വിമാനം പുറപ്പെടാൻ താമസിക്കുന്നത് തുടർക്കഥ; മസ്കത്ത്-കോഴിക്കോട് വിമാനം വൈകിയത് ആറുമണിക്കൂർ
text_fieldsമസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ് വൈകിപ്പറക്കുന്നത് തുടരുന്നത് യാത്രക്കാർക്ക് ദുരിതം സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം ആറുമണിക്കൂർ വൈകിയാണ് യാത്ര പുറപ്പെട്ടത്. ഇത് കുട്ടികളും സ്തീകളുമടക്കമുള്ള യാത്രക്കാർക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ 2.30ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ IX 334 വിമാനം രാവിലെ 8.30 നാണ് മസ്കത്തിൽനിന്നും തിരിച്ചത്.
വിമാനം വൈകുന്നതു സംബന്ധിച്ച് മുൻകൂട്ടി ഒരുവിവരവും നൽകിയിരുന്നില്ല എന്ന് യാത്രക്കാർ പറഞ്ഞു. ബോർഡിങ് പാസ് നൽകുന്ന സമയത്ത് ഒരുമണിക്കൂർ വൈകി 3.30ന് പുറപ്പെടും എന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഇമിഗ്രേഷന്‍ നടപടികൾ പൂര്‍ത്തിയാക്കുന്നതിനുമുമ്പ് അധികൃതർ വീണ്ടുമെത്തി വിമാനം 8.30നാണ് പുറപ്പെടുകയെന്ന് അറിയിക്കുകയായിരുന്നു. കോഴിക്കോടുനിന്നുള്ള വിമാനം എത്തുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ മൂലമാണ് മസ്കത്തിൽനിന്ന് പുറപ്പെടാൻ താമസിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
വിമാനം വൈകുമെന്നറിഞ്ഞതോടെ മസ്കത്തിലും പരിസര പ്രദേശങ്ങളിലുമുള്ള യാത്രക്കാർ വീടുകളിലേക്കും മറ്റും മടങ്ങി. എന്നാൽ, ദൂരസ്ഥലങ്ങളിൽനിന്നും മറ്റുമെത്തിയവർ വിമാനത്താവളത്തിനുള്ളിൽതന്നെ കഴിയുകയായിരുന്നു. ഒരു മുന്നറിയിപ്പും നൽകാതെ എയർ ഇന്ത്യയുടെ വിമാനം തുടർച്ചയായി വൈകുന്നതിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം കൂടുതൽ ഉയർന്നുവരണമെന്നാണ് യാത്രക്കാർ പറയുന്നത്. ദിവസങ്ങൾക്ക് മുമ്പും എയർ ഇന്ത്യയുടെ വിമാനം വൈകിപ്പറന്നിരുന്നു. ഇതുമൂലം അടിയന്തരമായി നാട്ടിലേക്ക് പുറപ്പെടുന്ന യാത്രക്കാരാണ് കൂടുതൽ പ്രയാസം അനുഭവിക്കുന്നത്.
വിമാനം വൈകിയാൽ യാത്രക്കാരന്റെ അവകാശങ്ങൾ അറിയാം
യാത്രയിൽ വിമാനങ്ങളുടെ വൈകിപ്പുറപ്പെടലും, അപ്രതീക്ഷിതമായ റദ്ദാക്കലും ഉൾപ്പെടെ പ്രവാസി യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. നാലും അഞ്ചും മണിക്കൂർ വിമാനം വൈകുന്നത് സ്വാഭാവികമായ കാഴ്ചയുമാണ്. എന്നാൽ, വേഗത്തിലും സുരക്ഷിതവുമായി എത്തേണ്ട വിമാനയാത്രയിൽ അനിശ്ചിതമായ താമസമുണ്ടായാൽ ഇന്ത്യൻ വ്യോമയാന നിയമപ്രകാരം യാത്രക്കാരന് ലഭിക്കേണ്ട കുറെ അവകാശങ്ങളുണ്ട്.
യാത്രക്കാരന്റെ അവകാശങ്ങൾ
1. സൗജന്യമായി ഭക്ഷണം, റിഫ്രഷ്മെന്റ് എന്നിവ എയർലൈൻ കമ്പനി യാത്രക്കാർക്ക് നൽകണം.
2. വിമാനം ആറു മണിക്കൂറിലധികം വൈകിയാൽ മാറിയ സമയം 24 മണിക്കൂർ മുമ്പെങ്കിലും യാത്രക്കാരനെ അറിയിച്ചിരിക്കണം. ആറു മണിക്കൂറിനുള്ളിൽ ബദൽ വിമാനം നൽകുകയോ അതല്ലെങ്കിൽ ടിക്കറ്റിന്റെ മുഴുവൻ തുകയും റീഫണ്ട് ചെയ്യുകയോ വേണം. യാത്രക്കാരൻ ഇതിൽ ഏതാണോ ആവശ്യപ്പെടുന്നത്, അത് നൽകണമെന്നാണ് ചട്ടം.
3. വിമാനം 24 മണിക്കൂറിലധികം വൈകുക, അതല്ലെങ്കിൽ രാത്രി എട്ട് മണിക്കും പുലർച്ചെ മൂന്ന് മണിക്കും ഇടയിൽ പുറപ്പെടുന്ന വിമാനങ്ങൾ ആറു മണിക്കൂറിലധികം വൈകുക. അങ്ങനെയെങ്കിൽ സൗജന്യമായി ഹോട്ടൽ താമസം നൽകാൻ എയർലൈൻ ബാധ്യസ്ഥരാണ്.
4. വിമാനം റദ്ദാക്കപ്പെടുക സാഹചര്യത്തിൽ വിവരം യാത്രക്കാരനെ അറിയിക്കുന്നത് രണ്ടാഴ്ച മുതൽ 24 മണിക്കൂർ മുമ്പെങ്കിലും ആണെങ്കിൽ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് നൽകുകയോ അതല്ലെങ്കിൽ ടിക്കറ്റിന്റെ മുഴുവൻ തുകയും റീഫണ്ട് നൽകുകയോ വേണം. 24 മണിക്കൂർ മുമ്പെങ്കിലും കാൻസലേഷനെ കുറിച്ച് അറിയിക്കാൻ എയർലൈനുകൾക്കു സാധിച്ചില്ല എങ്കിൽ സമാന്തര വിമാന ടിക്കറ്റ് നൽകുകയോ അതല്ലെങ്കിൽ ഫുൾ റീഫണ്ടിനോടൊപ്പം താഴെ പറയുന്ന പ്രകാരം നഷ്ടപരിഹാരവും നൽകണം.
ഒരു മണിക്കൂർ വരെ യാത്ര സമയം ഉള്ള വിമാനങ്ങൾ-നഷ്ടപരിഹാരമായി 5000 രൂപ അല്ലെങ്കിൽ ഒരു ഭാഗത്തേക്കുള്ള ബേസിക് ഫെയറും എയർലൈൻ ഫ്യൂവൽ ചാർജ് എത്രയാണോ അതും. ഇതിൽ ഏതാണോ കുറഞ്ഞ തുക അത് നൽകണമെന്നാണ് ചട്ടം.
ഒരു മണിക്കൂർ മുതൽ രണ്ട് മണിക്കൂർ വരെ യാത്ര സമയം ഉള്ള വിമാനങ്ങൾ- നഷ്ടപരിഹാരമായി 7500 രൂപയോ അതല്ലെങ്കിൽ ഒരു ഭാഗത്തേക്കുള്ള ബേസിക് ഫെയറും എയർലൈൻ ഫ്യൂവൽ ചാർജും എത്രയാണോ അത്. ഇതിൽ ഏതാണോ കുറഞ്ഞ തുക അത് നൽകണം. രണ്ടു മണിക്കൂറിലധികം യാത്ര സമയം ഉള്ള വിമാനങ്ങൾ- നഷ്ടപരിഹാരമായി 10,000 രൂപയോ അതല്ലെങ്കിൽ ഒരു ഭാഗത്തേക്കുള്ള ബേസിക് ഫെയറും എയർലൈൻ ഫ്യൂവൽ ചാർജ് എത്രയാണോ അതും. ഇതിൽ ഏതാണോ കുറഞ്ഞ തുക അത് നൽകണം.
പരാതിപ്പെടാൻ എയർ സേവ
വിമാനയാത്രയുമായി ബന്ധപ്പെട്ട പരാതികൾ ബോധിപ്പിക്കാനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലെ സംവിധാനമാണ് എയർ സേവ. എയർ സേവ ആപ്ലിക്കേഷൻ വഴിയോ, വെബ്സൈറ്റ് വഴിയോ, പി.എൻ.ആർ നമ്പർ സഹിതം ‘എയർ സേവ’യിൽ പരാതി നൽകാം. പ്രീ ട്രാവൽ, യാത്രക്കിടയിൽ, യാത്രക്കുശേഷം എന്നീ ഓപ്ഷനുകളിൽ എയർലൈൻ, എയർപോർട്ട്, കസ്റ്റംസ്, ഡി.ജി.സി, ഇമിഗ്രേഷൻ തുടങ്ങിയ വിഭാഗങ്ങളുമായെല്ലാം ബന്ധപ്പെട്ട് പരാതി നൽകാൻ കഴിയും.
വിമാനം റദ്ദാക്കൽ, കാൻസൽ ചെയ്യൽ, വൈകി പുറപ്പെടൽ എന്നീ സാഹചര്യങ്ങളിൽ നിയമാനുസൃത നഷ്ടപരിഹാരം ലഭിക്കാൻ പരാതി ബോധിപ്പിക്കാവുന്നതാണ്.
തയാറാക്കിയത്-
അഡ്വ. ഇ.ടി. അബ്ദുൽ ഹസീബ്
(അഭിഭാഷകനും ഹൈദരാബാദ്
നാഷനൽ ലോ യൂനിവേഴ്സിറ്റി (NALSAR) എം.എ ഏവിയേഷൻ
ലോ വിദ്യാർഥിയുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.