം ഉള്ളത്. കയറ്റിറക്കുമതിയുമായി ബന്ധപ്പെട്ട് 200 പ്രതിവാര സർവിസുകളാണ് ഒമാനിലെ തുറമുഖങ്ങളിൽ നിന്നുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.