ഒമാൻ മധ്യസ്ഥതയിൽ അഞ്ച് അമേരിക്കക്കാർക്ക് ജയിൽ മോചനം
text_fieldsമസ്കത്ത്: ഒമാൻ, ഖത്തർ, സ്വിറ്റ്സർലൻഡ് എന്നിവയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിൽ ഇറാൻ അഞ്ച് അമേരിക്കക്കാരെ ജയിലിൽനിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റി. ഇറാന്റെ മരവിച്ച കോടികളുടെ ഫണ്ട് വിട്ടുനൽകുന്നതിന് പകരമായി തടവുകാർക്ക് സ്വരാജ്യത്തേക്ക് മടങ്ങാൻ അനുവാദം ലഭിക്കുകയും ചെയ്യുന്ന നടപടികളുടെ ആദ്യപടിയാണിത്.
ഏകദേശം എട്ട് വർഷമായി തടവിൽ കഴിയുന്നയാളടക്കം വിട്ടയക്കപ്പെടുന്നവരിൽ ഉൾപ്പെടും. ദക്ഷിണ കൊറിയയിൽ അമേരിക്കൻ ഇടപെടലിൽ മരവിപ്പിച്ച ഇറാനിയൻ എണ്ണ വരുമാനത്തിൽനിന്നുള്ള 600 കോടി യു.എസ് ഡോളറാണ് മറ്റൊരു രാജ്യത്തെ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുക. അടുത്ത ഘട്ടത്തിൽ ഇത് പൂർത്തിയായ ശേഷമായിരിക്കും തടവുകാരുടെ കൈമാറ്റം പൂർത്തിയാവുക.
അമേരിക്കൻ തടവുകാർക്ക് സെപ്റ്റംബറിൽ ഇറാൻ വിടാൻ കഴിയുമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തടവുകാർ തെഹ്റാനിലെ എവിൻ ജയിലിലാണ് കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച ഇവരെ ഒരു ഹോട്ടലിലേക്കാണ് മാറ്റിയിട്ടുള്ളത്.
മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കീഴിൽ ഇറാൻ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ച യു.എസ് ഉപരോധത്തിന്റെ ഭാഗമായാണ് ദക്ഷിണ കൊറിയൻ ഫണ്ടുകൾ തടഞ്ഞുവെച്ചത്. പണം നിക്ഷേപിച്ചതിന് ശേഷം മാത്രമേ തടവുകാരെ വിട്ടയക്കുകയുള്ളൂവെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.