മത്സ്യബന്ധന നിയമലംഘനം: നടപടി ശക്തമാക്കി അധികൃതർ
text_fieldsമസ്കത്ത്: മത്സ്യബന്ധന നിയമ ലംഘനത്തിന് നവംബറിൽ 317 കേസുകൾ രജിസ്റ്റർ ചെയ്തതായി മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതിൽ 45 വിദേശ തൊഴിലാളികൾ അറസ്റ്റിലായി. മത്സ്യബന്ധന ലൈസൻസ് ചട്ടം തെറ്റിച്ചതിന് 208 കേസുകളെടുത്തു. ബോട്ടുകൾ, എൻജിനുകൾ, വലകൾ, മറ്റ് മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ 207 ഇനങ്ങൾ പിടിച്ചെടുത്തു. ആകെ 276.7 കിലോഗ്രാം മത്സ്യം കണ്ടുകെട്ടിയതായും മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. നിരോധിത മത്സ്യബന്ധന രീതികൾ ഉപയോഗിച്ചതിനും അനധികൃത ഉപകരണങ്ങൾ കൈവശം െവച്ചതിനും 17 കേസുകളും എടുത്തു. നിരോധിത മേഖലകളിലും കാലത്തും മത്സ്യബന്ധനം നടത്തിയതിനും ഒമ്പത് കേസുകളും രജിസ്റ്റർ ചെയ്തു. അനധികൃത മത്സ്യബന്ധനത്തിനെതിരെ ശക്തമായ നടപടികളാണ് വിവിധ ഗവർണറേറ്റുകളിൽ ഫിഷറീസ് കൺട്രോൾ ടീം എടുക്കുന്നത്.
ഡിസംബർ 26ന് ദോഫാറിലെ ധൽകുട്ട് വിലായത്തിൽ നിരോധിത കാലയളവിൽ ചെമ്മീനുകൾ പിടിച്ചതിന് രണ്ടുപെരെ അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാർഡ് പൊലീസ്, ദോഫാറിലെ ഫിഷറീസ് കൺട്രോൾ ടീമുമായി സഹകരിച്ചാണ് ഇവരെ പിടികൂടുന്നത്. ചെമ്മീനുകൾ കണ്ടു കെട്ടുകയും ഇവർക്കെതിരെ നിയമ നടപടികൾ എടുക്കുകയം ചെയ്തു. 22ന് അൽ വുസ്തയിലെ ഫിഷറീസ് കൺട്രോൾ ടീം ദുകം വിലായത്തിൽനിന്ന് ലൈസൻസില്ലാത്ത മൂന്ന് മത്സ്യബന്ധന ബോട്ടുകളും അനധികൃത വലകളും പിടിച്ചെടുത്തു. 20ന് ഹലാനിയത്ത് ദ്വീപിന് സമീപം അറബിക്കടലിൽ അനധികൃത വല ഉപയോഗിച്ച് മത്സ്യബന്ധനത്തിലേർപ്പെട്ട അഞ്ച് ബോട്ടുകളും ദോഫാറിലെ ഫിഷറീസ് കൺട്രോൾ ടീം പിടികൂടി. നിരോധിത സമയങ്ങളിൽ ഹാഡ്ബീൻ തീരത്ത്നിന്ന് പിടികൂടിയ ചെമ്മീൻ കൊണ്ടുപോകുകയായിരുന്ന സ്വകാര്യവാഹനവും ദോഫാറിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾചർ ഫിഷറീസ് ആൻഡ് വാട്ടർ റിസോഴ്സസ് പിടിച്ചെടുത്തു. രാജ്യത്ത് ചെമ്മീൻ പിടിക്കുന്നതിന് ഡിസംബർ ഒന്ന് മുതൽ അടുത്തവർഷം ആഗസ്റ്റ് 31വരെ നിരോധിച്ചിട്ടുണ്ട്. ചെമ്മീനുകളുടെ പ്രജനന കാലയളവും വളർച്ചയും പരിഗണിച്ചാണ് ഡിസംബറിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.