ആദ്യ കാറ്റാടി പദ്ധതി അഞ്ചാം വയസ്സിലേക്ക്; വൈദ്യുതി ഉൽപാദനരംഗത്ത് നാഴികക്കല്ല്
text_fieldsമസ്കത്ത്: ഒമാനിലെ ആദ്യത്തെ കാറ്റാടി പദ്ധതിയായ ദോഫാർ വിന്റ് പവർ അഞ്ച് വർഷം പൂർത്തിയാകുന്നു. അടുത്ത മാസത്തോടെ അഞ്ച് വർഷം പൂർത്തിയാവുന്ന പദ്ധതി വൈദ്യുതി ഉൽപാദന രംഗത്ത് നാഴികകല്ലായി മാറുകയാണ്. 50 മെഗാവാട്ട് ഉൽപാദന ക്ഷമതയുള്ള കാറ്റാടി പദ്ധതിയിൽനിന്ന് ഏകദേശം 522,423 മെഗാ ഹവർ വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്.
ഈ മികച്ച വൈദ്യുതി ഉൽപാദനം കാറ്റാടി യന്ത്ര പദ്ധതിയുടെ ഉൽപാദന ക്ഷമത മാത്രമല്ല ഇത്തരം രൂപത്തിലുള്ള വൈദ്യുത പദ്ധതിയുടെ സാധ്യതകൂടിയാണ് വ്യക്തമാക്കുന്നത്.
ഈ പദ്ധതിയുടെ സാങ്കേതിക മികവും പ്രവർത്തനത്തിലുള്ള കാര്യക്ഷമതയുമാണ് ഈ ഉയർന്ന അളവിലുള്ള വൈദ്യുതി ഉൽപാദനം തെളിയിക്കുന്നത്. ഇത്തരം പുനരുൽപ്പാദന വൈദ്യുത പദ്ധതി പരിസ്ഥിതിയെ ബാധിക്കാത്ത രീതിയിൽ എങ്ങനെ നടപ്പാക്കുമെന്നതിന്റെ തെളിവുകൂടിയാണ് ദോഫാർ വിന്റ് പദ്ധതിയെന്ന് വിദഗ്ധർ പറയുന്നു.
ദോഫാർ വന്റ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം അന്തരീക്ഷത്തിലേക്കുള്ള കാർബൺ ഡയോക്സൈഡ് ബഹിർഗമനം കുറക്കാൻ കഴിയുന്നുവെന്നതാണ്. ഓരോ വർഷവും പദ്ധതിയിലൂടെ 170,936 ടൺ കാർബൺ ഡയോക്സൈഡ് ബഹിർഗമനമാണ് കുറക്കുന്നത്.
ഇങ്ങനെ കർബൺഡയോക്സൈഡ് കുറക്കുന്നത് വായുവിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്തുകയും അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡ് അളവ് കുറക്കാനും സഹായിക്കും. കാറ്റാടി പദ്ധതികൾ പെട്രോളിയം ഇന്ധനങ്ങൾക്കും ഏറ്റവും നല്ല പകരക്കാരാണ്.
ഈ പദ്ധതി മറ്റു ഭാഗങ്ങളിൽകൂടി നടപ്പാക്കുക വഴി കാലാവസ്ഥ വ്യതിയാനവും അതുണ്ടാക്കുന്ന പ്രശ്നങ്ങൾ കുറക്കാനും ഇത്തരം പദ്ധതികൾക്ക് കഴിയും. ദോഫാർ വിന്റ് പവർ കൊണ്ട് പരിസ്ഥിതി രംഗത്തെ മെച്ചം മാത്രമല്ല പ്രദേശത്തെ ജനങ്ങൾക്കും ഗുണമാവുന്നുണ്ട്.
പദ്ധതിയിലൂടെ ശരാശരി 4,146 വീടുകളിലാണ് വൈദ്യുതി ലഭിക്കുന്നത്. ഇത് പ്രദേശത്തെ താമസക്കാർക്കും കാർഷിക മേഖലയിലുള്ളവർക്കും അനുഗ്രഹമാവും.
ദോഫാർ വിന്റ് പവർ പദ്ധതിയുടെ വിജയം ഈ മേഖലയിലെ നിക്ഷേപ സാധ്യത വർധിപ്പിക്കുകയാണ്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലും സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കഴിയുന്ന രീതിയിലും എങ്ങനെ പദ്ധതി നടപ്പാക്കാൻ കഴിയുമെന്നതിന്റെ മികച്ച ഉദാഹരണമാണ്. പദ്ധതി ഒമാന്റെ ഹരിത ഭാവിയും പ്രകൃതി വിഭവങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന കാര്യവുമാണ് അടിവരയിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.