വിമാനങ്ങളുടെ വൈകൽ; തീരാദുരിതത്തിൽ യാത്രക്കാർ
text_fieldsമസ്കത്ത്: യാത്രക്കാരെ ദുരിതത്തിലാക്കി വിമാനങ്ങൾ വൈകുന്നത് തുടർക്കഥയാകുന്നു. എയർ ഇന്ത്യയുടെ വിമാന സർവിസുകളാണ് മിക്കപ്പോഴും യാത്രക്കാർക്ക് ദുരിതയാത്ര സമ്മാനിക്കുന്നത്. ശനിയാഴ്ച മസ്കത്തിൽ നിന്ന് കണ്ണൂരിലേക്ക് വൈകുന്നേരം ഏഴ് മണിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 12മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. നേരത്തെ യാത്രക്കാർക്ക് സമയമാറ്റം സംബന്ധിച്ച് മെയിൽ അറിയിപ്പ് വന്നിരുന്നു.
എന്നാൽ, ആദ്യ അറിയിപ്പിൽ 12 മണിക്ക് പുറപ്പെടുമെന്ന് പറഞ്ഞിരുന്നത് വീണ്ടും മാറ്റി 2.25 ആക്കിയതോടെ പലർക്കും പ്രയാസകരമായി. സാങ്കേതിക തടസ്സങ്ങളാണ് സമയമാറ്റത്തിന് കാരണമെന്നാണ് അധികൃതർ വിശദീകരിച്ചത്. എന്നാൽ, ബോഡിങ്പാസ് എടുത്ത ശേഷം രാവിലെ 6.45ന് മാത്രമേ വിമാനം പുറപ്പെടുകയുള്ളൂ എന്ന അറിയിപ്പ് ലഭിച്ചുവെന്ന് മത്രയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരന് സഗീര്‍ പള്ളിപ്രം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. രാവിലെ പിന്നെയും അരമണിക്കൂർ വൈകി 7.15നാണ് വിമാനം പുറപ്പെട്ടത്.
യാത്രക്കാരില്‍ ചിലര്‍ ബഹളം വെച്ചതിനെ തുടർന്ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഏതാനും പേര്‍ക്ക് എയര്‍പോർട്ടിനകത്ത് വിശ്രമ സൗകര്യം ലഭിച്ചത് ഒഴിച്ചാല്‍ ബാക്കിയുള്ളവര്‍ക്ക് ഒരു സഹായവും ലഭിച്ചില്ലെന്ന് സഗീര്‍ പറയുന്നു. രാത്രി ഒരു നേരം ഭക്ഷണം നല്‍കിയെങ്കിലും രാവിലെ ഭക്ഷണമോ മറ്റു സൗകര്യങ്ങളോ നല്കാത്തതിനാല് ജലപാനം പോലുമില്ലാതെ അക്ഷരാർഥത്തില്‍ ദുരിതം പേറിയാണ് നാട്ടിലെത്തിയതെന്ന് മറ്റൊരു യാത്രക്കാരനായ മനോജ് പറഞ്ഞു.
അതിനിടെ ശനിയാഴ്ച കണ്ണൂരിൽനിന്ന് മസ്കത്തിലേക്ക് പുറപ്പെടേണ്ട വിമാനവും മണിക്കൂറുകൾ വൈകി. വൈകീട്ട് നാലിന് പുറപ്പെടേണ്ട വിമാനം 12 മണിക്കൂറോളമാണ് വൈകിയത്. വിമാനം വൈകുമെന്ന് രാവിലെ മുതൽ അറിയിപ്പ് വന്നുകൊണ്ടിരുന്നതായി യാത്രക്കാർ പറയുന്നു.
11.25ന് പുറപ്പെടുമെന്ന അറിയിപ്പാണ് ലഭിച്ചിരുന്നത്. എന്നാൽ, ഈ സമയത്ത് വിമാനം പുറപ്പെട്ടില്ല. തുടർന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പ്രയാസത്തിലായതോടെ യാത്രക്കാർ ബഹളം വെക്കുന്ന സാഹചര്യവുമുണ്ടായി. പിന്നീട് പുലർച്ച നാലിന് തിരുച്ചിറപള്ളിയിൽ നിന്ന് വന്ന വിമാനം മസ്കത്തിലേക്ക് തിരിച്ചുവിട്ട് യാത്രക്ക് സൗകര്യമൊരുക്കുകയായിരുന്നുവെന്ന് ഒരു യാത്രക്കാരൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ശനിയാഴ്ച രാത്രിയോടെ ഒമാനിൽ എത്തേണ്ട യാത്രക്കാർ ഞായറാഴ്ച രാവിലെ ആറിനാണ് മസ്കത്ത് വിമാനത്താവളത്തിൽ എത്തിയത്. ജൂലൈ 31ന് ഉച്ചക്ക് പുറപ്പെടേണ്ട എയർഇന്ത്യ എക്സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ വൈകിയിരുന്നു. ഉച്ചക്ക് പുറപ്പെടേണ്ട വിമാനം രാത്രി ഒരു മണിക്കാണ് പുറപ്പെട്ടത്. ഇത് കാരണം സ്ത്രീകളും കുട്ടികളും രോഗികളും അടങ്ങുന്ന യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്തു.
യാത്രയുടെ അവസാന നിമിഷത്തിൽ അനിശ്ചിതമായി വിമാനങ്ങൾ വൈകുന്നത് തുടർക്കഥയാകുന്നതിൽ യാത്രക്കാരിൽ വലിയ പ്രതിഷേധമാണുള്ളത്. കമ്പനികൾ ബദൽ സംവിധാനങ്ങൾ കൃത്യമായി ഒരുക്കാത്തത് രോഗികൾക്കും കുട്ടികൾക്കും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
മരണം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ നാട്ടിൽ പോകുന്നവരും വലിയ ദുരിതത്തിലാകുന്നുണ്ട്. എയർഇന്ത്യയിൽ വലിയ പരിഷ്കരണങ്ങൾ നടക്കുമ്പോഴും മികച്ച സേവനങ്ങൾ ഉറപ്പുവരുത്താൻ സാധിക്കാത്തത് നിരാശജനകമാണെന്ന് പ്രവാസികൾ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.