മാർ ഗ്രിഗോറിയോസ് മഹാ ഇടവകയിൽ പെരുന്നാളിന് കൊടിയേറി
text_fieldsമസ്കത്ത്: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ കാവൽ പിതാവും മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല തിരുമേനിയുടെ 121ാം ഓർമപ്പെരുന്നാളിന് കൊടിയേറി. അഹ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ സെന്റ് തോമസ് ചർച്ചിൽ നടന്ന വിശുദ്ധ കുർബാനക്ക് ശേഷമായിരുന്നു പെരുന്നാൾ കൊടിയേറ്റ് കർമങ്ങൾ.
സഭയുടെ പാരമ്പര്യ ആചാരാനുഷ്ഠാനങ്ങളോടെ മെത്രാപ്പോലീത്തയും വൈദികരും വിശ്വാസികളും പ്രദക്ഷിണമായെത്തി പ്രത്യേക പ്രാർഥന നടത്തിയാണ് കൊടിയേറ്റ് നിർവഹിച്ചത്. പ്രാർഥനമന്ത്രങ്ങളോടെയും ആചാരത്തിന്റെ ഭാഗമായി വെറ്റില സമർപ്പിച്ചും നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കാളികളായി. ഇടവക വികാരി ഫാ. വർഗീസ് ടിജു ഐപ്, അസോസിയറ്റ് വികാരി ഫാ. എബി ചാക്കോ, ഫാ. ഫിലിപ് തരകൻ തേവലക്കര എന്നീ വൈദികർ സഹകാർമികത്വം വഹിച്ചു.
പെരുന്നാളിനോടനുബന്ധിച്ച് ഈ മാസം 30 മുതൽ നവംബർ രണ്ടുവരെയുള്ള ദിവസങ്ങളിൽ വൈകീട്ട് ഏഴിന് സന്ധ്യനമസ്കാരം, ഗാനശുശ്രൂഷ, വചന ശുശ്രൂഷ, സമർപ്പണ പ്രാർഥന എന്നിവ നടത്തും. വചന ശുശ്രൂഷക്ക് മലങ്കര സഭയിലെ അനുഗൃഹീത പ്രഭാഷകൻ ഫാ. ഫിലിപ് തരകൻ തേവലക്കര നേതൃത്വം നൽകും. നവംബർ രണ്ടിന് വൈകീട്ട് ഭക്തിനിർഭരമായ റാസ, ശ്ലൈഹിക വാഴ്വ്, നേർച്ച വിളമ്പ്, മൂന്നിന് രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബാന, നേർച്ച വിളമ്പ്. തുടർന്ന് ഇടവക ദിനാചരണത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികളോടെ പെരുന്നാൾ ആചരണത്തിന് സമാപനം കുറിക്കും.
പെരുന്നാൾ ശുശ്രൂഷകൾക്ക് ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് തിരുമേനി മുഖ്യ കാർമികത്വം വഹിക്കും. ഇടവക വികാരിമാരും ഭരണസമിതിയും നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.