അന്താരാഷ്ട്ര വിമാന സർവിസുകൾ ഉടൻ പുനരാരംഭിക്കില്ല –മന്ത്രി
text_fieldsമസ്കത്ത്: ഒമാനിൽനിന്നുള്ള അന്താരാഷ്ട്ര വിമാന സർവിസുകൾ ഉടൻ പുനരാരംഭിക്കാൻ പദ്ധതിയില്ലെന്ന് ഗതാഗത മന്ത്രി ഡോ. അഹ്മദ് അൽ ഫുതൈസി. ആദ്യം ആഭ്യന്തര വിമാന സർവിസുകളാകും ആരംഭിക്കുക. പിന്നീടാണ് അന്താരാഷ്ട്ര സർവിസുകൾ തുടങ്ങുക. ഇതിന് പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും സുപ്രീം കമ്മിറ്റിയുടെ വാർത്ത സമ്മേളനത്തിൽ സംസാരിക്കവേ ഡോ. അൽ ഫുതൈസി പറഞ്ഞു.കോവിഡ് മഹാമാരി ആഗോളതലത്തിൽ നേരിട്ടും കാര്യമായും ബാധിച്ചത് വ്യോമയാന മേഖലയെയാണ്. ടൂറിസം, ഏവിയേഷൻ അനുബന്ധ സമ്മേളനങ്ങൾ തുടങ്ങിയ മേഖലകളിൽ നേരിട്ടല്ലാത്ത ആഘാതവുമുണ്ടായി. വിമാന സർവിസുകൾ പുനരാരംഭിക്കുന്നതിനുമുമ്പ് ഒമാൻ എയറിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. രാജ്യത്തെ വ്യോമയാന മേഖലയുടെ ചെലവ് 43 ശതമാനം കുറക്കാൻ ശ്രമം സർക്കാർ നടത്തിവരുകയാണ്. മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് വ്യോമയാന മേഖല എത്താൻ നാലുവർഷം വരെ സമയമെടുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. രാജ്യത്തെ പൊതുഗതാഗത സംവിധാനം പുതിയ നിയമങ്ങളോടെ ക്രമേണ പുനഃസ്ഥാപിക്കുമെന്നും ഫുതൈസി കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച 327 പേർക്ക് കൂടി കോവിഡ് കണ്ടെത്തിയതായി വാർത്ത സമ്മേളനത്തിൽ സംസാരിച്ച ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ സഇൗദി പറഞ്ഞു. രോഗബാധയിൽ ഉയർച്ചയുണ്ടെങ്കിലും രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്താൻ പദ്ധതിയില്ല. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണം ഉയർന്ന തോതിൽ അല്ലാത്തതിനാൽ കർഫ്യൂവിെൻറയോ രാജ്യവ്യാപക ലോക്ഡൗണിെൻറയോ ആവശ്യമില്ലെന്നാണ് വിലയിരുത്തൽ. കർഫ്യൂ ഏർപ്പെടുത്തിയ രാജ്യങ്ങളിലെ സ്ഥിതിഗതികൾ പഠന വിധേയമാക്കിയതിൽ രോഗവ്യാപനം തടയാൻ ഇതുകൊണ്ട് കാര്യമായ പ്രയോജനമില്ലെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ റോയൽ ഒമാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 122 പേരാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. ഇതിൽ 32 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. ഇതുവരെ 30 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ടവരിൽ കൂടുതലും വിദേശികളാണ്. രോഗലക്ഷണങ്ങൾ ഉണ്ടായിട്ടും ആരോഗ്യസ്ഥാപനങ്ങളെ സമീപിച്ച് ചികിത്സ തേടാൻ വൈകുന്നതാണ് വിദേശികളുടെ മരണം കൂടാൻ കാരണമെന്ന് മന്ത്രി പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ പത്തുദിവസത്തിലധികം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സിക്കേണ്ടി വരുന്നുണ്ട്.
രാജ്യത്ത് വിദഗ്ധരായ മെഡിക്കൽ ജീവനക്കാരുടെ ക്ഷാമം ഉണ്ടെന്നും അൽ സഇൗദി കൂട്ടിച്ചേർത്തു. കോവിഡ് രോഗികൾക്ക് പ്ലാസ്മ ചികിത്സ നൽകുന്നത് തുടരുന്നുണ്ട്. ബുധനാഴ്ച വരെ 25 പേർക്കാണ് പ്ലാസ്മ ചികിത്സ നൽകിയത്. ഇതിൽ 18 പേരുടെ നില ഭേദപ്പെട്ടു. രോഗം ഭേദമായവർ പ്ലാസ്മ നൽകാൻ മുന്നോട്ടുവരണമെന്നും അൽ സഇൗദി അഭ്യർഥിച്ചു. രാജ്യത്ത് രോഗബാധ ഇനിയും പാരമ്യതയിൽ എത്തിയിട്ടില്ല. നിലവിലെ സാഹചര്യങ്ങൾ ചിലപ്പോൾ ദീർഘനാൾ തുടർന്നേക്കാം. അതിനാൽ, സാഹചര്യങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്നതാകും നല്ല രീതി. രോഗഭീഷണി ഒഴിയാത്ത സാഹചര്യത്തിൽ ആരോഗ്യ മുന്നറിയിപ്പുകൾ പാലിക്കണമെന്നും പ്രതിരോധ നടപടികളിൽ ശ്രദ്ധ പുലർത്തണെമന്നും ആരോഗ്യമന്ത്രി ഉണർത്തി. ഒമാനികൾക്കിടയിൽ രോഗബാധ വർധിച്ചുവരുന്നുണ്ട്.
സാമൂഹിക അകലം പാലിക്കാനുള്ള വിമുഖതയാണ് ഇതിന് കാരണം. ഒരാളുമായി രണ്ടു മീറ്റർ ശാരീരിക അകലം പാലിക്കാൻ കഴിഞ്ഞാൽ മുഖാവരണങ്ങൾ ധരിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
സുപ്രീം കമ്മിറ്റി യോഗം ചെറിയ പെരുന്നാളിന് ശേഷം
മസ്കത്ത്: സുപ്രീം കമ്മിറ്റിയുടെ അടുത്ത യോഗം ചെറിയ പെരുന്നാളിന് ശേഷമുള്ള അടുത്ത പ്രവർത്തി ദിനത്തിൽ നടക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി പറഞ്ഞു. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് എന്ന് ജോലിക്ക് തിരികെയെത്താൻ സാധിക്കുമെന്നതടക്കം കാര്യങ്ങൾ യോഗത്തിൽ തീരുമാനിക്കും. ഖരീഫ് കാലത്ത് ദോഫാറിലേക്കുള്ള സഞ്ചാരി പ്രവാഹം സംബന്ധിച്ച തീരുമാനവും യോഗത്തിൽ കൈകൊള്ളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.