കാഴ്ച വൈകല്യമുള്ളവർക്കായുള്ള ആദ്യ നടപ്പാത സുഹാറിൽ തുറന്നു
text_fieldsമസ്കത്ത്: കാഴ്ച വൈകല്യമുള്ളവർക്കായുള്ള ഒമാനിലെ ആദ്യത്തെ നടപ്പാത വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ വിലായത്തിൽ തുറന്നു. അൽ ഹമ്പാർ പാർക്കിലാണ് നടപ്പാത ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണത്തോടനുബന്ധിച്ച് അൽ നൂർ അസോസിയേഷൻ ഫോർ ദി ബ്ലൈൻഡുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ വടക്കൻ ബാത്തിന ഗവർണർ മുഹമ്മദ് ബിൻ സുലൈമാൻ അൽ കിന്ദിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു നടപ്പാത തുറന്നത്.
കാഴ്ച വൈകല്യമുള്ളവരെ ശാക്തീകരിക്കേണ്ടതിന്റെയും ജീവിതത്തിന്റെ വിവിധ മേഖലകളിൽ സജീവമായ പങ്കാളിത്തത്തിന് അവസരമൊരുക്കുന്നതിന്റെയും പ്രാധാന്യത്തെ കുറിച്ച് ഗവർണർ കിന്ദി സൂചിപിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന അന്തരീക്ഷം ഉറപ്പാക്കി വൈകല്യമുള്ള വ്യക്തികളെ മികച്ച രീതിയിൽ ഉൾക്കൊള്ളുന്നതിനായി പൊതു സൗകര്യങ്ങളുടെ തുടർച്ചയായ വികസനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ ഏജൻസികളും അസോസിയേഷനും തമ്മിലുള്ള വിജയകരമായ സഹകരണത്തിന് ഈ നടപ്പാത ഉദാഹരണമാണെന്ന് വടക്കൻ ബാത്തിനയിലെ അൽ നൂർ അസോസിയേഷൻ ഫോർ ബ്ലൈൻഡ് ചെയർമാൻ മുഹമ്മദ് ബിൻ ഇസ്മായിൽ അൽ ബലൂഷി അഭിപ്രായപ്പെട്ടു.
കാഴ്ച വൈകല്യമുള്ള വ്യക്തികളുടെ സഞ്ചാരം സുഗമമാക്കുന്നതിനായി ഏകദേശം ഒരു കിലോമീറ്റർ നീളമുള്ള നടപ്പാതയാണ് ഒരുക്കിയിരിക്കുന്നത്. പ്രദേശത്ത് ലഭ്യമായ സേവനങ്ങളും സൗകര്യങ്ങളും തിരിച്ചറിയാൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് ബ്രെയിലിയിലുള്ള വിശദീകരണ മാപ്പും ഇവിടെയുണ്ട്. എല്ലാ സന്ദർശകർക്കും പ്രവേശനക്ഷമത ഉറപ്പാക്കുന്നതിനായി ചരിവുകളോടെയാണ് നടപ്പാത സജ്ജീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.